| Saturday, 8th August 2026, 8:55 am

ഞാന്‍ ചെറുപ്പത്തില്‍ ഉള്ളതിനേക്കാള്‍ ശക്തനാണ് അവന്‍: റൊണാള്‍ഡോ

സുദേവ് എ

പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അതേ പാതയിലൂടെയാണ് റൊണാള്‍ഡോ ജൂനിയറും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ചെറിയ പ്രായത്തില്‍ തന്നെ ഫുട്‌ബോളില്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ റൊണാള്‍ഡോ ജൂനിയറിന് സാധിച്ചിട്ടുണ്ട്.

റൊണാള്‍ഡോ കളിക്കുന്ന ക്ലബ്ബുകളുടെയെല്ലാം ജൂനിയര്‍ അക്കാദമിയിലൂടെയാണ് റൊണാള്‍ഡോ ജൂനിയര്‍ കളി പഠിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ്, അല്‍ നസര്‍ എന്നീ ക്ലബ്ബുകളുടെയെല്ലാം അക്കാദമികളില്‍ റോണോ ജൂനിയര്‍ കളിച്ചിട്ടുണ്ട്.

ഇപ്പോള്‍ റൊണാള്‍ഡോ ജൂനിയറിന്റെ കഴിവിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ക്രിസ്റ്റ്യാനോ. താന്‍ ചെറുപ്പത്തില്‍ ഉള്ളതിനേക്കാള്‍ ശക്തനാണ് റൊണാള്‍ഡോ ജൂനിയറെന്നാണ് പോര്‍ച്ചുഗീസ് ഇതിഹാസം സംസാരിച്ചത്. നെറ്റ്ഫ്‌ലിക്‌സ് സ്‌പോര്‍ട്‌സിലൂടെ സംസാരിക്കുകയായിരുന്നു റൊണാള്‍ഡോ.

‘അവന്‍(റൊണാള്‍ഡോ ജൂനിയര്‍) നല്ല കുട്ടിയാണ്. വളരെ സത്യസന്ധനും നല്ല സ്വഭാവമുള്ളവനുമാണ്. എന്റെ വീട്ടിലെ ചെറിയ കുട്ടികളെ പോലെ തന്നെയാണ് അവനും. ഞാന്‍ ചെറുപ്പത്തില്‍ ഉള്ളതിനേക്കാള്‍ അല്‍പ്പം ശക്തനാണ് അവന്‍. ഞാന്‍ അന്ന് കുറച്ച് ചെറുതായിരുന്നു. അതുകൊണ്ട് തന്നെ അവന്‍ എന്നേക്കാള്‍ വലുതായിരിക്കുമെന്ന് തോന്നുന്നു. വിജയിക്കണമെന്ന് ആഗ്രഹമാണ് ഏറ്റവും പ്രധാനം,’ റൊണാള്‍ഡോ പറഞ്ഞു.

അല്‍ നസറിന്റെ യൂത്ത് ടീമിന് വേണ്ടി മിന്നും പ്രകടനം നടത്തുന്ന റൊണാള്‍ഡോ ജൂനിയര്‍ കഴിഞ്ഞ വര്‍ഷം പോര്‍ച്ചുഗല്‍ യുവനിരയിലും ഇടം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം പോര്‍ച്ചുഗല്‍ ടീമിനൊപ്പം കിരീടം നേടാനും റൊണാള്‍ഡോ ജൂനിയര്‍ക്ക് സാധിച്ചിരുന്നു.

വ്ലാറ്റ്കോ മാര്‍ക്കോവിച്ച് ടൂര്‍ണമെന്റിലാണ് പോര്‍ച്ചുഗല്‍ കിരീടം ചൂടിയത്. ഫൈനലില്‍ ക്രോയേഷ്യയെ 3-2 എന്ന ത്രില്ലര്‍ സ്‌കോറിന് വീഴ്ത്തിയാണ് പറങ്കിപ്പട ചാമ്പ്യന്മാരായത്. ഫൈനലില്‍ പോര്‍ച്ചുഗലിനായി ഇരട്ട ഗോള്‍ നേടി റൊണാള്‍ഡോ ജൂനിയര്‍ തിളങ്ങുകയും ചെയ്തിരുന്നു.

അതേസമയം റൊണാള്‍ഡോ അല്‍ നസറിനൊപ്പം പുതിയ സീസണിനായുള്ള തയ്യാറെടുപ്പിലാണ്. ഈ മാസം പകുതിയോടെ വീണ്ടും ക്ലബ്ബ് ഫുട്‌ബോള്‍ ആവേശം തിരിച്ചെത്തും. ഓഗസ്റ്റ് 13 മുതലാണ് സൗദി പ്രൊ ലീഗിന് തുടക്കമാവുന്നത്.

ഓഗസ്റ്റ് 15നാണ് അല്‍ നസറിന്റെ ആദ്യ മത്സരം. അല്‍ ഫത്തേഹ് എഫ്.സിക്കെതിരെയാണ് റൊണാള്‍ഡോയുടെയും സംഘത്തിന്റെയും ആദ്യ മത്സരം. കഴിഞ്ഞ സീസണില്‍ സ്വന്തമാക്കിയ ലീഗ് കിരീടം നിലനിര്‍ത്താനായിരിക്കും അല്‍ നസര്‍ ലക്ഷ്യം വെക്കുക. ഈ സീസണില്‍ റൊണാള്‍ഡോ മിന്നും പ്രകടനം പുറത്തെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: Cristiano Ronaldo talks about Ronaldo Junior

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more