| Friday, 15th August 2025, 4:37 pm

ചോരകൊണ്ട് തിലകം, തിയേറ്ററിനകത്ത് പന്തവും പടക്കവും; ജൂനിയര്‍ എന്‍.ടി.ആര്‍ ആരാധകര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജൂനിയര്‍ എന്‍.ടി.ആറും ഹൃതിക് റോഷനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഇന്നലെ (വ്യാഴം) തിയേറ്ററുകളിലെത്തിയ ചിത്രമാണ് വാര്‍ 2. വമ്പന്‍ ബഡ്ജറ്റില്‍ പാന്‍ ഇന്ത്യന്‍ ലെവലിലെത്തിയ ചിത്രം സംവിധാനം ചെയ്തത് അയാന്‍ മുഖര്‍ജിയാണ്. ജൂനിയര്‍ എന്‍.ടി.ആറിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് വാര്‍ 2.

ചിത്രം ഇന്നലെ തിയേറ്ററുകളിലെത്തിയപ്പോള്‍ വന്‍ വരവേല്‍പ്പാണ് ജൂനിയര്‍ എന്‍.ടി.ആര്‍ ആരാധകര്‍ തങ്ങളുടെ പ്രിയതാരത്തിനായി ഒരുക്കിവെച്ചത്. ചോരകൊണ്ട് തിലകം ചാര്‍ത്തിയും തിയേറ്ററില്‍ തീപ്പന്തം കൊളുത്തിയും പടക്കം പൊട്ടിച്ചും ആര്‍പ്പുവിളിച്ചും ഡാന്‍സ് കളിച്ചുമെല്ലാമാണ് ജൂനിയര്‍ എന്‍.ടി.ആറിന്റെ ഇന്‍ട്രോ സീന്‍ ആഘോഷമാക്കിയത്. ഇതിന്റെയെല്ലാം വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ ആരാധകരുടെ ഈ അമിത സ്‌നേഹം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനത്തിനുമാണ് വഴിവെച്ചിരിക്കുന്നത്.

വാര്‍ 2 പ്രദര്‍ശിപ്പിച്ച ഒരു തിയേറ്ററില്‍ ജൂനിയര്‍ എന്‍.ടി.ആറിന്റെ ഇന്‍ട്രോയ്ക്ക് ആരാധകര്‍ പന്തം കൊളുത്തിയപ്പോള്‍ സ്‌ക്രീനിലേക്ക് തീ പടര്‍ന്നിരുന്നു. ആരാധകരുടെ ഈ പ്രവര്‍ത്തിയെ ബുദ്ധിശൂന്യത എന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്. ആരാധന അതിരുകടന്നാല്‍ എന്താണ് സംഭവിക്കുക എന്നതിന്റെ ഉത്തമ ഉദാഹരണമാണ് വാര്‍ 2 വിലൂടെ കണ്ടതെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

വാര്‍ 2

2019ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായ വാറിന്റെ തുടര്‍ച്ചയാണ് വാര്‍ 2 ഒരുക്കിയിരിക്കുന്നത്. ആദ്യ ഭാഗം സിദ്ധാര്‍ത്ഥ് ആനന്ദ് ആണ് സംവിധാനം ചെയ്തത്. ഹൃത്വിക് കബീര്‍ ആയി വേഷമിട്ട ചിത്രത്തില്‍ ടൈഗര്‍ ഷ്രോഫ്, വാണി കപൂര്‍ എന്നിവരായിരുന്നു മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. രണ്ടാം ഭാഗത്തിലും ഹൃത്വിക് കബീറായി തന്നെയാണ് എത്തുന്നത്. വിക്രം എന്ന കഥാപാത്രത്തെയാണ് ജൂനിയര്‍ എന്‍.ടി.ആര്‍ അവതരിപ്പിക്കുന്നത്. ആദ്യ ദിവസം 52.5 കോടി കളക്ഷന്‍ നേടാന്‍ ചിത്രത്തിനായി.

Content Highlight: Criticism on social media against Jr. NTR fans

We use cookies to give you the best possible experience. Learn more