| Wednesday, 5th February 2025, 5:31 pm

അത്താഴം കഴിക്കില്ല, സ്വയം ദേഷ്യപ്പെട്ട് സംസാരിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യും; റയലില്‍ ഉണ്ടായിരുന്നപ്പോഴുള്ള അനുഭവം പറഞ്ഞ് റൊണാള്‍ഡോ

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്ബോള്‍ ലോകത്തെ ഇതിഹാസതാരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നിലവില്‍ 923 ഗോളുകള്‍ സ്വന്തമാക്കി ഫുട്ബോള്‍ ലോകത്ത് ഏറ്റവും അധികം ഗോളുകള്‍ നേടിയ താരം എന്ന റെക്കോഡ് നേടി കുതിക്കുകയാണ് റോണോ.

നിലവില്‍ ക്ലബ് ലെവലില്‍ അല്‍ നസറിനു വേണ്ടി ആറുമാസത്തെ കരാര്‍ നീട്ടിയിരിക്കുകയാണ് റൊണാള്‍ഡോ. 94 മത്സരങ്ങളില്‍ നിന്ന് 85 ഗോളുകളാണ് 40കാരനായ റൊണാള്‍ഡോ അല്‍ നസറിനു വേണ്ടി നേടിയത്. പ്രായത്തേക്കാള്‍ കവിഞ്ഞ അമ്പരപ്പിക്കുന്ന പ്രകടനമാണ് റോണോ കാഴ്ചവെക്കുന്നത്.

ഇപ്പോള്‍ റൊണാള്‍ഡോ തന്റെ മുന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്ക് വെക്കുകയാണ്. റയലിന് വേണ്ടി 450 ഗോളുകള്‍ നേടിയ റൊണാള്‍ഡോ മത്സരങ്ങളില്‍ റയലിന് വേണ്ടി ഗോള്‍ നേടാനോ പെനാല്‍റ്റി പാഴാക്കുകയോ ചെയ്താല്‍ സ്വയം വലിയ ദേഷ്യം ഉണ്ടാകുമെന്നും അത്താഴം പോലും കഴിക്കാതെ ഉറങ്ങാന്‍ പോകുമെന്നും പറഞ്ഞു.

മാത്രമല്ല എന്തുകൊണ്ട് ഇടതു വശത്തേക്കോ, വലതു വശത്തേക്കോ ഷോട്ടിന് ശ്രമിച്ചില്ല എന്ന് ഞാന്‍ സ്വയം ദേഷ്യപ്പെട്ട് സംസാരിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുമെന്നും റോണോ പറഞ്ഞു.

‘റയല്‍ മാഡ്രിഡിലെ ചില സംഭവങ്ങള്‍ ഞാന്‍ ഓര്‍മയിലുണ്ട്. കളിയില്‍ ഒരു ഗോളവസരം നഷ്ടപ്പെടുമ്പോളോ പെനല്‍റ്റി നഷ്ടപ്പെടുത്തിയാലോ എനിക്ക് സ്വയം വലിയ ദേഷ്യമായിരുന്നു. തെറ്റുകള്‍ വരുത്താന്‍ ഞാന്‍ എന്നെത്തന്നെ അനുവദിക്കാറില്ല,

അത്തരം സന്ദര്‍ഭങ്ങളില്‍ അത്താഴം പോലും കഴിക്കാതെയാണ് ഞാന്‍ കിടക്കാന്‍ പോയിരുന്നത്. എന്തുകൊണ്ട് ഇടതു വശത്തേക്കോ, വലതു വശത്തേക്കോ ഷോട്ടിന് ശ്രമിച്ചില്ല എന്ന് ഞാന്‍ സ്വയം സംസാരിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യും. അന്ന് അത് ചെയ്തതില്‍ എനിക്ക് ഒരു പശ്ചാത്താപമില്ല,’ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞു.

Content Highlight: Cristiano Ronaldo Talking About His Experience In Real Madrid

We use cookies to give you the best possible experience. Learn more