| Saturday, 24th October 2026, 10:01 am

ഒറ്റ ഗോളിൽ പിറന്നത് പുതിയ ചരിത്രം; സൗദി കാൽചുവട്ടിലാക്കി റൊണാൾഡോ

സ്പോര്‍ട്സ് ഡെസ്‌ക്

പോർച്ചുഗൽ ദേശീയ ടീം ക്യാമ്പ് വിട്ടതിനെ തുടർന്നുള്ള വിവാദങ്ങൾക്കിടെ സൗദി പ്രോ ലീഗിൽ അൽ നസറിനായി ഗോൾ വേട്ട തുടർന്ന് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അൽ ഫൈസാലിക്കെതിരെയാണ് റൊണാൾഡോ വല കുലുക്കിയത്. മത്സരത്തിൽ വമ്പൻ വിജയമായിരുന്നു അൽ നസർ സ്വന്തമാക്കിയത്. കിങ് സൽമാൻ സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു സൗദി വമ്പന്മാരുടെ വിജയം.

റൊണാൾഡോക്ക് പുറമെ അബ്ദുല്ല അൽ ഹംദാൻ, എയ്ഞ്ചലോ ഗബ്രിയേൽ എന്നിവരും അൽ നസറിനായി ഗോൾ നേടി. തിയോ ബോങ്കോണ്ട് ആണ് എതിർ ടീമിനായി ആശ്വാസ ഗോൾ കണ്ടെത്തിയത്.

റൊണാൾഡോയുടെ ഒറ്റ ഗോളോടെ സൗദിയിൽ ഒരു പുതിയ ചരിത്രമാണ് പിറന്നത്. സൗദി ലീഗിൽ 25 വ്യത്യസ്ത ക്ലബ്ബുകൾക്കെതിരെ ഗോൾ നേടുന്ന ആദ്യ താരമായാണ് റൊണാൾഡോ മാറിയത്. മുൻ സൗദി അറേബ്യ താരം നാസർ അൽ ഷംറാനിയെ മറികടന്നാണ് പോർച്ചുഗീസ് ഇതിഹാസത്തിന്റെ നേട്ടം.

അൽ വെഹ്ദ, അൽ ഫത്തേഹ്, ദമാക്, അൽ ഷബാബ്, അൽ ഒഖ്ദൂദ്, അൽ ഇത്തിഹാദ്, അൽ ഖലീജ്, അൽ റിയാദ്, അൽ തായ്, അൽ ഫെയ്ഹ, അൽ അഹ്‌ലി, അൽ റാഇദ്, അൽ ഹസെം, അൽ അബ്ഹ, അൽ ഇത്തിഫാഖ്, അൽ ഹിലാൽ, അൽ നജ്മ, അൽ-താവൂൻ, അൽ ഖദീസിയ, അൽ ഖുലൂദ്, അൽ അദാല, അൽ ഒറോബ, നിയോം എസ്‌.സി, അൽ ദിരിയ, അൽ ഫൈസാലി എന്നീ ടീമുകൾക്കെതിരെയാണ് റൊണാൾഡോ ലക്ഷ്യം കണ്ടത്.

ഈ ഗോളോടെ ഫുട്ബോളിലെ തന്റെ ഗോൾ നേട്ടം 982 ആക്കി ഉയർത്താനും റൊണാൾഡോക്ക് സാധിച്ചു. 20 ഗോൾ കൂടി നേടിയാൽ ആയിരം ഗോളുകളെന്ന ചരിത്ര നേട്ടത്തിലേക്കും റൊണാൾഡോക്ക് കാലെടുത്തുവെക്കാൻ സാധിക്കും. റയൽ മാഡ്രിഡിന് വേണ്ടിയാണ് റൊണാൾഡോ തന്റെ കരിയറിൽ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ചുകൂട്ടിയത്. 450 ഗോളുകളാണ് ലോസ് ബ്ലാങ്കോസിനായി റൊണാൾഡോ അടിച്ചുകൂട്ടിയത്.

പോർച്ചുഗലിന് വേണ്ടി 146 ഗോളുകളാണ് റൊണാൾഡോ നേടിയത്. മാഞ്ചസ്റ്റർ യൂണൈറ്റഡിനൊപ്പം രണ്ട് കാലഘട്ടങ്ങളിലായി 145 ഗോളുകളും ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിന് വേണ്ടി 101 ഗോളുകളും റൊണാൾഡോ സ്വന്തമാക്കി. തന്റെ ആദ്യ ക്ലബ്ബായ സ്പോർട്ടിങ് സി.പിക്ക് വേണ്ടി അഞ്ച് ഗോളുകൾ നേടിയ റൊണാൾഡോ അൽ നസറിന് വേണ്ടി 135 ഗോളുകളും നേടിയാണ് കുതിക്കുന്നത്.

Content Highlight: Cristiano Ronaldo set a historical record in Saudi pro league

We use cookies to give you the best possible experience. Learn more