സൗദി പ്രൊ ലീഗില്‍ അല്‍ താവൂണ്‍ എഫ്.സിയെ തകര്‍ത്ത് അല്‍ നസര്‍ സീസണിലെ തങ്ങളുടെ തുടര്‍ച്ചയായ നാലാം വിജയം സ്വന്തമാക്കിയിരിക്കുകയാണ്. റിയാദിലെ അല്‍ അവ്വല്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സൗദി വമ്പന്മാരുടെ ജയം.
മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളിലൂടെയാണ് അല്‍ നസര്‍ വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ 50ാം മിനിട്ടിലായിരുന്നു താരത്തിന്റെ ഗോള്‍ പിറന്നത്.
ഈ ഗോളോടെ ഒരു ചരിത്രനേട്ടവും പോര്‍ച്ചുഗീസ് ഇതിഹാസം തന്റെ പേരിലാക്കി മാറ്റിയിരുന്നു. സൗദി പ്രൊ ലീഗില്‍ അല്‍ നസറിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായാണ് റൊണാള്‍ഡോ മാറിയത്. 104 ഗോളുകളുമായാണ് റൊണാള്‍ഡോ ഒന്നാമനായത്. 103 ഗോളുകള്‍ നേടിയ മുഹമ്മദ് അല്‍ സഹ്ലവിയെ മറികടന്നാണ് റൊണാള്‍ഡോയുടെ നേട്ടം.
ചരിത്ര നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ റൊണാള്‍ഡോ മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു. നേട്ടത്തില്‍ തനിക്ക് വളരെ സന്തോഷമുണ്ടെന്നും ഇത് തനിക്ക് മാത്രം അവകാശപ്പെട്ട നേട്ടമല്ലെന്നും ഇതില്‍ തന്റെ സഹതാരങ്ങള്‍ക്കാണ് നന്ദി പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
‘എനിക്ക് വളരെ വളരെ സന്തോഷമുണ്ട്. ഇതൊരു മികച്ച നേട്ടമാണ്, പക്ഷേ ഇത് ക്രിസ്റ്റ്യാനോയുടെ മാത്രം നേട്ടമല്ല. എന്റെ സഹതാരങ്ങള്‍ക്ക് നന്ദി പറയണം, കാരണം അവരില്ലായിരുന്നെങ്കില്‍ ഇത് സാധ്യമാകുമായിരുന്നില്ല. പക്ഷേ ആരാധകരുടെ കാര്യത്തിലും ഞാന്‍ വളരെ സന്തുഷ്ടനാണ്. അവര്‍ എന്നെ എപ്പോഴും പിന്തുണയ്ക്കുന്നു, അതില്‍ ഞാന്‍ വളരെ അഭിമാനിക്കുന്നു. നന്ദി,’ റൊണാള്‍ഡോ മത്സര ശേഷം പറഞ്ഞു
മത്സരത്തില്‍ നേടിയ ഒറ്റ ഗോളോടെ ഫുട്‌ബോളിലെ തന്റെ ഗോള്‍ നേട്ടം 978 ആക്കി ഉയര്‍ത്താനും റൊണാള്‍ഡോക്ക് സാധിച്ചു. നിലവില്‍ ഫുട്ബോളില്‍ ആയിരം ഗോളുകളെന്ന ചരിത്ര നേട്ടത്തിലേക്ക് റൊണാള്‍ഡോ കണ്ണുവെക്കുന്നത്. 22 ഗോളുകള്‍ കൂടി എതിരാളികളുടെ വലയില്‍ എത്തിക്കാന്‍ റൊണാള്‍ഡോക്ക് സാധിച്ചാല്‍ ഈ മാന്ത്രിക സംഖ്യയിലേക്ക് നടന്നുകയറാന്‍ സാധിക്കും.
റൊണാള്‍ഡോ തന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത് റയല്‍ മാഡ്രിഡിന് വേണ്ടിയാണ്. 450 തവണയാണ് റൊണാള്‍ഡോ റയല്‍ മാഡ്രിഡിന് വേണ്ടി ലക്ഷ്യം കണ്ടത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം രണ്ട് കാലഘട്ടങ്ങളിലായി കളത്തിലിറങ്ങിയ റൊണാള്‍ഡോ 145 ഗോളുകളും സ്വന്തമാക്കി. ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിനായി 101 ഗോളുകളും സ്പോര്‍ട്ടിങ്ങിന് വേണ്ടി അഞ്ച് ഗോളുകളും റൊണാള്‍ഡോ നേടി. പോര്‍ച്ചുഗലിന് വേണ്ടി 146 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചുകൂട്ടിയത്. സൗദി ക്ലബ്ബിന് വേണ്ടി 131 ഗോളുകളും നേടിയാണ് റൊണാള്‍ഡോ കുതിക്കുന്നത്.
അതേസമയം നിലവില്‍ സൗദി ലീഗ് പോയിന്റ് പട്ടികയില്‍ ആദ്യ നാല് മത്സരങ്ങളും വിജയിച്ച് 12 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് റൊണാള്‍ഡോയും സംഘവും. സെപ്റ്റംബര്‍ അഞ്ചിന് അല്‍ ഇത്തിഹാദിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം.
Content Highlight: Cristiano Ronaldo Talking About His Historical Achievement In Al Nasser