| Saturday, 28th June 2025, 3:15 pm

ഞാനും മെസിയും തമ്മിലുള്ള പ്രധാന വ്യത്യാസം അതൊന്ന് മാത്രം; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞത്

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്ബോള്‍ ലോകം പുതിയ കാലഘട്ടത്തിലേക്ക് കാലെടുത്ത് വെച്ചിട്ടും ഹാലണ്ടും എംബാപ്പെയും മുതല്‍ ലാമിന്‍ യമാല്‍ വരെയുള്ള ടാലന്റുകള്‍ ഗ്രൗണ്ടിലെ ഓരോ പുല്‍നാമ്പുകളെയും ത്രസിപ്പിച്ചിട്ടും മെസി, റൊണാള്‍ഡോ എന്നീ പേരുകള്‍ പരാമര്‍ശിക്കപ്പെടാതെ ഒരു ഫുട്ബോള്‍ ആരാധകന്റെയും ഒരു ദിവസം കടന്നുപോകാറില്ല.

ഒരു പതിറ്റാണ്ടിലേറെ കാലം നേര്‍ക്കുനേര്‍ മത്സരിച്ചാണ് ഇരുവരും ഫുട്ബോള്‍ ലോകത്തെ രണ്ട് ധ്രുവങ്ങളില്‍ നിര്‍ത്തിയത്. ഇരുവരും നേര്‍ക്കുനേര്‍ വരുന്ന എല്‍ ക്ലാസിക്കോ പോരാട്ടങ്ങള്‍ ലോകമെമ്പാടും ചര്‍ച്ചയായിരുന്നു.

ഇവരില്‍ മികച്ച താരമാര് എന്നതായിരുന്നു ഫുട്‌ബോളില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട വിഷയം. മെസിയാണ് മികച്ചതെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ മറുവശത്ത് റൊണാള്‍ഡോയാണ് മികച്ചതെന്ന് മറ്റൊരു കൂട്ടരും പറയുന്നു. ഇരുവരും ഇതിഹാസങ്ങള്‍ തന്നെയെന്ന് ഒരുപോലെ അംഗീകരിക്കുന്നവരും കുറവല്ല.

2009-2018 കാലഘട്ടത്തിലാണ് മെസി – റൊണാള്‍ഡോ റൈവല്‍റി അതിന്റെ കൊടുമുടിയിലെത്തിയത്. മെസി ബാഴ്‌സലോണയ്ക്കും ക്രിസ്റ്റിയാനോ റയല്‍ മാഡ്രിഡിനും വേണ്ടി കളിക്കുന്ന സമയമായിരുന്നു അത്.

ബാലണ്‍ ഡി ഓറും ലീഗ് ടൈറ്റിലുകളും ചാമ്പ്യന്‍സ് ലീഗും സ്വന്തമാക്കി ഇരുവരും പരസ്പരം മത്സരിച്ചുമുന്നേറിക്കൊണ്ടിരുന്ന കാലഘട്ടത്തില്‍ ഫുട്‌ബോള്‍ ആരാധകര്‍ കാല്‍പ്പന്തിന്റെ മനോഹാരിതയില്‍ മതിമറന്നു.

ഇരുവരും തമ്മില്‍ മികച്ചത് ആരാണെന്ന ചര്‍ച്ചകള്‍ കൊടുമ്പിരി കൊണ്ടുനിന്നതും ഈ കാലങ്ങളില്‍ തന്നെ.

2019ല്‍ DAZN-ന് നല്‍കിയ അഭിമുഖത്തില്‍ താനും മെസിയും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് റൊണാള്‍ഡോ സംസാരിച്ചിരുന്നു. താന്‍ വിവിധ ക്ലബ്ബുകള്‍ക്കായി കളത്തിലിറങ്ങുകയും കിരീടങ്ങള്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ടെന്നും മെസിക്ക് അതിന് സാധിച്ചിട്ടില്ല എന്നുമാണ് റോണോ അന്ന് പറഞ്ഞത്.

‘മെസിയെ കുറിച്ച് പറയുമ്പോള്‍ അവന്‍ മികച്ച താരമാണ്. അവന്‍ സ്വന്തമാക്കിയ ബാലണ്‍ ഡി ഓറുകളെ മാത്രം കുറിച്ചില്ല, എന്നെപ്പോലെ ഓരോ വര്‍ഷം കഴിയുമ്പോഴും ഈ ഗെയ്മിന്റെ തലപ്പത്ത് തുടരുന്നതിനെ കുറിച്ചും കൂടിയാണ്.

ഞങ്ങള്‍ തമ്മിലുള്ള പ്രധാന വ്യത്യാസമെന്തെന്നാല്‍ ഞാന്‍ വിവിധ ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുണ്ട്. വിവിധ ടീമുകള്‍ക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടിയിട്ടുണ്ട്. തുടര്‍ച്ചയായ ആറ് വര്‍ഷം ഞാന്‍ തന്നെയായിരുന്നു ചാമ്പ്യന്‍സ് ലീഗിലെ ഗോള്‍വേട്ടക്കാരില്‍ ഒന്നാമന്‍,’ റൊണാള്‍ഡോ പറഞ്ഞു.

യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് ഇരുവരും മറ്റ് ലീഗുകളിലേക്ക് ചേക്കേറിയിരിക്കുകയാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ സൗദി പ്രോ ലീഗും ലയണല്‍ മെസിയിലൂടെ മേജര്‍ ലീഗ് സോക്കറും ഗ്ലോബല്‍ അറ്റന്‍ഷനിലേക്കെത്തുകയും ചെയ്തു. ഇരുവര്‍ക്കും പിന്നാലെ കരീം ബെന്‍സെമ, എന്‍ഗോളോ കാന്റെ, നെയ്മര്‍ തുടങ്ങിയ താരങ്ങള്‍ സൗദി ലീഗിലേക്കും ജോര്‍ഡി ആല്‍ബ, ലൂയീസ് സുവാരസ് തുടങ്ങിയ താരങ്ങള്‍ എം.എല്‍.എസിന്റെയും ഭാഗമായി.

Content Highlight: Cristiano Ronaldo spoke about the difference between him and Lionel Messi.

We use cookies to give you the best possible experience. Learn more