| Saturday, 18th October 2025, 3:14 pm

'പ്രധാനധ്യാപിക പറയുന്നത് ഈ ഇംഗ്ലീഷാണെങ്കില്‍ അവിടെ പഠിപ്പിക്കുന്നത് എന്തുതരം ഇംഗ്ലീഷായിരിക്കും?', പള്ളുരുത്തി സ്‌കൂളിലെ പ്രിന്‍സിപ്പാളിന് വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പള്ളുരുത്തി സെന്റ്. റീത്താസ് പബ്ലിക് സ്‌കൂളിലെ തട്ടം വിവാദത്തില്‍ വിശദീകരണം നല്‍കാനായി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സ്‌കൂള്‍ പ്രധാനധ്യാപിക ഉപയോഗിച്ച ഇംഗ്ലീഷ് ഭാഷയിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് സോഷ്യല്‍മീഡിയ.

വ്യാകരണ പിഴവുകളും വ്യക്തമല്ലാത്ത പ്രയോഗങ്ങളും നിറഞ്ഞ പ്രധാനധ്യാപികയുടെ ഇംഗ്ലീഷ് ഇങ്ങനെയാണെങ്കില്‍ അവിടെ പഠിപ്പിക്കുന്ന അധ്യാപകരുടെ അവസ്ഥ എന്താണെന്നാണ് സോഷ്യല്‍മീഡിയയില്‍ ചോദ്യമുയരുന്നത്.

ഉയര്‍ന്ന ഫീസ് വാങ്ങി സി.ബി.എസ്.ഇ സിലബസ് പഠിപ്പിക്കുന്ന സ്‌കൂളിന് തീരെ നിലവാരമില്ലെന്നാണ് സോഷ്യല്‍മീഡിയയുടെ നിരീക്ഷണം. മലയാളികളായ മാധ്യമപ്രവര്‍ത്തകരോട് അധ്യാപിക ഇംഗ്ലീഷില്‍ സംസാരിച്ചത് മുഴുവന്‍ ഗ്രാമര്‍ തെറ്റുകള്‍ നിറഞ്ഞ വാക്യങ്ങളായിരുന്നെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.

‘എല്ലാവരും പറയുന്ന ഇംഗ്ലീഷിലും മലയാളത്തിലും എല്ലാം തെറ്റുകളുണ്ടാകും. എന്നാല്‍, ഇതൊരു പേര് കേട്ട ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ്. സ്റ്റേറ്റ് സിലബസല്ല, മുന്തിയയിനം സി.ബി.എസ്.സി.യാണ്. അവിടുത്തെ വെറും ടീച്ചറല്ല; ഹെഡ് ടീച്ചറാണ്. കൊച്ചു വര്‍ത്താനം പറയുന്നതല്ല; കേരളത്തിലെ മീഡിയയോട് ലൈവായി പറയുന്നതാണ്. ചുമ്മാ മനസ്സില്‍ വരുന്നതങ്ങ് പറയുന്നതല്ല; എഴുതിയത് നോക്കി വായിക്കുന്നതാണ്. അവിടുത്തെ കുട്ടികളെ ടീച്ചര്‍മാര്‍ പഠിപ്പിക്കുന്നത് എമ്മാതിരി ഇംഗ്ലീഷായിരിക്കും’, മാധ്യമനിരീക്ഷകനായ പ്രേം കുമാര്‍ സോഷ്യല്‍മീഡിയയിലൂടെ വിമര്‍ശിച്ചു.

ഇതുപോലുള്ള പത്രാസി സ്‌കൂളുകളില്‍ ഒടുക്കത്തെ ഫീസും കൊടുത്ത്, സകല പീഡനങ്ങളും അപമാനങ്ങളും സഹിച്ച് കുട്ടികളെ പഠിക്കാന്‍ വിട്ടാല്‍ അവരൊക്കെ നന്നായി പഠിക്കുമെന്ന് വിചാരിക്കുന്ന രക്ഷിതാക്കളെയുമാണ്
ഓടിച്ചിട്ട് തല്ലേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിച്ചു.

കുട്ടികളെ പത്രാസി ഇംഗ്ലീഷ് മീഡിയം കൊണ്ടുപോയി ചേര്‍ക്കുന്നതിന് മുന്‍പ് ഹെഡ് ടീച്ചറിനെങ്കിലും ഇംഗ്ലീഷറിയാമോന്ന് ഒന്ന് നോക്കിവെക്കണമെന്നും കുറിപ്പില്‍ രക്ഷിതാക്കളെ ഓര്‍മിപ്പിക്കുന്നുണ്ട്.

