| Thursday, 2nd July 2026, 10:40 am

വേണ്ടത് ഒരേയൊരു ഗോള്‍; 20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ റൊണാള്‍ഡോ

സുദേവ് എ

2026 ഫിഫ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് പോര്‍ച്ചുഗലും ക്രോയേഷ്യയും കളത്തിലിറങ്ങാനൊരുങ്ങുകയാണ്. നാളെ ഇന്ത്യന്‍ സമയം രാവിലെ 4.30നാണ് പോരാട്ടം നടക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലൂക്ക മോഡ്രിച്ചും നേര്‍ക്കുനേര്‍ എത്തുന്ന മത്സരമെന്ന പ്രത്യേകതയും ഈ പോരാട്ടത്തിനുണ്ട്.

റയല്‍ മാഡ്രിഡില്‍ ഒരുകാലത്ത് സഹതാരങ്ങളായിരുന്ന ഇരു താരങ്ങളും ലോകകപ്പിന്റെ വിശ്വവേദിയില്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ അന്തിമ വിജയം ആര്‍ക്കൊപ്പമാവുമെന്നും ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നുണ്ട്.

പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കുന്നതോടൊപ്പം ഈ മത്സരത്തില്‍ പോര്‍ച്ചുഗല്‍ നായകന് മറ്റൊരു ലക്ഷ്യം കൂടി ഉണ്ടായിരിക്കും. തന്റെ ലോകകപ്പ് കരിയറില്‍ നോക്ക് ഔട്ട് ഘട്ടങ്ങളില്‍ റൊണാള്‍ഡോക്ക് ഇതുവരെ ഒരു ഗോളോ അസിസ്റ്റോ നേടാനായിട്ടില്ല.

25 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ റൊണാള്‍ഡോ 10 ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് ഇതുവരെ നേടിയിട്ടുള്ളത്. എന്നാല്‍ ഇതെല്ലം ഗ്രൂപ്പ് ഘട്ടത്തിലാണ് റൊണാള്‍ഡോ നേടിയത്. ആറാം ലോകകപ്പില്‍ നോക്ക് ഔട്ടില്‍ കളത്തിലിറങ്ങുമ്പോള്‍ റൊണാള്‍ഡോ ഈ ഗോള്‍ വരള്‍ച്ച അവസാനിപ്പിക്കുമോയെന്ന് കണ്ടുതന്നെ അറിയണം.

ഈ ലോകകപ്പില്‍ ഇതുവരെ രണ്ട് ഗോളുകളാണ് റൊണാള്‍ഡോയുടെ അക്കൗണ്ടിലുള്ളത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഉസ്‌ബെക്കിസ്ഥാനെതിരെയായിരുന്നു 41കാരന്‍ ഇരട്ട ഗോള്‍ നേടി തിളങ്ങിയത്.

ഗ്രൂപ്പ് കെ-യില്‍ രണ്ടാം സ്ഥാനക്കാരായാണ് പോര്‍ച്ചുഗല്‍ റൗണ്ട് ഓഫ് 32ലേക്ക് കടന്നത്. മൂന്ന് മത്സരങ്ങളില്‍ നിന്നും ഒരു ജയവും രണ്ട് സമനിലയുമടക്കം അഞ്ച് പോയിന്റായിരുന്നു ഗ്രൂപ്പ് ഘട്ടത്തില്‍ പോര്‍ച്ചുഗല്‍ സ്വന്തമാക്കിയത്.

ആദ്യ മത്സരത്തില്‍ ഡി.ആര്‍ കോംഗോയോട് സമനിലയില്‍ കുടുങ്ങിയ പറങ്കിപ്പട രണ്ടാം മത്സരത്തില്‍ ഉസ്‌ബെക്കിസ്ഥാനെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് തിരിച്ചു വന്നത്. എന്നാല്‍ അവസാന മത്സരത്തില്‍ കൊളംബിയയോട് പോര്‍ച്ചുഗല്‍ സമനില വഴങ്ങി.

അതേസമയം 2022 ഖത്തര്‍ ലോകകപ്പില്‍ പോര്‍ച്ചുഗലിന് ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ മാത്രമേ എത്താന്‍ സാധിച്ചുള്ളൂ. ക്വാര്‍ട്ടറില്‍ മൊറോക്കോയോട് പരാജയപ്പെട്ടാണ് പോര്‍ച്ചുഗല്‍ പുറത്തായത്. അതുകൊണ്ട് തന്നെ ഇത്തവണ വിശ്വകിരീടം ചൂടി മടങ്ങാനാവും റൊണാള്‍ഡോ ലക്ഷ്യം വെക്കുക.

Content Highlight: Cristiano Ronaldo set to score his first goal in a World Cup knockout

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more