| Thursday, 5th February 2026, 11:19 am

രോഗികളോട് പെരുമാറാനറിയാത്ത ഡോക്ടര്‍, സര്‍വ്വം മായയിലെ ഏറ്റവും മോശം സീന്‍, പോസ്റ്റിന് മറുപടിയുമായി സിനിമാപ്രേമികള്‍

അമര്‍നാഥ് എം.

ഒ.ടി.ടി റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയ മുഴുവന്‍ സര്‍വ്വം മായ നിറഞ്ഞുനില്‍ക്കുകയാണ്. അഖില്‍ സത്യന്‍ ഒരുക്കിയ ഫീല്‍ ഗുഡ് ഹൊറര്‍ ചിത്രത്തിന് ഒ.ടി.ടിയിലും മികച്ച വരവേല്പാണ് ലഭിക്കുന്നത്. നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം ഈയടുത്ത് എല്ലാതരം പ്രേക്ഷകരുടെയും ഇഷ്ടം സ്വന്തമാക്കി.

എന്നാല്‍ ചിത്രത്തിലെ ചില രംഗങ്ങളെ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിന്നുണ്ട്. അത്തരത്തിലൊരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. നിവിന്‍ പോളി അവതരിപ്പിച്ച പ്രഭേന്ദു എന്ന കഥാപാത്രം സൈക്ക്യാട്രിസ്റ്റ് റാഹേലിനെ കാണാനെത്തുന്ന രംഗത്തെക്കുറിച്ചാണ് പോസ്റ്റ്. അല്‍ഫോണ്‍സ് പുത്രനാണ് റാഹേല് ഡോക്ടറായി വേഷമിട്ടത്.

സര്‍വ്വം മായ Photo: Jio Hotstar

പ്രഭേന്ദുവിനെ കണ്ടതും തേങ്ങ പൂളുന്ന റാഹേല്‍ ആദ്യം ചോദിക്കുന്നത്. ‘ബൈപോളാറാണോ’ എന്നാണ്. അല്ലെന്ന മറുപടിക്ക് പിന്നാല ആങ്‌സൈറ്റിയാണോ എന്നും ചോദിക്കുന്നുണ്ട്. അല്ലെന്ന് പ്രഭേന്ദു പറയുമ്പോള്‍ ‘പിന്നെന്ത് തേങ്ങയാണ്’ എന്നാണ് റാഹേല്‍ ഡോക്ടര്‍ ചോദിക്കുന്നത്. ചിത്രത്തിലെ ഏറ്റവും മോശം രംഗമാണിതെന്ന് സിജിന്‍ വിജയന്‍ എന്നയാള്‍ ഫേസ്ബുക്കില്‍ അഭിപ്രായപ്പെട്ടു.

നല്ലൊരു കഥാപാത്രമായാണ് റാഹേല്‍ ഡോക്ടറിനെ സര്‍വ്വം മായയില്‍ ചിത്രീകരിച്ചിട്ടുള്ളതെന്നും എന്നാല്‍ ഈ ഡയലോഗ് ഒന്നാംതരം വൃത്തികേടാണെന്നും സിജിന്‍ അഭിപ്രായപ്പെട്ടു. രോഗിയുടെ പ്രൈവസി എന്നത് പ്രധാനമാണെന്നും ഈയൊരു സീനില്‍ ഡോക്ടര്‍ അതിന് പ്രാധാന്യം കൊടുക്കുന്നില്ലെന്നും പോസ്റ്റില്‍ പറയുന്നു.

സര്‍വ്വം മായ Photo: Jio Hotstar

മെന്റല്‍ ഇഷ്യൂസ് എന്ന് പറഞ്ഞാല്‍ ബൈപോളാറും ആങ്‌സൈറ്റിയും മാത്രമല്ലെന്നും സ്വയം ഡയഗ്നോസ് ചെയ്തിട്ടാണ് എല്ലാവരും സൈക്ക്യാട്രിസ്റ്റിനെ കാണാനെത്തുന്നതെന്നുമാണ് ഈ സീന്‍ വരച്ചുകാട്ടുന്നതെന്നും സിജിന്‍ കൂട്ടിച്ചേര്‍ത്തു. ബൈപോളാര്‍, ആങ്‌സൈറ്റി, ബോര്‍ഡര്‍ലൈന്‍, ഡിപ്രഷന്‍ എന്നീ രോഗങ്ങളില്‍ ഒട്ടും കോമഡിയില്ലെന്നും സിനിമയെ സിനിമയായി കാണണമെന്ന് ആവശ്യപ്പെടരുതെന്നും പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

എന്നാല്‍ പോസ്റ്റിന് മറുപടിയുമായി ഒരുകൂട്ടം സിനിമാപ്രേമികള്‍ കമന്റ് ബോക്‌സില്‍ രംഗത്തെത്തി. ഒരു ഫീല്‍ഗുഡ് ചിത്രത്തില്‍ ഇത്തരം നിബന്ധനകള്‍ വേണമെന്ന് നിര്‍ബന്ധം പിടിക്കരുതെന്നും ഏത് കാര്യത്തെയും ശാന്തമായും കൂളായും കൈകാര്യം ചെയ്യുന്ന ഡോക്ടര്‍മാരുടെ പ്രതിനിധിയാണ് റാഹേല്‍ ഡോക്ടറെന്നാണ് പ്രധാന കമന്റ്.

സര്‍വ്വം മായ Photo: Jio Hotstar

‘നാളെ മുതല്‍ ഇത്തരം സീനുകള്‍ വരുമ്പോള്‍ നിംഹാന്‍സില്‍ നിന്ന് നേരിട്ട് ഡോക്ടര്‍മാരെ വിളിപ്പിക്കാം’, ‘കൊപ്ര നന്നാക്കുന്ന അമ്മച്ചിയോട് ബ്രേക്കിങ് ബാഡിന്റെ കഥ പറയുന്ന കോമിക് കഥാപാത്രമാണ് ആ ഡോക്ടര്‍. അങ്ങനെ ചിന്തിച്ചാല്‍ പ്രശ്‌നം തീരില്ലേ’, ‘എല്ലാ പടത്തിലും സീ മിസ്റ്റര്‍ എന്ന് പറയുന്ന സ്ഥിരം സൈക്ക്യാട്രിസ്റ്റ് വന്നിരുന്നെങ്കില്‍ നന്നായേനെ അല്ലേ’ എന്നിങ്ങനെയാണ് മറ്റ് കമന്റുകള്‍.

Content Highlight: Criticism post about Alphonse Puthren’s scene in Saravm Maya viral

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more