| Tuesday, 13th October 2026, 6:32 am

ഞാനും മെസിയും തമ്മിലുള്ള മത്സരം ആ ഇതിഹാസങ്ങളെ പോലെയായിരുന്നു: റൊണാൾഡോ

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ഫുട്ബോളിൽ രണ്ടര പതിറ്റാണ്ടുകളായി ശക്തമായ ആധിപത്യം തുടരുന്ന ഇതിഹാസങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും. സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന് വേണ്ടിയും ബാഴ്സലോണക്ക് വേണ്ടിയും ഇരുതാരങ്ങളും നടത്തിയ അവിസ്മരണീയമായ പോരാട്ടങ്ങൾ ഇപ്പോഴും ആരാധകരുടെ മനസിൽ മായാതെ നിൽക്കുന്ന ഓർമകളാണ്. റയൽ-ബാഴ്സ എൽക്ലാസിക്കോയിൽ പല സമയത്തും മെസിയും റൊണാൾഡോയും നടത്തിയ പോരാട്ടങ്ങൾ ഏറെ ശ്രദ്ധേയമാണ്.

നിലവിൽ ഈ രണ്ട് ഇതിഹാസങ്ങളും തങ്ങളുടെ ഫുട്ബോൾ കരിയറിന്റെ അവസാനഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇപ്പോൾ ഫുട്ബോളിൽ മെസിയുമായുള്ള ആരോഗ്യപരമായ മത്സരത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് റൊണാൾഡോ.

ഫുട്ബോളിലെ തങ്ങളുടെ പോരാട്ടങ്ങൾ ഫോർമുല വണ്ണിലെ ഇതിഹാസങ്ങളായ അയർട്ടൺ സെന്നയുടെയും അലൈൻ പ്രോസ്റ്റിന്റെയും പോലെയാണെന്നാണ് റൊണാൾഡോ പറഞ്ഞത്. സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പോർച്ചുഗീസ് ഇതിഹാസം.

’15 വർഷത്തോളം ഞാനും മെസിയും ഒരേ വേദിയിൽ അവാർഡ് ചടങ്ങുകളിൽ പങ്കെടുത്തു. എപ്പോഴും ഞങ്ങൾ നല്ല രീതിയിൽ ആയിരുന്നു. ഒന്നോ രണ്ടോ തവണ ഇംഗ്ലീഷിലുള്ള പ്രഖ്യാപനങ്ങൾ അവന് ഞാൻ പരിഭാഷപ്പെടുത്തി കൊടുത്തിട്ടുണ്ട്. അവനും എന്നോട് എപ്പോഴും നല്ല രീതിയിലാണ് പെരുമാറിയിട്ടുള്ളത്. സെന്ന-പ്രോസ്റ്റ് പോലെ ആരോഗ്യകരമായ ഒരു മത്സരമായിരുന്നു ഞങ്ങളുടെത്. ഞങ്ങൾ പരസ്പരം പ്രചോദിപ്പിച്ചു’ റൊണാൾഡോ പറഞ്ഞു.

മെസി അടുത്തിടെ ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ആഫ്രിക്കൻ ക്ലബ്ബായ ബെനിനെതിരെയായിരുന്നു മെസി അവസാനമായി അർജന്റീനക്ക് വേണ്ടി കളത്തിലിറങ്ങിയത്. അവസാന മത്സരത്തിൽ അർജന്റീനക്ക് വേണ്ടി മെസി രണ്ട് അസിസ്റ്റുകളും ഒരു ഗോളും നേടിയാണ് തിളങ്ങിയത്.

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചെങ്കിലും ക്ലബ്ബ് ഫുട്ബോളിൽ ഇന്റർ മയാമിക്ക് വേണ്ടി മിന്നും ഫോമിലാണ് മെസി കളിച്ചുകൊണ്ടിരിക്കുന്നത്.

മറുഭാഗത്ത് റൊണാൾഡോ ഇപ്പോഴും ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ സൗദി ക്ലബ്ബായ അൽ നസറിന് വേണ്ടി പ്രായം തളർത്താത്ത പോരാട്ടവീര്യമാണ് റൊണാൾഡോ നടത്തിക്കൊണ്ടിരിക്കുന്നത്.

നിലവിൽ ആയിരം ഗോളുകളെന്ന ചരിത്രനേട്ടത്തിന്റെ തൊട്ടരികിലാണ് പോർച്ചുഗീസ് ഇതിഹാസം. ഇതിനോടകം തന്നെ 981 ഗോളുകൾ എതിരാളികളുടെ വലയിലെത്തിച്ച റൊണാൾഡോയ്ക്ക് 19 ഗോളുകൾ കൂടി മതി ഈ മാന്ത്രിക സംഖ്യയിലെത്താൻ. വിരമിക്കുന്നതിന് മുന്നോടിയായി റൊണാൾഡോ ഈ ചരിത്ര നേട്ടം സ്വന്തമാക്കുമെന്ന് തന്നെയാണ് ഫുട്ബോൾ ലോകം ഉറച്ച വിശ്വസിക്കുന്നത്.

Content Highlight: Cristiano Ronaldo talks about Lionel Messi

We use cookies to give you the best possible experience. Learn more