| Tuesday, 24th March 2026, 1:43 pm

വിമര്‍ശനങ്ങള്‍ തടയാനാവില്ല; വാര്‍ത്തകള്‍ നീക്കം ചെയ്യണമെന്ന പതഞ്ജലി എം.ഡി ആചാര്യ ബാലകൃഷ്ണയുടെ ഹരജി തള്ളി ഹൈക്കോടതി

നിഷാന. വി.വി

ന്യൂദല്‍ഹി: പൊതുപ്രവര്‍ത്തകരെ വിമര്‍ശിക്കുന്നതും പരിഹസിക്കുന്നതും തടയാന്‍ കോടതികള്‍ക്ക് കഴിയില്ലെന്ന് ദല്‍ഹി ഹൈക്കോടതി.

പൊതുജീവിതം നയിക്കുന്നവര്‍ വിമര്‍ശനവും ആദരവും ഒരേ പോലെ നേരിടാന്‍ തയ്യാറാവണമെന്നും ഹൈക്കോടതി പറഞ്ഞു.

വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പതഞ്ജലി ആയൂര്‍വ്വേദ മാനേജിങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി നിരീക്ഷണം.

ജസ്റ്റിസ് തുഷാര്‍ റാവു ഗെഡേലയുടെ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്.

പൊതുരംഗത്തുള്ളവര്‍ വിമര്‍ശനങ്ങളോടും പരിഹാസങ്ങളോടും കൂടുതല്‍ പ്രതികരിക്കരുതെന്നും ആക്ഷേപ ഹാസ്യവും കാരിക്കേച്ചറുകളും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും കോടതി പറഞ്ഞു.

പരാമര്‍ശങ്ങള്‍ അന്തസ്സിനെ ബാധിക്കുന്നതോ അപകീര്‍ത്തിപ്പെടുത്തുന്നതോ അല്ലാത്ത പക്ഷം അവ തടയാനാവില്ലെന്നും കോടതി പറഞ്ഞു.

തനിക്കെതിരായ വാര്‍ത്തകളും കാരിക്കേച്ചറുകളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ടായിരുന്നു ആചാര്യ ബാലകൃഷ്ണ ഹരജി നല്‍കിയത്.

വാര്‍ത്താ മാധ്യമങ്ങളെ കേസില്‍ കക്ഷി ചേര്‍ക്കാതെ ഉള്ളടക്കം നീക്കം ചെയ്യാന്‍ ഉത്തരവിടാനാവില്ലെന്നും കോടതി പറഞ്ഞു.

ഗ്രാമ പ്രദേശങ്ങളില്‍ പിന്തുണയ്ക്കുന്നവരുണ്ടെന്നും അവര്‍ക്ക് ഡീപ്പ് ഫേക്ക് വീഡിയോകളും യഥാര്‍ത്ഥ വാര്‍ത്തകളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ പ്രയാസമായിരിക്കുമെന്നും ഇത് തന്റെ സല്‍പ്പേരിനെ ബാധിക്കുമെന്നും ആചാര്യ പറഞ്ഞു.

Content Highlight: Criticism cannot be stopped; High Court rejects Patanjali MD Acharya Balakrishna’s plea to remove news

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more