| Wednesday, 18th March 2026, 2:00 pm

പാലക്കാട്ടുകാരെ അപമാനിക്കാന്‍ വേണ്ടിയാണോ ഈ പടം എടുത്തത്, ഒ.ടി.ടി റിലീസിന് ശേഷം വിമര്‍ശനം നേരിട്ട് പെണ്ണും പൊറാട്ടും

അമര്‍നാഥ് എം.

ഈ വര്‍ഷത്തെ മികച്ച സിനിമകളിലൊന്നാണെന്ന് നിരൂപകര്‍ ഒരുപോലെ അഭിപ്രായപ്പെട്ട ചിത്രമായിരുന്നു പെണ്ണും പൊറാട്ടും. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത രാജേഷ് മാധവന്‍ ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ചിത്രമായിരുന്നു ഇത്. നൂറിലധികം പുതുമുഖങ്ങളും നാനൂറിലധികം മൃഗങ്ങളെയും അണിനിരത്തിയാണ് പെണ്ണും പൊറാട്ടും ഒരുക്കിയത്.

പട്ടട എന്ന സാങ്കല്പിക ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. പട്ടടയിലെ ഒരു വീട്ടില്‍ വളര്‍ത്തുന്ന പട്ടി ചങ്ങല പൊട്ടിച്ച് ഓടുന്നതും ഗ്രാമം മുഴുവന്‍ അതിനെ പിടിക്കാന്‍ ശ്രമിക്കുന്നതുമെല്ലാം കഥയില്‍ പറഞ്ഞുപോകുന്നുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടിനെയെല്ലാം ചിത്രം ഓര്‍മിപ്പിക്കുന്നുണ്ടെങ്കിലും കഥാപാത്രങ്ങളുടെ പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

എന്നാല്‍ ചിത്രത്തിലെ ഒരു രംഗത്തെ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സുലോചന എന്ന കഥാപാത്രം സുമതിയുടെ വീട്ടിലെ ചടങ്ങിന് ചെന്ന് ഭക്ഷണം കഴിച്ച ശേഷം വീട്ടുകാരുമായി തര്‍ക്കിക്കുന്ന രംഗമുണ്ട്. ചടങ്ങിന് സുലോചന കൊടുത്ത പൈസ കുറഞ്ഞുപോയെന്ന് പറഞ്ഞാണ് ഇരുവരും തമ്മില്‍ തര്‍ക്കമാകുന്നത്.

തര്‍ക്കത്തിനൊടുവില്‍ സുമതിയുടെ വീട്ടുമുറ്റത്ത് സുലോചന വായില്‍ വിരലിട്ട് കഴിച്ചതുമുഴുവന്‍ ഛര്‍ദ്ദിച്ച് കളയുന്നുണ്ട്. ഈ രംഗം വളരെ അരോചകമായി തോന്നുന്നുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഒരിടത്തും ഇങ്ങനെയൊരു കാര്യം നടക്കില്ലെന്നും സംവിധായകന്‍ എന്ത് ഉദ്ദേശിച്ചാണ് ഈ സീന്‍ ചെയ്തതെന്നും ചോദ്യങ്ങളുണ്ട്.

പാലക്കാട് നടക്കുന്ന കഥയായിട്ടാണ് പെണ്ണും പൊറാട്ടിനെ കാണിക്കുന്നത്. പാലക്കാട് ഒരിക്കലും ഇങ്ങനെയൊരു സംഭവം നടക്കില്ലെന്നും പാലക്കാട്ടുകാരെ അപമാനിക്കാനാണോ ഈ സീന്‍ എടുത്തതെന്നും ചിലര്‍ ചോദിക്കുന്നു. തിയേറ്ററില്‍ തന്നെ ഈ രംഗം കണ്ടിരിക്കാന്‍ പറ്റിയില്ലെന്നും പോസ്റ്റിന് താഴെ പലരും കമന്റ് പങ്കുവെച്ചു.

ചടങ്ങിന് കവറിലിട്ട് നല്‍കുന്ന പൈസ അവിടെവെച്ച് തന്നെ എണ്ണിനോക്കുന്ന പതിവ് എവിടെയും കണ്ടിട്ടില്ലെന്നും സംവിധായകന്റെ ഭാവനയാണോ ഇതെന്നും ചിലര്‍ ചോദിക്കുന്നു. റിയലിസ്റ്റിക്കാണെന്ന് കാണിക്കാന്‍ വേണ്ടിയാണോ ഛര്‍ദ്ദിക്കുന്ന സീനെല്ലാം അതുപോലെ ഷൂട്ട് ചെയ്തതന്നും ചോദ്യങ്ങളുണ്ട്. എന്നാല്‍ രാജേഷ് മാധവനെ അനുകൂലിച്ചും കമന്റുകളുണ്ട്.

ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് തല്ലുണ്ടാക്കാനും കൊല്ലാനും നടക്കുന്ന ആളുകളായിട്ടാണ് പട്ടട ഗ്രാമത്തിലെ ജനങ്ങളെ സംവിധായകന്‍ ചിത്രീകരിച്ചതെന്നും അതിന് കൂടുതല്‍ ന്യായീകരണം നല്‍കാനാണ് ഇത്തരമൊരു സീനെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. കഥാപാത്രങ്ങളോട് വെറുപ്പ് തോന്നാന്‍ വേണ്ടി സംവിധായകന്‍ മനപൂര്‍വം ചേര്‍ത്ത സീനുകളാണിതെന്നും കമന്റുകളുണ്ട്.

Content Highlight: Criticism post about a scene in Pennum Porattum movie viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more