| Wednesday, 22nd October 2025, 1:57 pm

ബൈസണിൻ്റെ വിജയത്തിലും സ്റ്റാർ കിഡ് എന്ന വിമർശനം; അം​ഗീകരിക്കുന്നുവെന്നും ജോലി തുടരുമെന്നും ധ്രുവ് വിക്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാരി സെൽവരാജ് രചനയും സംവിധാനം നിർവഹിച്ച ബൈസൺ ഒക്‌ടോബർ 17ന് ദീപാവലി റിലീസായിട്ടാണ് തിയേറ്ററുകളിൽ എത്തിയത്.

ധ്രുവ് വിക്രം പ്രധാനവേഷത്തിലെത്തിയ ചിത്രത്തിൽ പശുപതി, രജിഷ വിജയൻ, അനുപമ പരമേശ്വരൻ തുടങ്ങിയവരും അഭിനയിക്കുന്നു. വാഴൈക്ക് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്ത സിനിമക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുമ്പോഴും ധ്രുവിനെ സ്റ്റാർ കിഡ് എന്നുപറഞ്ഞ് വിമർശിക്കുന്നവരും ഉണ്ട്. ഇതിന് മറുപടിയുമായി ധ്രുവും എത്തി. താൻ സ്റ്റാർ കിഡ് ആണെന്ന് അംഗീകരിക്കുന്നുവെന്നും എന്നാൽ ഇന്ത്യൻ സിനിമയിൽ ഇടം പിടിക്കുന്നതിന് എന്തും ചെയ്യാൻ തയ്യാറാണെന്നും ധ്രുവ് പറയുന്നു.

‘ഞാനൊരു സ്റ്റാർ കിഡ് ആണെന്നും അത് വഴി അവസരങ്ങൾ കിട്ടുന്നുണ്ടെന്നും ഞാൻ അംഗീകരിക്കുന്നു. പക്ഷെ, ആളുകൾ എന്നെ സ്വീകരിക്കുന്നതിനും ഒരു ഇടം കണ്ടെത്തുന്നതിനും വേണ്ടി എന്തും ചെയ്യാൻ ഞാൻ തയ്യാറാണ്. എന്റെ ജോലി തുടർന്നുകൊണ്ടിരിക്കും,’ ധ്രുവ് വിക്രം പറയുന്നു.

നാല് ദിവസത്തെ കാലയളവിൽ ബൈസണിന്റെ കളക്ഷൻ 25 കോടി കഴിഞ്ഞു. തമിഴ്‌നാട്ടിൽ നിന്ന് മാത്രം 19 കോടി ചിത്രം സ്വന്തമാക്കി. കേരളത്തിലെ ബോക്‌സ് ഓഫീസിൽ നിന്നും 50 ലക്ഷം ചിത്രം സ്വന്തമാക്കി. ആദ്യ ആഴ്ചയിൽ 50 കോടി സ്വന്തമാക്കുമെന്നാണ് വിശ്വസിക്കുന്നത്.

തമിഴ് നാട്ടിലെ സാധാരണ ഗ്രാമത്തിൽ നിന്ന് ഇന്ത്യൻ കബഡി ടീമിലെത്തിയ കിട്ടൻ എന്ന യുവാവിന്റെ കഥയാണ് ബൈസൺ പറയുന്നത്. ചിത്രത്തിൽ ധ്രുവിന്റെ പ്രകടനത്തെ കുറിച്ചും മികച്ച അഭിപ്രായങ്ങളാണ് കേൾക്കുന്നത്. അപ്ലാസ് എന്റർടൈൻമെന്റിന്റെയും നീലം സ്റ്റുഡിയോസ്സിന്റെയും ബാനറിൽ സമീർ നായർ, ദീപക് സീഗൾ, പാ. രഞ്ജിത്ത്, അദിതി ആനന്ദ് എന്നിവർ സംയുക്തമായി ചേർന്നാണ് സിനിമ നിർമിച്ചത്.

Content Highlight: Criticism of being a star kid despite Bison’s success; Dhruv Vikram responding

We use cookies to give you the best possible experience. Learn more