കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ മുസ്‌ലിം സമുദായാംഗങ്ങളെക്കുറിച്ച് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ ഉത്തരേന്ത്യന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാവുന്നു. ‘ലിറ്റിചോക്കപ്പ്’ എന്ന പേരിലുള്ള ഇന്‍ഫ്‌ലൂവന്‍സര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് ഈ വിദ്വേഷ പരാമര്‍ശങ്ങളുള്ളത്.
‘ഫോര്‍ട്ട് കൊച്ചിയില്‍ മുസ്ലിംകള്‍ കൂടുതലാണ്, അതുകൊണ്ട് കേരളം അപകടത്തിലാണ്,’ എന്നാണ് ലിറ്റിചോക്കപ്പിന്റെ വീഡിയോയിലെ വിദ്വേഷ പരാമര്‍ശങ്ങളിലൊന്ന്. ഫോര്‍ട്ട് കൊച്ചിയിലെ ഭൂരിഭാഗം കച്ചവടക്കാരും ടാക്‌സി-റിക്ഷാ ഡ്രൈവര്‍മാരും മുസ്‌ലിംകളാണെന്നും വീഡിയോയില്‍ പറയുന്നു. ഈ പ്രദേശം പൂര്‍ണമായും ഇസ്‌ലാമിക അന്തരീക്ഷത്തിലാണെന്നും ഇന്റഫ്‌ലൂവന്‍സര്‍ അഭിപ്രായപ്പെടുന്നു. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ വേണമെന്നും ഈ ഇന്‍ഫ്‌ലൂവന്‍സര്‍ ആവശ്യപ്പെടുന്നതായി വീഡിയോയില്‍ കേള്‍ക്കാം.
കൊച്ചിയിലെ ‘കാശി ആര്‍ട്ട് കഫേ’ എന്ന കഫേയെ ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രചാരണവും ഈ വീഡിയോയിലുണ്ട്. കഫേയില്‍ ബീഫ് വിളമ്പുന്നതിനെതിരെ അടക്കം ഇയാള്‍ വിദ്വേഷ പരാമര്‍ശം നടത്തുന്നു. കഫേയില്‍ ഗാന്ധിക്കൊപ്പം ജിന്നയുടെ ചിത്രം വെച്ചിട്ടുണ്ടെന്നും പൂര്‍ണമായും ബീഫ് വിഭവങ്ങളാണ് നല്‍കുന്നതെന്നും പറഞ്ഞ ഇന്‍ഫ്‌ലൂവന്‍സര്‍ സ്ഥാപനത്തിന്റെ പേര് ‘കറാച്ചി ആര്‍ട്ട് കഫേ’ എന്ന് മാറ്റണമെന്നും വീഡിയോയില്‍ പറയുന്നു.
കേരളത്തില്‍ ഇസ്‌ലാം മതം പ്രചരിപ്പിക്കാന്‍ സര്‍ക്കാരിന് അറബ് രാജ്യങ്ങളില്‍ നിന്ന് വന്‍തോതില്‍ ഫണ്ട് ലഭിക്കുന്നുണ്ടെന്ന് പ്രദേശവാസികളായ വലതുപക്ഷ ചിന്താഗതിക്കാര്‍ തന്നോട് പറഞ്ഞു എന്നാണ് ഇന്‍ഫ്‌ലൂവന്‍സറുടെ മറ്റൊരു ആരോപണം.
ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോയില്‍ മലയാളി ഇന്‍ഫ്‌ളൂവന്‍സര്‍ ദിയ കൃഷ്ണ ‘സാഡ് ട്രൂത്ത്,’ എന്ന് കമന്റ് രേഖപ്പെടുത്തിയിരുന്നു. ഈ വീഡിയോക്ക് പുറമെ ദിയ കൃഷ്ണയുടെ കമന്റിനെതിരെയും സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്ന് വരുന്നുണ്ട്.
‘ഒരു നാട്ടില്‍ മുസ് ലിംകള്‍ ജീവിക്കുന്നതാണോ അപകടം? അതോ മനുഷ്യരെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കാനും ഭയപ്പെടാനും പഠിപ്പിക്കുന്ന നിങ്ങളെപ്പോലുള്ളവരുടെ ഈ വര്‍ഗീയ ചിന്താഗതിയാണോ അപകടം,’ എന്ന് കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ കോഡിനേറ്റര്‍ താര ടോജോ അലക്‌സ് ദിയ കൃഷ്ണയെ വിമര്‍ശിച്ചുകൊണ്ടുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
‘ഒരു ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് ഹിന്ദുക്കള്‍ കൂടുതലായി ജീവിക്കുന്നതുകൊണ്ട് അതിനെ അപകടമേഖലയെന്ന് വിളിക്കുമോ?’ എന്നും ‘മുസ്ലിംകള്‍ കൂടുതലുള്ള പ്രദേശം അപകടമായി തോന്നുന്നുവെങ്കില്‍, അതിന്റെ അടിസ്ഥാനമെന്താണ്?’ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.
Content Highlight: Criticism Against Influencer who post Hate Video Target ting Fort Kochi and Kerala