| Thursday, 30th July 2026, 10:52 pm

പൈസ പൊടിച്ചിട്ടും ഒരു മെനയായില്ല; ഐ ആം ഗെയിം ട്രെയിലര്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് സിനിമാ പേജുകള്‍

അശ്വിന്‍ രാജേന്ദ്രന്‍

മൂന്ന് ചിത്രങ്ങളാണ് ഇത്തവണത്തെ ഓണത്തിന് ക്ലാഷ് റിലീസായി തിയേറ്ററുകളിലേക്കെത്തുന്നത്. മലയാള സിനിമയില്‍ വലിയ ഫാന്‍ ബേസുള്ള മൂന്ന് താരങ്ങള്‍ കേന്ദ്രഥാപാത്രങ്ങളാകുന്ന, വമ്പന്‍ പ്രൊഡക്ഷന്‍ ഹൗസുകള്‍ക്ക് കീഴില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ് മൂന്നും എന്ന് കാണാം. പൃഥ്വിയുടെ ഖലീഫയും നിവിന്റെ ബെതലഹേം കുടുംബയൂണിറ്റും ഓരോ പാട്ടുകളും ടീസറുമടക്കം അപ്‌ഡേറ്റുകളുമായി കളം നിറഞ്ഞപ്പോള്‍ ഏവരും കാത്തിരുന്നത് ദുല്‍ഖറിന്റെ ഐ ആം ഗെയിമിന്റെ അപ്‌ഡേഷന് വേണ്ടിയായിരുന്നു.

Photo: X.com

ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തിറങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇന്ന് (വ്യാഴം) വൈകീട്ടോടെയായിരുന്നു അണിയറപ്രവര്‍ത്തകര്‍ ട്രെയിലര്‍ പുറത്തുവിട്ടത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടായിരുന്നു മൂന്ന് മിനുട്ടോളം ദൈര്‍ഘ്യമുള്ള ഐ ആം ഗെയിമിന്റെ ട്രെയിലര്‍ പുറത്തുവിട്ടത്. ഗാംബ്ലിങ്ങുമായി ബന്ധപ്പെട്ടാണ് ചിത്രം കഥ പറയുന്നതെന്ന അഭ്യൂഹങ്ങള്‍ സ്ഥിരീകരിക്കാനും ട്രെയിലറിന് സാധിച്ചിരുന്നു. ചേസ് സ്വീക്വന്‍സുകളും ഫൈറ്റ് സ്വീകന്‍സുകളും അടക്കം വമ്പന്‍ ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയും അപ്‌ഡേഷന്‍ നല്‍കുന്നുണ്ട്.

Photo: X.com

ആക്ഷന്‍ രംഗങ്ങളാലും സ്റ്റൈലിഷ് മേക്കിങ് കൊണ്ടും ട്രെയ്‌ലര്‍ കട്ടുകള്‍ സമ്പന്നമാണെങ്കിലും, യാതൊരു വികാരവും പ്രേക്ഷകരില്‍ ഉണ്ടാക്കിയെടുക്കാന്‍ ചിത്രത്തിന് സാധിച്ചിട്ടില്ലെന്നാണ് ഭൂരിഭാഗം സിനിമാ പേജുകളും അഭിപ്രായപ്പെടുന്നത്. മൂന്ന് മിനുട്ടോളം ദൈര്‍ഘ്യമുണ്ടായിട്ടും ആക്ഷന്‍ രംഗങ്ങളൊഴികെ പ്രേക്ഷകനെ ചിത്രത്തിലേക്ക് ആകര്‍ഷിക്കുന്ന ഒരു എലമെന്റും ട്രെയിലറിന് നല്‍കാന്‍ സാധിച്ചിട്ടില്ലെന്നാണ് ഇവരുടെ വാദം. മാസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്ന പൃഥ്വിരാജിന്റെ ഖലീഫയുടെ ടീസറുമായാണ് പലരും ഇതിനെ താരതമ്യപ്പെടുത്തുന്നത്. ഇന്ദ്രന്‍സിന്റെ വിവരണത്തില്‍ തുടങ്ങിയ ടീസര്‍ ജേക്ക്‌സിന്റെ ബി.ജി.എമ്മിന്റെ അകമ്പടിയിലും പൃഥ്വിരാജിന്റെ ക്വിന്റല്‍ ഇടിയിലും വൈറലാകുകയായിരുന്നു.

Photo: Screen Grab/ Wayfarer Film Music/ Youtube.com

ഐ ആം ഗെയിമിന്റെ ട്രെയ്‌ലര്‍ ഒരു വിഭാഗം പ്രേക്ഷകരെ നിരാശരാക്കിയതോടെ ഖലീഫയുടെ ട്രെയിലറിനായുള്ള കാത്തിരിപ്പിലാണ് പലരും. മോഹന്‍ലാല്‍ കഥാപാത്രമായ മാമ്പറക്കല്‍ അഹമ്മദ് അലിയിലേക്കുള്ള സൂചനയടക്കം നല്‍കിക്കൊണ്ട് ഒരു ട്രെയ്‌ലര്‍ പുറത്തിറക്കാന്‍ സാധിച്ചാല്‍ ഓണം റിലീസിലെ ഫസ്റ്റ് ഓപ്ഷനായി ഖലീഫയ്ക്ക് മാറാന്‍ സാധിക്കുമെന്നാണ് പലരും വിലയിരുത്തുന്നത്. അതേസമയം ഐ ആം ഗെയിമിന്റേത് മാര്‍ക്കറ്റിങ് സ്ട്രാറ്റര്‍ജിയാണെന്നും ചിത്രത്തിലെ പല എലമെന്റുകളും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ലെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.

Content Highlight: Criticism For I’m Game trailer starring Dulquer Salmaan

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more