| Tuesday, 10th June 2025, 8:48 am

അവന്‍ മികച്ച പ്രതിഭയാണ്, നിരവധി കിരീടങ്ങള്‍ നേടും; പ്രശംസയുമായി റൊണാള്‍ഡോ

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ നേഷന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ് പോര്‍ച്ചുഗല്‍. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്‌പെയിനിനെ 5-3ന് പരാജയപ്പെടുത്തിയാണ് റൊണാള്‍ഡോയും സംഘവും തങ്ങളുടെ രണ്ടാം കിരീടത്തില്‍ മുത്തമിട്ടത്. അലൈന്‍സ് അരേനയില്‍ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്തില്‍ ഇരുവരും രണ്ട് ഗോള്‍ നേടി സമനില പിടിക്കുകയായിരുന്നു. തുടര്‍ന്ന് പെനാല്‍റ്റിയിലേക്ക് കടന്ന ആവേശം നിറഞ്ഞ മത്സരത്തില്‍ പോര്‍ച്ചുഗല്‍ ലീഡ് നേടുകയായിരുന്നു.

നിര്‍ണായക ഘട്ടത്തില്‍ റൊണാള്‍ഡോയുടെ ഗോളും പോര്‍ച്ചുഗലിന്റെ ഗോളി ടിയാഗോ കോസ്റ്റയുടെ മിന്നും പ്രകടനവുമാണ് പോര്‍ച്ചുഗലിനെ കിരീടത്തിലെത്തിച്ചത്. മുന്‍ ചാമ്പ്യന്‍മാരെ പരാജയപ്പെടുത്തി യുവേഫ നേഷന്‍സ് ലീഗിലെ ഒരു ചരിത്ര നേട്ടം സ്വന്തമാക്കാനും റൊണാള്‍ഡോയ്ക്കും സംഘത്തിനും സാധിച്ചിരുന്നു. ചരിത്രത്തില്‍ രണ്ട് യുവേഫ നാഷന്‍സ് സ്വന്തമാക്കുന്ന ടീമായി മാറാനാണ് പോര്‍ച്ചുഗലിന് സാധിച്ചത്.

ഫൈനലില്‍ സ്‌പെയ്‌നിന്റെ സൂപ്പര്‍ കിഡ് ലാമിന്‍ യമാലിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. കളത്തില്‍ യമാലും റൊണാള്‍ഡോയും നേര്‍ക്കുനേര്‍ പോരാടിയിരുന്നു. മത്സരശേഷം യുവതാരം ലാമിന്‍ യമാലിനെ പ്രശംസിച്ചുകൊണ്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സംസാരിച്ചു. യമാല്‍ മികച്ച താരമാണെന്നും ഒരുപാട് കിരീടങ്ങള്‍ നേടാന്‍ യമാലിന് സാധിക്കുമെന്നുമാണ് റൊണാള്‍ഡോ പറഞ്ഞത്.

‘യമാല്‍ ഒരു മികച്ച പ്രതിഭയാണ്. അവന്‍ നിരവധി കിരീടങ്ങള്‍ നേടും. ഫുട്‌ബോളില്‍ അവന് ഒരു നീണ്ട കരിയറാണ് മുന്നിലുള്ളത്. തീര്‍ച്ചയായും അവന്‍ ഒരുപാട് തവണ നേഷന്‍ ലീഗ് നേടും,’ റൊണാള്‍ഡോ പറഞ്ഞു.

മാത്രമല്ല യമാലിന് മികച്ച കഴിവുണ്ടെന്നും കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ബാലണ്‍ ഡി ഓര്‍ നേടുമെന്നുമാണ് റൊണാള്‍ഡോ മുമ്പ് നല്‍കിയ ഒരു അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.

‘ചാമ്പ്യന്‍സ് ലീഗ് ജയിക്കുന്നവര്‍ക്ക് ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കാന്‍ കഴിയും. വ്യക്തിഗത അവാര്‍ഡുകളില്‍ ഞാന്‍ ഇപ്പോള്‍ വലിയ വിശ്വാസമൊന്നും കാണിക്കാറില്ല. കാരണം ഇതിന് പിന്നില്‍ എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയാം. ലാമിന്‍ യമാലിന് വലിയ കഴിവുണ്ട്.അതില്‍ ഒരു സംശയവുമില്ല. അവന്‍ പ്രകടനങ്ങള്‍ ഇതേപോലെ തുടര്‍ന്നാല്‍ മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കും,’ റൊണാള്‍ഡോ പറഞ്ഞു.

Content Highlight: Cristiano Ronaldo Talking About Lamine Yamal

We use cookies to give you the best possible experience. Learn more