| Friday, 17th April 2026, 7:58 pm

2030 ലോകകപ്പ് കളിക്കാനുള്ള സാധ്യത ഞാൻ തള്ളിക്കളയുന്നില്ല: വമ്പൻ സൂചന നൽകി റൊണാൾഡോ

Sudev A

പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഫുട്ബോൾ കരിയറിന്റെ അവസാനഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. 2026 ഫിഫ ലോകകപ്പിൽ പോർച്ചുഗലിനോപ്പം ചരിത്രത്തിലെ ആദ്യ ലോക കിരീടം റൊണാൾഡോ സ്വന്തമാക്കുമെന്നാണ് ആരാധകർ ഉറച്ചുവിശ്വസിക്കുന്നത്. ഇപ്പോൾ ലോകകപ്പിന് മുന്നോടിയായി റൊണാൾഡോ തന്റെ ഭാവിയെക്കുറിച്ച് സംസാരിച്ച വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

2030 വരെ ലോകകപ്പ് കളിക്കാനുള്ള സാധ്യതകൾ പൂർണമായും തള്ളി കളയുന്നില്ലെന്നാണ് റൊണാൾഡോ പറഞ്ഞത്. ഗോളുകൾ നേടുന്നത് തുടരുകയാണെങ്കിൽ ഇനിയും നാല് വർഷം കൂടി തനിക്ക് കളിക്കാൻ സാധിക്കുമെന്നും റൊണാൾഡോ വ്യക്തമാക്കി. റൊണാൾഡോയുടെ വാക്കുകൾ ഉദ്ധരിച്ച് DAZN ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

”2030 ലോകകപ്പിൽ കളിക്കാനുള്ള സാധ്യത പൂർണമായും ഞാൻ തള്ളി കളഞ്ഞിട്ടില്ല. എല്ലാ ആഴ്ചയിലും 41ാം വയസ്സിലും ഞാൻ ഗോളുകൾ നേടുന്നത് തുടരുകയാണെങ്കിൽ ഒരു പക്ഷെ എനിക്ക് മറ്റൊരു നാല് വർഷം കൂടി കളിക്കാൻ സാധിക്കും” റൊണാൾഡോ പറഞ്ഞു.

നിലവിൽ തന്റെ 41ാം വയസ്സിലും പ്രായം തളർത്താത്ത പോരാട്ടവീര്യമാണ് റൊണാൾഡോ നടത്തിക്കൊണ്ടിരിക്കുന്നത്. ലോകകപ്പിലും റൊണാൾഡോയുടെ ബൂട്ടുകളിൽ നിന്നും അത്ഭുതങ്ങൾ പിറക്കുമെന്നാണ് ഫുട്ബോൾ ലോകം ഉറച്ചുവിശ്വസിക്കുന്നത്. ലോകകപ്പിൽ ഗ്രൂപ്പ് കെയിലാണ് പറങ്കിപ്പട ഇടം നേടിയിട്ടുള്ളത്. കൊളംബിയ, ഉസ്ബെക്കിസ്ഥാൻ, ഡി.ആർ. കോംഗോ എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകൾ.

അതേസമയം 2022 ലോകകപ്പിൽ പോർച്ചുഗലിന് ക്വാർട്ടർ ഫൈനൽ വരെ മാത്രമേ എത്താൻ സാധിച്ചുള്ളൂ. ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച മൂന്ന് മത്സരത്തിൽ രണ്ടിലും വിജയിച്ച് ഗ്രൂപ്പിൽ ഒന്നാം സ്ഥാനവുമായാണ് പറങ്കിപ്പട റൗണ്ട് ഓഫ് സിക്സ്റ്റീനിൽ പ്രവേശിച്ചിരുന്നത്.

പ്രീ ക്വാർട്ടർ മത്സരത്തിൽ പോർച്ചുഗൽ സ്വിറ്റ്സർലൻഡിനെ 6-1ന് തോൽപ്പിച്ച് ക്വാർട്ടറിലേക്ക് മുന്നേറി. എന്നാൽ, ക്വാർട്ടറിൽ മൊറോക്കോയോട് തോറ്റ് പോർച്ചുഗൽ പുറത്താവുകയായിരുന്നു. ഖത്തറിന്റെ മണ്ണിൽ വീണ കണ്ണീർ 2026ൽ കിരീടം നേടിക്കൊണ്ട് അവസാനിപ്പിക്കാനാവും റൊണാൾഡോയും സംഘവും ലക്ഷ്യം വെക്കുക.

Content Highlight: Cristiano Ronaldo Talks about his future in Football

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more