കോഴിക്കോട്: മലപ്പുറത്തെ ചങ്കരക്കുളം സര്‍ക്കാര്‍ സ്‌കൂളിന് മുന്നിലെ മതിലെഴുത്ത് സംബന്ധിച്ച് വ്യാജവാര്‍ത്ത നല്‍കിയ ജനം ടി.വിയ്ക്ക് വിമര്‍ശനം. സ്‌കൂള്‍ അധികൃതര്‍ മതിലില്‍ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ എഴുതിയെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ മതിലിലെ വാചകം രവീന്ദ്രനാഥ ടാഗോറിന്റെ ഉദ്ധരണികളാണെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടി.
ചങ്കരക്കുളം മുക്കുതല ജി.എം.എല്‍.പി സ്‌കൂളിനെതിരെയാണ് ജനം ടി.വി വ്യാജവാര്‍ത്ത നല്‍കിയത്. സംഭവത്തില്‍ കേന്ദ്ര-സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാര്‍ക്ക് പ്രദേശവാസികള്‍ പരാതി നല്‍കിയതായും അധ്യാപകരുടെ നേതൃത്വത്തിലാണ് മതിലില്‍ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതെന്നും ജനം ടി.വി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
‘രത്‌നങ്ങളുടെ വിലകൊടുത്ത് കുപ്പിച്ചില്ലുകള്‍ വാങ്ങുന്നത് പോലെയാണ് മനുഷ്യസ്‌നേഹത്തിന് പകരം രാജ്യസ്‌നേഹത്തെ പ്രതിഷ്ഠിക്കുന്നത്,’ എന്നാണ് മതിലില്‍ എഴുതിയിരിക്കുന്നത്.
മതിലെഴുത്തില്‍ സ്‌കൂള്‍ അധികൃതര്‍ പ്രതികരിക്കാന്‍ തയ്യാറാകുന്നില്ലെന്നും ജനം ടി.വി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത്തരം തെറ്റിദ്ധരിപ്പിക്കും വിധത്തിലുള്ള വാര്‍ത്തകളില്‍ അധ്യാപകര്‍ എന്തിന് പ്രതികരിക്കണമെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
ഇതുവരെ ടാഗോറിനെ കേള്‍ക്കാത്തവരാണ് ഈ പ്രചരണത്തിന് പിന്നിലെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടി. ജനം ടി.വിയുടെ വാര്‍ത്തയ്ക്ക് താഴെയും വിമര്‍ശനമുയരുന്നുണ്ട്. ടാഗോറിന്റെ ഉദ്ധരണികള്‍ മനസിലാകണമെങ്കില്‍ ജനം ടി.വി റിപ്പോര്‍ട്ടര്‍ക്ക് ശാഖ വിദ്യാഭ്യാസത്തിന്റെ സ്ഥാനത്ത് അക്ഷരാഭ്യാസം വേണമെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.
യഥാര്‍ത്ഥത്തില്‍ ‘രാജ്യസ്‌നേഹം എന്റെ ആത്മീയ അഭയമല്ല. എന്റെ അഭയസ്ഥാനം മനുഷ്യവംശമാണ്. രത്‌നങ്ങളുടെ വില നല്‍കി ഞാന്‍ ചില്ലുകഷ്ണങ്ങൾ വാങ്ങില്ല. മനുഷ്യവംശത്തിനും മാനവികതയ്ക്കും മുകളില്‍ ഉയര്‍ന്നുപൊങ്ങാന്‍ രാജ്യസ്‌നേഹത്തെ ഞാന്‍ അനുവദിക്കില്ല. വേദങ്ങള്‍, ഉപനിഷത്തുകള്‍, ഗീത എന്നിവ ഇന്ത്യയുടെ ക്ലാസിക്കല്‍ സംസ്‌കാരത്തിന്റെ പ്രധാന ഭാഗമായിരിക്കാമെങ്കിലും അവ ഇന്ത്യന്‍ ഐക്യത്തിന്റെ ഹൃദയമായി മാറുകയോ ഐക്യത്തിന് അത് അടിസ്ഥാനം നല്‍കുകയോ ചെയ്യുന്നില്ല. ദേശസ്നേഹത്തിന്റെ നിര്‍വചനം, സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു, അത് അതിരുകള്‍ മറികടന്ന് മനുഷ്യരാശിയെ ഉദ്ദേശിച്ചുള്ളതാണ്. രാജ്യം എന്നത് മാനവികതയുടെ ആദര്‍ശങ്ങളേക്കാള്‍ മഹത്തായതാണ് എന്ന പാഠങ്ങളെ നിരാകരിച്ചാല്‍ മാത്രമേ ഇന്ത്യക്കാര്‍ക്ക് അവരുടെ യഥാര്‍ത്ഥ ഇന്ത്യയെ നേടാനാവൂ,’ ടാഗോറിന്റെ വാക്കുകൾ യു.എം. മുക്താര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇതിന്റെ ലളിതരൂപമാണ് സ്കൂളിന്റെ മതിലുള്ളത്. നിലവില്‍ സ്‌കൂള്‍ അധികൃതരെ അഭിനന്ദിച്ചും ആളുകള്‍ പ്രതികരിക്കുന്നുണ്ട്. ‘ഇത് ദേശീയഗാനം എഴുതിയ രവീന്ദ്രനാഥ ടാഗോറിന്റെ മനോഹരമായ വചനമാണ്. അത് സ്‌കൂള്‍ മതിലില്‍ എഴുതിവെച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍,’ എന്നാണ് ജലീല്‍ വാലിയെന്ന അക്കൗണ്ടില്‍ നിന്നുള്ള പ്രതികരണം.
Content Highlight: Criticism against Janam TV for news against Malappuram school