| Wednesday, 24th June 2026, 11:53 am

ഫുട്‌ബോളില്‍ നിന്നും വിരമിച്ചത് പോലെ എനിക്ക് തോന്നി: തുറന്ന് പറഞ്ഞ് റൊണാള്‍ഡോ

സുദേവ് എ

2026 ഫിഫ ലോകകപ്പില്‍ ഉസ്ബക്കിസ്ഥാനെ വീഴ്ത്തി പോര്‍ച്ചുഗല്‍ ഈ ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കിയിരുന്നു. ഹൂസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് പറങ്കിപ്പടയുടെ വിജയം. ആദ്യ മത്സരത്തില്‍ ഡി. ആര്‍ കോംഗോക്കെതിരെ സമനില വഴങ്ങിയ പോര്‍ച്ചുഗല്‍ ഉസ്ബക്കിസ്ഥാനെതിരെ ശക്തമായി തിരിച്ചുവരികയായിരുന്നു.

ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വമ്പന്‍ തിരിച്ചുവരവിന് കൂടിയാണ് ഈ മത്സരം സാക്ഷ്യം വഹിച്ചത്. ഇരട്ട ഗോള്‍ നേടിയാണ് റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ വിജയത്തില്‍ നിര്‍ണായകമായത്. മത്സരത്തില്‍ 6, 39 എന്നീ മിനിറ്റുകളിലാണ് റൊണാള്‍ഡോയുടെ ഗോളുകള്‍ പിറന്നത്.

മത്സരശേഷം പോര്‍ച്ചുഗലിന്റെ തിരിച്ചുവരവിനെക്കുറിച്ച് റൊണാള്‍ഡോ സംസാരിച്ചു. വളരെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞ ദിവസങ്ങളാണ് കടന്ന് പോയതെന്നാണ് റൊണാള്‍ഡോ വ്യക്തമാക്കിയത്. ഈ സമയങ്ങളില്‍ ഫുട്‌ബോളില്‍ നിന്നും വിരമിച്ചത് പോലെയാണ് തനിക്ക് തോന്നിയതെന്നും റൊണാള്‍ഡോ പറഞ്ഞു. റെക്കോഡുകള്‍ തകര്‍ക്കുന്നത് സന്തോഷകരമായ കാര്യമാണെങ്കിലും

‘ഇതൊരു ബുദ്ധിമുട്ടുള്ള ആഴ്ചയായിരുന്നു. ഫുട്‌ബോളില്‍ നിന്നും വിരമിച്ചത് പോലെ എനിക്ക് തോന്നി. എന്നാല്‍ എപ്പോഴും ചെയ്യുന്നത് പോലെ ഞാന്‍ പിടിച്ചുനിന്നു. കാരണം ഞാന്‍ മറ്റേത് കാര്യത്തേക്കാളും എന്റെ ജോലിയില്‍ വിശ്വസിക്കുന്നുണ്ട്.

എന്റെ സഹതാരങ്ങള്‍ എന്നെ സഹായിക്കുമെന്ന് എനിക്കറിയാമായിരുന്നു. ഞങ്ങള്‍ തിരിച്ചെത്തി. എനിക്ക് സന്തോഷമുണ്ട്. റെക്കോഡുകള്‍ തകര്‍ക്കുന്നത് എപ്പോഴും സന്തോഷകരമാണ്. എന്നാല്‍ ദേശീയ ടീമിനെ അവരുടെ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുകയെന്നതാണ് എന്റെ ലക്ഷ്യം,’ റൊണാള്‍ഡോ പറഞ്ഞു.

അതേസമയം മത്സരത്തിലെ ഇരട്ട ഗോളുകള്‍ക്ക് പിന്നാലെ ആറ് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ഏക താരമെന്ന നേട്ടവും റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു. താരം ഇതുവരെ കളിച്ച എല്ലാ എഡിഷനിലും എതിരാളികളുടെ വല കുലുക്കിയാണ് ഈ നേട്ടത്തിലെത്തിയത്.

ഇതിന് പുറമെ റൊണാള്‍ഡോ ലോകകപ്പില്‍ പോര്‍ച്ചുഗലിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനായും മാറി. 10 ഗോളുകളാണ് റൊണാള്‍ഡോ ലോകകപ്പില്‍ ഇതുവരെ അടിച്ചെടുത്തത്. ഒമ്പത് ഗോളുകള്‍ നേടിയ മുന്‍ താരം യൂസെബായോയെ മറികടന്നാണ് റൊണാള്‍ഡോ ഒന്നാമനായത്. 1966 ലോകകപ്പിലാണ് യൂസെബായോ ഒമ്പത് ഗോളുകള്‍ സ്വന്തമാക്കിയത്.

ജൂണ്‍ 28നാണ് പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനിറങ്ങുന്നത്. മയാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കൊളംബിയയാണ് പറങ്കിപ്പടയുടെ എതിരാളികള്‍.

Content Highlight: Cristiano Ronaldo talk Portugal comeback int the 2026 World Cup

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more