| Monday, 8th September 2025, 7:37 am

അനാരോഗ്യം പറഞ്ഞ് ചെമ്പഴന്തിയിലെ ഗുരുജയന്തിയില്‍ പങ്കെടുത്തില്ല, എറണാകുളത്തെ പരിപാടികളില്‍ പങ്കെടുത്തു; വി.ഡി. സതീശനെതിരെ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെമ്പഴന്തി: ശ്രീനാരായണഗുരു ജയന്തിദിനാഘോഷത്തിന്റെ ഭാഗമായി ചെമ്പഴന്തിയില്‍ സംഘടിപ്പിച്ച തിരുജയന്തി മഹാസമ്മേളന പരിപാടിയില്‍ നിന്നും വിട്ടുനിന്ന പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരെ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ.

പ്രതിപക്ഷനേതാവ് ആരോഗ്യകാരണങ്ങളാല്‍ പങ്കെടുക്കില്ലെന്നാണ് ട്രസ്റ്റ് ഭാരവാഹികളെ അറിയിച്ചിരുന്നത്. അതേസമയം, എസ്.എന്‍.ഡി.പി സംഘടിപ്പിച്ച എറണാകുളത്തെ ഗുരുജയന്തി ആഘോഷങ്ങളില്‍ പ്രതിപക്ഷനേതാവ് പങ്കെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വിമര്‍ശനവുമായി സ്വാമി ശുഭാംഗാനന്ദ രംഗത്തെത്തിയത്.

ആരോഗ്യപരമായ കാരണങ്ങളാല്‍ അല്ലാതെയാണ് പ്രതിപക്ഷനേതാവ് പങ്കെടുക്കാതിരുന്നതെങ്കില്‍ ശക്തമായ വിയോജിപ്പുണ്ടെന്നും പ്രതിപക്ഷനേതാവ് എന്നനിലയില്‍ സമ്മേളനത്തിലേക്ക് വി.ഡി സതീശനെ ക്ഷണിക്കാറുണ്ടെന്നും സ്വാമി ശുഭാംഗാനന്ദ പ്രതികരിച്ചു.

വര്‍ഷങ്ങളായി പ്രതിപക്ഷനേതാവ് എന്ന നിലയില്‍ സമ്മേളനത്തിന് വി.ഡി സതീശന്‍ എത്താറുണ്ട്. ഈ വര്‍ഷവും ക്ഷണിച്ചിരുന്നെന്നും എന്നാല്‍, ആരോഗ്യപരമായ കാരണങ്ങളാല്‍ പങ്കെടുക്കാനാകില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിക്കുകയായിരുന്നു എന്നും സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.

എറണാകുളത്ത് വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും രാഷ്ട്രീയ വിവാദങ്ങളുടെ പേരില്‍ പ്രതിപക്ഷനേതാവ് വിട്ടുനിന്നത് ശരിയായില്ലെന്നും സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.

ശിവഗിരിക്ക് രാഷ്ട്രീയമില്ലെന്നും എല്ലാ രാഷ്ട്രീയക്കാരും ഗുരുവിനെയും ഗുരുദര്‍ശനത്തെയും ഉള്‍ക്കൊള്ളുന്നവരാണെന്നും അദ്ദേഹം പ്രതികരിച്ചു.

ദേവന്റെ പാത്രങ്ങള്‍ കഴുകുന്നതില്‍ നിന്നുപോലും ദളിത്-പിന്നാക്കവിഭാഗങ്ങളെ വിലക്കുന്ന സ്ഥിതിവിശേഷമാണിപ്പോഴുള്ളത്. കൂടല്‍മാണിക്യവും ഗുരുവായൂരിലെ പുണ്യാഹവും ഗുരു സ്വപ്‌നംകണ്ട ലോകത്തേക്കെത്താന്‍ ഇനിയും ബഹുദൂരമുണ്ടെന്ന സന്ദേശമാണ് നല്‍കുന്നതെന്നും ശുഭാംഗാനന്ദ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത മഹാസമ്മേളനത്തില്‍ സംഘപരിവാറിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. നവോത്ഥാനനായകരെ ഹൈജാക്ക് ചെയ്യാന്‍ വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നും അത് തടയാനായില്ലെങ്കില്‍ ആപത്താണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Content Highlight: Criticism against V.D. Satheesan for not attending Guru Jayanti in Chempazhanthy

We use cookies to give you the best possible experience. Learn more