സൗദി പ്രോ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അല്‍ ഷബാബിനെതിരെ തകര്‍പ്പന്‍ വിജയമാണ് അല്‍ നസര്‍ സ്വന്തമാക്കിയത്. അല്‍ അവ്വാല്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ വിജയം നേടിയത്.
മത്സരത്തിലെ രണ്ടാം മിനിട്ടില്‍ സാദ് യസ്‌ലമും എട്ടാം മിനിട്ടില്‍ കിങ്‌സിലി കോമനും 76ാം മിനിട്ടില്‍ അബ്ദുള്‍ റഹ്‌മാനുമാണ് അല്‍ നസറിനായി ഗോള്‍ സ്വന്തമാക്കിയത്. അല് ഷബാബിന് വേണ്ടി മുഹമ്മദ് സിമകന്‍ (31ാം മിനിട്ട്), കാര്‍ലോസ് (53ാം മിനിട്ട്) എന്നിവരും ഗോള്‍ നേടി.
മത്സരത്തില്‍ സൂപ്പര്‍ താരം റൊണാള്‍ഡോയ്ക്ക് ഗോള്‍ സ്വന്തമാക്കാന്‍ സാധിക്കാത്തതില്‍ ആരാധകര്‍ ഏറെ നിരാശയിലാണ്. ഒരു സൂപ്പര്‍ നേട്ടത്തിലെത്താന്‍ റോണാ വൈകുന്നതാണ് ആരാധകരുടെ നിരാശയ്ക്ക് കാരണം. ഇതിനായി നാല് ഗോളുകളാണ് ഇനി റൊണാള്‍ഡോയ്ക്ക് നേടേണ്ടത്.
30 വയസ് തികഞ്ഞതിന് ശേഷം ഫുട്‌ബോള്‍ ചരിത്രത്തില്‍ 500 ഗോളുകള്‍ നേടുന്ന ആദ്യ താരമാകാനാണ് റോണോയ്ക്ക് സാധിക്കുക. നിലവില്‍ 496 ഗോളുകളാണ് റോണോ 30 വയസിന് ശേഷം അടിച്ച് കൂട്ടിയത്. ജനുവരി 21ന് ദാമക്കിനെതിരായ മത്സരത്തില്‍ റോണോ ഗോള്‍ നേടുമെന്നാണ് ഏവരും വിശ്വസിക്കുന്നത്.
മാത്രമല്ല നിലവില്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ 959 ഗോളുകള്‍ സ്വന്തമാക്കിയാണ് റോണോ തന്റെ ഗോള്‍ വേട്ട തുടരുന്നത്. 1000 ഗോള്‍ എന്ന സ്വപ്ന നേട്ടത്തിലെത്താന്‍ റോണോയ്ക്ക് ഇനി വെറും 41 ഗോളുകളാണ് വേണ്ടത്.
മാത്രമല്ല സൗദി പ്രോ ലീഗിന്റെ 2025-26 സീസണില്‍ 15 മത്സരത്തില്‍ നിന്ന് 15 ഗോളുകള്‍ സ്വന്തമാക്കാനും റോണോയ്ക്ക് സാധിച്ചു. സീസണില്‍ അല്‍നസറിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കുന്ന താരമാകാനും റോണോയ്ക്ക് സാധിച്ചിരുന്നു.
Content Highlight: Cristiano Ronaldo still has to wait for the super achievement