കൊല്ലം: കൊല്ലം തേവലക്കരയിലെ സ്‌കൂളില്‍വെച്ച് ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയുടെ ശവസംസ്‌കാരച്ചടങ്ങുമായി ബന്ധപ്പെട്ട ന്യൂസ് റിപ്പോര്‍ട്ടിങ്ങില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം. മരിച്ച മിഥുന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്കായി അമ്മ വിദേശത്ത് നിന്നെത്തിയപ്പോള്‍ അവരെ എയര്‍പോര്‍ട്ട് മുതല്‍ വിടാതെ പിന്തുടരുന്ന മാധ്യമനടപടിക്കെതിരെയാണ് വിമര്‍ശനം.
ഒന്നുറക്കെ കരയാനോ മകന്റെ അടുത്തേക്ക് പോകാന്‍ വാഹനത്തില്‍ കയറാനോ അവരെ സമ്മതിക്കാതെ വിടാതെ പിന്തുടരുകയായിരുന്നു മാധ്യമങ്ങള്‍. ഇന്ന് രാവിലെ മുതല്‍ മലയാളത്തിലെ എല്ലാ ന്യൂസ് ചാനലുകളിലും മിഥുന്റെ അമ്മയുടെ എയര്‍പോര്‍ട്ടിലേക്കുള്ള വരവും വീട്ടിലേക്കുള്ള യാത്രയുമൊക്കെയായിരുന്നു ചര്‍ച്ചാ വിഷയം
എഴുത്തുകാരിയായ ഹണി ഭാസ്‌ക്കറുള്‍പ്പെടെയുള്ളവര്‍ മലയാള മാധ്യമങ്ങളുടെ ഈ നടപടിയെ വിമര്‍ശിച്ചുകൊണ്ട് സമൂഹമാധ്യങ്ങളില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു.
രാവിലെ തന്നെ ഹൃദയം നുറുങ്ങി പോകുന്ന ഒരു കാഴ്ച്ചയാണ് ന്യൂസില്‍ കണ്ടതെന്നും ചേതനയെറ്റ മകനെ അവസാനമായി കാണാനെത്തിയ ആ അമ്മയെ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ തന്നെ കടന്നല്‍ക്കൂട്ടം പോലെ വളയുകയാണ് മാധ്യമ പ്രവര്‍ത്തകരെന്ന് ഹണി ഭാസ്‌കര്‍ ചൂണ്ടിക്കാട്ടി.
പുറത്തേക്കു ഇറങ്ങുമ്പോള്‍ തന്നെ രണ്ട് സ്ത്രീകളുടെ തോളിലേക്ക് അവര്‍ ആര്‍ത്തലച്ചു കരഞ്ഞു തളര്‍ന്നു വീഴുന്നുണ്ട്. പൊലീസുകാര്‍ ചുറ്റും ഉണ്ടായിട്ടും താങ്ങി എടുത്തോണ്ട് നടക്കുന്നതിനിടയിലേക്ക് ക്യാമറയും കോലുമായി ചെന്ന് മാധ്യമ പ്രവര്‍ത്തകര്‍ നടക്കാന്‍ പോലും അവരെ സമ്മതിക്കുന്നില്ല. ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിങ്ങിപ്പൊട്ടിയ മിഥുന്റെ അച്ഛനോടും ഇതേ സമീപനമാണ് മാധ്യമപ്രവ്രര്‍ത്തകര്‍ സ്വീകരിച്ചത്.
ഇന്നലെ കുട്ടിയുടെ അച്ഛന്റെ വായിലേക്ക് മൈക്ക് തിരുകുമ്പോള്‍ അദ്ദേഹം പൊട്ടിക്കരഞ്ഞു അടുത്ത് നില്‍ക്കുന്നവന്റെ തോളില്‍ വീണ് കൊണ്ടു പറയുന്നുണ്ട്. ‘സ്‌കൂളിലേക്ക് യാത്ര പറഞ്ഞു പോയ കുഞ്ഞാണ്. പിന്നെ കാണുന്നത് ഇങ്ങനെയാണ്. എനിക്ക് വേറൊന്നും അറിയാന്‍ പാടില്ലായെന്ന്.
സത്യത്തില്‍ ഈ രംഗങ്ങള്‍ ഷൂട്ട് ചെയ്തില്ലെങ്കില്‍ ഉണ്ടാകാവുന്ന പ്രശ്‌നം എന്താണെന്നും ഹണി ഭാസ്‌കര്‍ ചോദിക്കുന്നുണ്ട്. നിങ്ങള്‍ക്കല്ലാതെ ആര്‍ക്കാണ് അവരുടെ കണ്ണീരും തളര്‍ച്ചയും കാണേണ്ടത്? അവരുടെ വായില്‍ കോലിട്ട് കുത്തിയിട്ട് എന്തു വാര്‍ത്തയാണ് നിങ്ങള്‍ക്ക് കിട്ടാന്‍ ഉള്ളതെന്നും അവര്‍ ചോദിച്ചു.
മനുഷ്യനാണ് എന്നതിന്റെ ചെറിയ ലക്ഷണം എങ്കിലും ഇതുപോലെയുള്ള അവസരങ്ങളില്‍ കാണിക്കാന്‍ പഠിക്കണം. മരണം ഒരുനാള്‍ ഓര്‍ക്കാപ്പുറത്ത് ഇതുപോലെ നിങ്ങളുടെ കുടുംബത്തിലേക്കും കയറി വന്നേക്കാം.
അപ്പോഴും ഇതുപോലെ സ്വയം ആഘോഷിക്കാന്‍ നിങ്ങള്‍ക്കും പറ്റണം. മനസാക്ഷി മരക്കൊമ്പില്‍ തൂക്കിയിട്ട് ജഡങ്ങളായി പണിയെടുക്കുന്ന മാധ്യമ പ്രവര്‍ത്തകരാകരുത്, മോശമാണ് ഇതൊക്കെ, വളരെ വളരെ മോശം എന്ന് പറഞ്ഞാണ് അവര്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
Content Highlight: Criticism of media reporting on Mithun’s death