മീഡിയയോട് സംസാരിക്കുമ്പോള്‍ അവര്‍ക്ക് മലയാളം സംസാരിച്ചാല്‍ മതിയല്ലോ, ആ സ്‌കൂളിനെത്തന്നെ പൊതുസമൂഹത്തിനു മുന്നില്‍ അപമാനിക്കണമായിരുന്നോയെന്നാണ് ദിനേശ് കെ.ടി ഫേസ്ബുക്കില്‍ കുറിച്ചത്.
പ്രധാനധ്യാപിക ആവര്‍ത്തിച്ചു പറയുന്നു Respond കിട്ടിയില്ലെന്ന്.

Response എന്നേ അവിടെ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന് ആ സ്‌കൂളില്‍ പഠിക്കുന്ന ഭൂരിപക്ഷം കുട്ടികള്‍ക്കുപോലും അറിയുമായിരിക്കും. പലരും കാര്‍ട്ടൂണ്‍ സിനിമകളും മറ്റും കണ്ട് അത്യാവശ്യം ഇഗ്ലീഷ് ഭാഷാപരിജ്ഞാനം ഉള്ളവരാവുമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.

ടീച്ചര്‍ക്ക് എത്രയും പെട്ടെന്ന് ഇംഗ്ലീഷില്‍ തീവ്രപരിശീലനം നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് ശ്രദ്ധിക്കണമെന്നും അണ്‍-എയിഡഡ് സ്‌കൂള്‍ ആയതുകൊണ്ട് ഇടപെടാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ പി.ടി.എ തന്നെ പിരിവെടുത്ത് അയക്കുന്നതും പരിഗണിക്കാവുന്നതാണ്.

അതും നടക്കുന്നില്ലെങ്കില്‍ ഇവര്‍ക്ക് ഫ്രീ ആയി ഇംഗ്ലീഷ് ട്യൂഷന്‍ എടുക്കാന്‍ താന്‍ തയ്യാറാണ്. അവര്‍ തലയില്‍ തട്ടമിട്ട് വന്നാലും തനിക്ക് എതിര്‍പ്പില്ലെന്നും അത്തരം സഹിഷ്ണുത താന്‍ പൊതുസമൂഹത്തില്‍ നിന്നും നേടിയിട്ടുണ്ടെന്നും ദിനേശ് പറയുന്നു.

മലയാളത്തില്‍ സംസാരിക്കാതെ പ്രധാനധ്യാപിക ഇംഗ്ലീഷില്‍ സംസാരിച്ചതിനെ വിമര്‍ശിക്കുന്നവരോട് അവര്‍ ഇംഗ്ലീഷ് ഉപയോഗിച്ചതിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്ന് പറയുകയാണ് ഉമ്മര്‍ ടി.കെ.

‘അവര്‍ക്കെന്താ മലയാളത്തില്‍ സംസാരിച്ചാല്‍ പോരെ ഈ പൊട്ട ഇംഗ്ലീഷില്‍ സംസാരിക്കണോ എന്ന ചോദിക്കുന്നവരോട് നിങ്ങള്‍ക്കതിന്റെ ഗുട്ടന്‍സ് പിടി കിട്ടാഞ്ഞിട്ടാണ്. ഇത് വെറും കേരളാലെവലിലുള്ള ഒരു കുത്തിത്തിരിപ്പാണ് എന്നു കരുതിയാല്‍ തെറ്റി.

തട്ടമടാത്ത ആ കുട്ടി അദൃശ്യയായി മാറുന്നതും അസഹിഷ്ണുത വിജയം നേടുന്നതും അഖിലേന്ത്യാതലത്തില്‍ തന്നെ ആഘോഷിക്കപ്പെടേണ്ട ഒന്നാണ്. അപ്പോള്‍ ഇംഗ്ലീഷ് കൂടിയേ തീരൂ. അവര്‍ സ്വയം നാറുന്നതോ മലയാളികളെ മൊത്തം നാറ്റിക്കുന്നതോ വലിയ പ്രശ്‌നമായി കാണേണ്ടതില്ല. ലക്ഷ്യമാണ് പ്രധാനം’, ഉമര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, അവിടുത്തെ ഇംഗ്ലീഷിന്റെ നിലവാരം പുറത്തായ സ്ഥിതിക്ക് അടുത്ത കൊല്ലം മുതല്‍ അഡ്മിഷന്‍ ഇടിയാനാണു സാധ്യതയെന്നാണ് മനോജ് കെ. പുതിയവിളയുടെ വൈറലാകുന്ന ഒരു പോസ്റ്റ്. പുറത്തായത് ഇംഗ്ലീഷിന്റെ നിലവാരം മാത്രമല്ല, അവറ്റകളുടെ ഉള്ളിലെ വംശീയത കൂടെയാണെന്ന് ശ്രീജ നെയ്യാറ്റിന്‍കര ഈ പോസ്റ്റിന് താഴെ കമന്റ് ചെയ്തു.

