| Thursday, 12th November 2026, 8:48 pm

മെസിയുമായുള്ള മത്സരത്തില്‍ റൊണാള്‍ഡോ വലിയ താത്പര്യം കാണിച്ചിട്ടുണ്ട്: അത് മുന്നേറാനുളള പ്രചോദനവുമായിട്ടുമുണ്ട്; ഇംഗ്ലീഷ് ഇതിഹാസം

ദേവിക ജയചന്ദ്രന്‍

ഒരു മാസത്തിനിടെ രണ്ട് ഇതിഹാസങ്ങളാണ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചത്. ഒക്ടോബര്‍ ആറിന് ലയണല്‍ മെസി അര്‍ജന്റീനയ്ക്ക് വേണ്ടി അവസാനമായി ബൂട്ടുകെട്ടി. നവംബര്‍ അഞ്ചിന് ക്രിസ്റ്റിയാനോ റൊണാള്‍ഡോയും വിരമിക്കല്‍ പ്രഖ്യാപിച്ചു. രണ്ട് പതിറ്റാണ്ട് നീണ്ട് നിന്ന ഒരു വൈരത്തിനാണ് അന്ത്യം കുറിച്ചത്.

ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇതിന് മുമ്പ് ഉണ്ടായിട്ടില്ലാത്ത ഇനി ഉണ്ടാവാന്‍ സാധ്യത വളരെ വിരളമായ ഒരു പോരാട്ടമായിരുന്നു മെസിയും റൊണാള്‍ഡോയും നടത്തിയത്. കളിക്കളത്തിലെ കണക്കുകളിലും ട്രോഫികളിലും വ്യക്തിഗത അവാര്‍ഡുകള്‍ക്ക് വേണ്ടിയും അവര്‍ മത്സരിച്ചുകൊണ്ടേയിരുന്നു.

ഇപ്പോഴിതാ മെസിയുമായുള്ള മത്സരത്തില്‍ റൊണാള്‍ഡോ വ്യക്തമായും താത്പര്യം കാണിച്ചിരുന്നെന്നും അത് അദ്ദേഹത്തിന് മുന്നേറാന്‍ പ്രചോദനമായിട്ടുണ്ടെന്നും പറയുകയാണ് ഇംഗ്ലീഷ് ഇതിഹാസം ഗാരി ലിനേക്കര്‍. മുന്‍ ഇംഗ്ലീഷ് താരം മൈക്ക റിച്ചാര്‍ഡ്‌സുമായി ദി റെസ്റ്റ് ഇസ് ഫുട്‌ബോള്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മെസിയുമായുള്ള മത്സരത്തില്‍ അദ്ദേഹം വ്യക്തമായും വലിയ താല്‍പര്യം കാണിക്കുന്നുണ്ട്. അതേക്കുറിച്ച് അദ്ദേഹം തന്നെ പലപ്പോഴും സംസാരിച്ചിട്ടുമുണ്ട്. ഈ മത്സരം അദ്ദേഹത്തിന് കൂടുതല്‍ മുന്നേറാനുള്ള പ്രചോദനമായിട്ടുണ്ട്. മെസിക്കും അതേ പ്രചോദനം ലഭിച്ചിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്,’ അദ്ദേഹം പറഞ്ഞു.

എങ്ങനെയാണ് മെസിയും റൊണാള്‍ഡോയും തമ്മിലുള്ള പോരാട്ടം അക്കങ്ങളുടെ കളിയായി മാറിയതെന്ന മൈക്ക റിച്ചാര്‍ഡ്‌സിന്റെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അദ്ദേഹം.

‘എന്റെ അഭിപ്രായത്തില്‍,മെസിക്ക് ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ റൊണാള്‍ഡോയ്ക്ക് ചെയ്യാന്‍ കഴിയില്ല. എന്നാല്‍ ഗോളുകളുടെ എണ്ണമെടുക്കുമ്പോള്‍ ഇരുവരെയും താരതമ്യം ചെയ്യുക എളുപ്പമാണ്. മെസിയേക്കാള്‍ കൂടുതല്‍ ഗോളുകള്‍ നേടാന്‍ കഴിഞ്ഞാല്‍, ഫുട്‌ബോളില്‍ താനാണ് മികച്ചവന്‍ എന്നതിന് തെളിവോ കുറഞ്ഞപക്ഷം അതിനുള്ള അടിസ്ഥാനമോ ലഭിക്കുമെന്ന് അദ്ദേഹം കരുതുന്നുണ്ടാകാം. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അത് വളരെ പ്രധാനമാണ്,’ ലിനേക്കര്‍ പറഞ്ഞു.

ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍ താനാണെന്ന് കരുതാത്തവരോട് അദ്ദേഹം അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ടെന്നും അത് മത്സരബുദ്ധിയുള്ള വ്യക്തിയുടെ സ്വഭാവത്തിന്റെ ഭാഗമാണെന്നും ലിനേക്കര്‍ പറഞ്ഞു. ആ മനോഭാവമാണ് അദ്ദേഹത്തെ ഇത്രയധികം നേട്ടങ്ങളിലേക്ക് നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തന്നെപ്പോലെയുള്ള സാധാരണക്കാര്‍ക്ക് ആ തലത്തിലുള്ള മത്സരബുദ്ധി മനസിലാക്കാന്‍ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു. മികച്ച ഒരു സെന്റര്‍ ഫോര്‍വേഡ് ആയി കണക്കാക്കുമെങ്കിലും താന്‍ ആ നിലവാരമുള്ള കളിക്കാരനല്ല എന്നും ലിനേക്കര്‍ പറഞ്ഞു.

Content  Highlight: Cristiano Ronaldo was competitive about his rivalry with Messi, says Gary Linekar.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more