| Monday, 19th May 2025, 2:14 pm

ഇതുപോലുള്ള അനാചാരങ്ങള്‍ അവസാനിപ്പിച്ചുകൊണ്ടാണ് പെണ്ണുങ്ങള്‍ പഠിക്കാന്‍ പോയതും നമ്മള്‍ അധ്യാപകരായതും; അധ്യാപക പരിശീലനത്തിനിടയിലെ വളകാപ്പ് ചടങ്ങിനെതിരെ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അധ്യാപക പരിശീലനത്തിനിടെ വളകാപ്പ് നടത്തിയതില്‍ വിമര്‍ശനവുമായി കോഴിക്കോട് ആര്‍ട്‌സ് കോളേജിലെ മലയാളം വിഭാഗം അധ്യാപിക സോണിയ ഇ.പ. അധ്യാപക പരിശീലനത്തിനിടെ അധ്യാപികയുടെ വളകാപ്പ് നടത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിമര്‍ശനം.

സമൂഹത്തില്‍ സ്ത്രീകള്‍ പഠിക്കാന്‍ പോയതും അധ്യാപകരായതുമെല്ലാം ഇത്തരത്തിലുള്ള അനാചാരങ്ങളെല്ലാം അവസാനിപ്പിച്ചുകൊണ്ടായിരുന്നുവെന്ന് സോണിയ ഇ.പ പറയുന്നു. ഇത്തരത്തിലുള്ള അനാചാരങ്ങള്‍ അധ്യാപകര്‍ തന്നെ പ്രോത്സാഹിപ്പിക്കുന്നതിനെതിരെയാണ് വിമര്‍ശനം.

അധ്യാപകപരിശീലനത്തിനിടയില്‍ വളക്കാപ്പ് എന്നൊക്കെ പറഞ്ഞുകൊണ്ട്, ഗര്‍ഭിണിയായ അധ്യാപികയെ നടുവില്‍ ഇരുത്തി കുറേ അധ്യാപകര്‍ നടത്തുന്ന കോമാളിത്തങ്ങളുടെ ഒരു വീഡിയോ കണ്ടുവെന്നും സോണിയ ഇ.പ ഫേസ്ബുക്കില്‍ കുറിച്ചു.

തീവ്രവലതുപക്ഷം രൂപപ്പെടുത്തുന്ന അജണ്ടകള്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ പെണ്ണുങ്ങള്‍ക്ക് പഠിക്കാനും പഠിപ്പിക്കാനും പോകാന്‍ കഴിയുമെന്ന് തോന്നുന്നുണ്ടോയെന്നും അവര്‍ ചോദിച്ചു. പെറാനും പോറ്റാനും വെച്ചുവിളമ്പാനും ഒരക്ഷരം ശബ്ദിക്കാതെ സഹിക്കാനും പെണ്ണുങ്ങളെ പരിശീലിപ്പിക്കാന്‍ നിരവധി ആചാരങ്ങളുണ്ടെന്നും അതിലൊന്നാണ് വളക്കാപ്പെന്നും അവര്‍ വ്യക്തമാക്കി.

ഇത് തിരിച്ചറിഞ്ഞാല്‍ നമുക്ക് നല്ലതെന്നും ഇല്ലെങ്കില്‍ ചോര്‍ന്നുപോകുന്നത് നമ്മുടെ കാലിനടിയിലെ മണ്ണാണെന്നും സോണിയ ഇ.പ പറഞ്ഞു.

പെണ്ണുങ്ങള്‍ പഠിക്കാന്‍ പോയത് ഇതുപോലെയുള്ള അനാചാരങ്ങള്‍ അവസാനിപ്പിച്ചുകൊണ്ടാണെന്നും നമ്മള്‍ അദ്ധ്യാപികമാരായത് വളക്കാപ്പ് കളിച്ചിട്ടല്ലെന്നും സോണിയ ഇ.പ പറയുന്നു. വളക്കാപ്പുകള്‍ ഉപേക്ഷിച്ചുകൊണ്ടാണ് സ്ത്രീകള്‍ തൊഴിലിന് പോയിത്തുടങ്ങിയതെന്നും ഇതുപോലെയുള്ള ആചാരങ്ങള്‍ പെണ്ണുങ്ങളുടെ കാലിലിടുന്ന ചങ്ങലകളാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് പൊരുതിയാണ് നമ്മളെല്ലാം അധ്യാപികമാരായതെന്നും അധ്യാപക ചൂണ്ടിക്കാട്ടുന്നു.

ചെറുകാടിന്റെ മുത്തശ്ശി നാടകമാക്കിക്കളിക്കേണ്ട പരിശീലനക്യാമ്പിലാണ് വളക്കാപ്പ് അരങ്ങേറിയതെന്നും കണ്ടപ്പോള്‍ താന്‍ ഒരുപാട് വേദനിച്ചുവെന്നും സോണിയ ഇ.പ പറഞ്ഞു.

‘ചരിത്രത്തിലൂടെ രൂപപ്പെടുന്ന ജീവിയാണ് മനുഷ്യര്‍. ചരിത്രബോധത്തിലൂടെ സാമൂഹ്യപ്രക്രിയകള്‍ രൂപപ്പെടുത്തിയ ഒന്നിനെയാണ് മനുഷ്യജീവിതം എന്ന് പറയുന്നത്. ഇന്നലെകളോ നാളെകളോ ഇല്ലാതെ ഇന്നിന്റെ സന്തോഷങ്ങള്‍ എന്ന രീതിയില്‍ മനുഷ്യജീവിതം മാറുന്നതിന്റെ അപകടങ്ങളാണ് വര്‍ത്തമാനകേരളം അനുഭവിക്കുന്നത്,’ സോണിയ ഇ.പ വ്യക്തമാക്കി.

വളകാപ്പ് അനാചാരത്തെ പ്രോത്സാഹിപ്പിക്കുന്നത് എതിര്‍ത്ത് കൊണ്ടുള്ള സോണിയ ഇ.പയുടെ പോസ്റ്റിന് താഴെ ശാരദകുട്ടി അടക്കമുള്ളവര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇതുപോലെയുള്ള പലതും ഇപ്പോള്‍ അധ്യാപക പരിശീലനങ്ങളില്‍ കാണാമെന്നും പണ്ടത്തെ പല വൃത്തികേടുകളും പൊതുസമൂഹത്തിനിടയിലും അതിനനുസരിച്ച് സമൂഹത്തിലും തിരിച്ചുവരുന്നുവെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

ഇതാണോ അധ്യാപക പരിശീലനത്തില്‍ നടക്കുന്നതെന്നും അധ്യാപകര്‍ ചരിത്രബോധമുള്ളവരാവണമെന്നും ഈ പോസ്റ്റിന് താഴെ കമന്റുകളുണ്ട്. പഴയ പല ആചാരങ്ങള്‍, നമ്മുടെ നാട്ടില്‍ കേട്ടിട്ട് പോലുമില്ലാത്തത് പോലും ഇപ്പൊ പൊക്കിപിടിച്ചു കൊണ്ടുവരുന്നത് കണ്ട് വരുന്നുണ്ടെന്നും അഭിപ്രായങ്ങളുണ്ട്.

Content Highlight: Criticism against the Valakap ceremony during teacher training

We use cookies to give you the best possible experience. Learn more