ഇതോടൊപ്പം അധ്യാപിക ഉപയോഗിച്ച ഇംഗ്ലീഷ് വാക്യങ്ങള്‍ ശരിയായ രീതിയിലേക്ക് തിരുത്തിക്കൊണ്ടുള്ള പോസ്റ്റുകളും സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്.

ഇതിനെല്ലാമുപരി ഒരു പ്രാധാന അധ്യാപികയിൽ കാണേണ്ട പ്രശ്ന പരിഹാര മനസ്ഥിതിയോ ഇത്തിരി സാമൂഹ്യ വകതിരിവോ ഇല്ല എന്നുള്ളതാണ്, ഇംഗ്ലീഷിന്റെ എ.ബി.സി.ഡി അറിയില്ലെങ്കിലും ആ ഭാഷയിൽ സംസാരിച്ചാൽ നിലവാരം കൂടുമെന്ന് കരുതിക്കാണുമെന്നാണ് മാധ്യമപ്രവര്‍ത്തകന്‍ ബഷീര്‍ വള്ളിക്കുന്ന് വിമര്‍ശിച്ചത്.

അവരുടെ ഇംഗ്ലീഷ് കേട്ടിട്ട് ഗൂഗിള്‍ ട്രാന്‍സ്‌ലേറ്ററാകാനാണ് സാധ്യതയെന്നും ഇംഗ്ലീഷിനേക്കാളും അപ്പുറമാണ് അവരുടെ മലയാളമെന്നാണ് ഒരു ഫേസ്ബുക്ക് ഉപയോക്താവ് കമന്റ് ചെയ്തിരിക്കുന്നത്.

പ്രധാനധ്യാപികയുടെയും സ്‌കൂളിന്റെയും നിലപാടിനെതിരെയും കടുത്ത വിമര്‍ശനമാണ് കമന്റുകളിലും നിറയുന്നത്.

ഇവരുടെ ചിരി ഓര്‍മിപ്പിക്കുന്നത് പിലോത്തോസിന്റെ ചിരിയാണെന്നും കര്‍ത്താവിന്റെ മണവാട്ടിയില്‍ നിന്ന് സാത്താന്റെ പെങ്ങളൂട്ടിയിലേക്കുള്ള പരിണാമമാണ് വ്യക്തമാകുന്നതെന്നും മറ്റൊരു ഫേസ്ബുക്ക് ഉപയോക്താവ് കമന്റ് ചെയ്തു.

തന്റെ മുന്നിലിരിക്കുന്ന കുട്ടിയുടെ വേഷം പോലും ഇവരെ അലോസരപെടുത്തുന്നുവെങ്കില്‍ ഇവരെ വര്‍ഗീയവാദി എന്നല്ലാതെ വിശേഷിപ്പിക്കാന്‍ വയ്യെന്നും ചില ഫേസ്ബുക്ക് കമന്റുകള്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, സ്‌കൂളില്‍ നിന്നും ടി.സി വാങ്ങി മറ്റൊരു സ്‌കൂളിലേക്ക് പോകാനുള്ള സന്നദ്ധത അറിയിച്ചിരിക്കുകയാണ് വിദ്യാര്‍ത്ഥിനിയും കുടുംബവും. ചൊവ്വാഴ്ച സ്‌കൂളിലെത്തി ടി.സി വാങ്ങാനാണ് കുട്ടിയുടെ നീക്കം.

വിദ്യാര്‍ത്ഥിക്ക് തട്ടം ധരിച്ചുതന്നെ സ്‌കൂളില്‍ പ്രവേശിക്കാമെന്ന ഡി.ഡി.ഇയുടെ ഉത്തരവിനെതിരെ കഴിഞ്ഞദിവസം ഹൈക്കോടതിയെ സമീപിച്ച സ്‌കൂളിന് തിരിച്ചടി നേരിട്ടിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് തേടിയിരിക്കുകയാണ് ഹൈക്കോടതി.

Content Highlight: criticism against principal of Palluruthy St. Rita’s Public School

We use cookies to give you the best possible experience. Learn more