| Tuesday, 27th May 2025, 11:54 am

ഈ അധ്യായം ഇവിടെ അവസാനിക്കുന്നു; അല്‍ നസര്‍ വിടാനൊരുങ്ങി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ലോകത്തെ മികച്ച താരങ്ങളിലൊരാളാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. നിലവില്‍ അല്‍ നസറിന് വേണ്ടി സൗദി പ്രോ ലീഗിലാണ് റൊണാള്‍ഡോ കളിക്കുന്നത്. എന്നാല്‍ ക്ലബ്ബുമായുള്ള കരാര്‍ അവസാനിക്കുന്നതോടെ വമ്പന്‍ പ്രഖ്യാപനമാണ് താരം ഇപ്പോള്‍ നടത്തിയിരിക്കുന്നത്. റൊണാള്‍ഡോ ക്ലബ്ബ് വിടുമെന്ന് തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ പറഞ്ഞിരിക്കുകയാണ്.

‘ഈ അധ്യായം കഴിഞ്ഞു. കഥയോ? ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണ്. എല്ലാവര്‍ക്കും നന്ദി,’ എന്ന വാചകത്തോടെയാണ് റൊണാള്‍ഡോ പോസ്റ്റ് പങ്കുവെച്ചത്.

നേരത്തെ ഇത് സംബന്ധിച്ച് പല അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗികമായി അല്‍ നസര്‍ വിടുമെന്ന് റോണോ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇതോടെ ഇനി ഏത് ക്ലബ്ബിലേക്കാണ് താരം പോകാന്‍ സാധ്യതയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ക്ലബ്ബ് ലോകകപ്പ് നടക്കാനിരിക്കെ ബ്രസീലിയന്‍ ക്ലബ്ബുകള്‍ റോണോയെ സ്വന്തമാക്കാന്‍ കരുക്കള്‍ നീക്കിയിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

2023 ജനുവരിയിലാണ് റോണോ അല്‍ നസറിന് വേണ്ടി കളത്തിലിറങ്ങിയത്. അന്ന് മുതല്‍ ക്രിസ്റ്റ്യാനോ അല്‍ നാസറിനായി 99 ഗോളുകള്‍ നേടിയിട്ടുണ്ട്. സൗദി പ്രോ ലീഗ് എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ 14 ഗോളുകളും, 2023-24 സീസണില്‍ റൊണാള്‍ഡോ 50 ഗോളുകള്‍ നേടി. 2023ല്‍ അല്‍ നാസറിനെ അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പ് നേടാന്‍ റോണോ സഹായിക്കുകയും ചെയ്തു.

അതേസമയം കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അല്‍ ഫത്തെയ്ക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അല്‍നസര്‍ പരാജയപ്പെട്ടിരുന്നു. മത്സരത്തില്‍ മാട്ടിയാസ് വര്‍ഗാസ് ആദ്യ പകുതിയിലെ എക്സ്ട്രാ ടൈമില്‍ അല്‍ ഫത്തെയ്ക്ക് വേണ്ടി ആദ്യ ഗോള്‍ നേടി.

ശേഷം 81ാം മിനിട്ടില്‍ മൗറാദ് ബാറ്റ്നയും 96ാം മിനിട്ടില്‍ മാത്യൂസ് മച്ചാടോയുമാണ് ഫത്തെയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. അതേ സമയം അല്‍നസറിന് വേണ്ടി റൊണാള്‍ഡോ 42ാം മിനിട്ടില്‍ ഗോളടിച്ചപ്പോള്‍ സാദിയോ മാനെ 75ാം മിനിട്ടിലും ടീമിന് ഗോള്‍ നേടിക്കൊടുത്തു. മറ്റാര്‍ക്കും അല്‍ നസറിന് വേണ്ടി സമനില ഗോള്‍ നേടാന്‍ സാധിച്ചില്ല.

Content Highlight: Cristiano Ronaldo set to leave Al Nassr

We use cookies to give you the best possible experience. Learn more