ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്കിനൊപ്പം പ്രായം തളര്‍ത്താത്ത പോരാട്ടവീര്യവുമായി കുതിക്കുകയാണ് ഇംഗ്ലണ്ട് സൂപ്പര്‍താരം ഹാരി കെയ്ന്‍. ഇംഗ്ലീഷ് വമ്പന്മാരായ ടോട്ടന്‍ഹാം ഹോട്സ്പറില്‍ നിന്നും ബയേണ്‍ മ്യൂണിക്കിലേക്ക് ചേക്കേറിയ കെയ്ന്‍ ആദ്യ സീസണ്‍ മുതല്‍ തന്നെ ജര്‍മന്‍ ക്ലബ്ബിന്റെ മുന്നേറ്റ നിരയിലെ പ്രധാനപ്പെട്ട താരമായി സ്വയം അടയാളപ്പെടുത്തികൊണ്ടിരിക്കുകയാണ്.
അടുത്തിടെ കെയ്ന്‍ ബുണ്ടസ് ലീഗയില്‍ 100 ഗോളുകള്‍ എന്ന നാഴികക്കല്ലിലേക്ക് നടന്നുകയറിയിരുന്നു. ബുണ്ടസ് ലീഗയുടെ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 100 ഗോളുകള്‍ നേടുന്ന താരമായും കെയ്ന്‍ മാറിയിരുന്നു. വെറും 98 മത്സരങ്ങളില്‍ നിന്നുമാണ് ഇംഗ്ലണ്ട് നായകന്റെ നേട്ടം.
യൂണിയന്‍ ബെര്‍ലിനെതിരെയുള്ള മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയാണ് ഗോളടിയില്‍ കെയ്ന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ബുണ്ടസ് ലീഗയില്‍ ഗോള്‍ സ്‌കോറിങ്ങില്‍ റെക്കോഡ് കൈപ്പിടിയിലാക്കാന്‍ ഇംഗ്ലീഷ് താരത്തിന് സാധിച്ചെങ്കിലും ടോപ് ഫൈവ് ലീഗിലെ അതിവേഗ 100 ഗോള്‍ എന്ന നേട്ടം കെയ്‌നിന് സ്വന്തമാക്കാന്‍ സാധിച്ചില്ല.
ഈ നേട്ടം ഇപ്പോഴും പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരിലാണ്. ലാ ലിഗയില്‍ റയല്‍ മാഡ്രിഡിനൊപ്പം 92 മത്സരങ്ങളില്‍ നിന്നുമായിരുന്നു റൊണാള്‍ഡോ 100 ഗോളുകള്‍ സ്വന്തമാക്കിയത്. ഏഴ് മത്സരങ്ങള്‍ കുറവ് കളിച്ചാണ് കെയ്ന്‍ ഈ നേട്ടം സ്വന്തമാക്കിയിരുന്നതെങ്കില്‍ റൊണാള്‍ഡോയുടെ ഈ റെക്കോഡും തകര്‍ക്കപ്പെടുമായിരുന്നു.
റയല്‍ മാഡ്രിഡിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനായ റൊണാള്‍ഡോയുടെ ഈ അമ്പരിപ്പിക്കുന്ന റെക്കോഡ് ആരാലും തകര്‍ക്കപ്പെടാതെ ചരിത്രത്തില്‍ തലയുയര്‍ത്തി നിലനില്‍ക്കുകയാണ്.
അതേസമയം കെയ്ന്‍ ബുണ്ടസ് ലീഗയില്‍ 100 ഗോളുകള്‍ പൂര്‍ത്തിയാക്കിയതോടെ മുന്‍ ജര്‍മന്‍ താരം ഡീറ്റര്‍ മുള്ളറുടെ പേരിലുണ്ടായിരുന്ന റെക്കോഡായിയുന്നു തകര്‍ന്ന് വീണിരുന്നത്. 1977ല്‍ 129 മത്സരങ്ങളില്‍ നിന്നുമായിരുന്നു മുള്ളര്‍ 100 ഗോളുകള്‍ നേടിയിരുന്നത്.
ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് നേടാന്‍ സാധ്യതയുള്ള താരങ്ങളില്‍ മുന്‍നിരയിലുള്ളതും കെയ്ന്‍ തന്നെയാണ്.
ബയേണിന്റെ മുന്നേറ്റനിരയില്‍ കഴിഞ്ഞ സീസണില്‍ ശ്രദ്ധേയമായ പ്രകടനമായിരുന്നു കെയ്ന്‍ നടത്തിയിരുന്നത്. 61 ഗോളുകളാണ് ഇംഗ്ലണ്ട് താരം ബയേണ്‍ മ്യൂണിക്കിന് വേണ്ടി അടിച്ചുകൂട്ടിയത്. ബുണ്ടസ്ലീഗയില്‍ 36 ഗോളുകളും താരം നേടി.
കഴിഞ്ഞ സീസണില്‍ ബയേണ്‍ മ്യൂണിക്കിനൊപ്പം രണ്ട് കിരീടങ്ങളാണ് കെയ്ന്‍ സ്വന്തമാക്കിയത്. ബുണ്ടസ്ലീഗയില്‍ കിരീടവും ഡി.എഫ്.ബി പോക്കലുമാണ് ജര്‍മന്‍ വമ്പന്മാര്‍ക്കൊപ്പം കെയ്ന്‍ സ്വന്തമാക്കിയത്.
2025-26 സീസണിലെ യൂറോപ്പിലെ മികച്ച ഗോള്‍ വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയതും കെയ്നായിരുന്നു. ഗോള്‍ഡന്‍ ബൂട്ടിനൊപ്പം ബാലണ്‍ ഡി ഓറിന്റെ സിംഹാസനത്തില്‍ കെയ്നിന്റെ കാല്‍പാദങ്ങള്‍ പതിയുമോയെന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്.
Content Highlight: Cristiano Ronaldo unbroken record in top five league