| Tuesday, 4th February 2025, 1:11 pm

എന്നെക്കാളും മികച്ച ഫുട്‌ബോളറെ ഞാന്‍ കണ്ടിട്ടില്ല; പെലെ, മറഡോണ, മെസി എന്നിവരെ മറികടന്ന് സ്വയം തെരഞ്ഞെടുത്ത് റൊണാള്‍ഡോ

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും പൂര്‍ണനായ താരം താനാണെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇതിഹാസ താരങ്ങളായ പെലെ, ഡിഗോ മറഡോണ, ലയണല്‍ മെസി എന്നിവരെക്കാള്‍ കംപ്ലീറ്റ് ഫുട്‌ബോളര്‍ താനാണെന്ന് പറഞ്ഞ റൊണാള്‍ഡോ തന്നെക്കാള്‍ മികച്ച ഒരു താരത്തെ ഇതുവരെ കണ്ടിട്ടില്ല എന്നും പറഞ്ഞു.

ഫുട്‌ബോള്‍ ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. പോര്‍ച്ചുഗലിലെ സ്‌പോര്‍ട്ടിങ് ലിസ്ബണില്‍ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ച താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ്, അല്‍ നസര്‍ ടീമുകള്‍ക്കായി പന്തുതട്ടി. കരിയറില്‍ 900 ഒഫീഷ്യല്‍ ഗോള്‍ നേടിയ ഏക താരവും റൊണാള്‍ഡോയാണ്.

എല്‍ ചിരിംഗ്വിറ്റോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താനാണ് ഏറ്റവും പൂര്‍ണനായ ഫുട്‌ബോളര്‍ എന്ന് പോര്‍ച്ചുഗീസ് ഇതിഹാസം അഭിപ്രായപ്പെട്ടത്.

‘ഇതുവരെയുണ്ടായതില്‍ ഏറ്റവും പൂര്‍ണനായ ഫുട്‌ബോള്‍ താരം ഞാനാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആളുകള്‍ മെസി (ലയണല്‍ മെസി), മറഡോണ (ഡിഗോ മറഡോണ), പെലെ തുടങ്ങിയ താരങ്ങളെയെല്ലാം ഇഷ്ടപ്പെടുന്നുണ്ട്. അവരെ ഞാന്‍ തീര്‍ത്തും ബഹുമാനിക്കുന്നു. എന്നാല്‍ ഞാനാണ് കംപ്ലീറ്റ് ഫുട്‌ബോളര്‍.

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരം ഞാനാണ്. എന്നെക്കാളും മികച്ച ഒരു ഫുട്‌ബോള്‍ താരത്തെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. എന്റെ ഹൃദയത്തില്‍ നിന്നുമാണ് ഞാന്‍ ഇക്കാര്യം പറയുന്നത്,’ ക്രിസ്റ്റ്യാനോ പറഞ്ഞു.

കരിയറില്‍ നിരവധി കിരീടങ്ങളും വ്യക്തിഗത നേട്ടങ്ങളും സ്വന്തമാക്കിയ താരമാണ് റൊണാള്‍ഡോ. അഞ്ച് തവണ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ താരം നാല് തവണ ക്ലബ്ബ് വേള്‍ഡ് കപ്പും നേടി. മൂന്ന് തവണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടിയ റൊണാള്‍ഡോ രണ്ട് തവണ വീതം സീരി എ കിരീടവും ലാ ലീഗ കിരീടവും സ്വന്തമാക്കി.

മൂന്ന് യുവേഫ സൂപ്പര്‍ കപ്പുകള്‍ തന്റെ പോര്‍ട്‌ഫോളിയോയില്‍ എഴുതിച്ചേര്‍ത്ത പോര്‍ച്ചുഗല്‍ ഇതിഹാസം രണ്ട് തവണ സ്പാനിഷ് സൂപ്പര്‍ കപ്പും രണ്ട് തവണ സ്പാനിഷ് കപ്പും സ്വന്തമാക്കി.

യുവന്റസിനൊപ്പം ഇറ്റാലിയന്‍ കപ്പ് (1X), ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് (2X) എന്നിവ നേടിയ താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം ഇംഗ്ലീഷ് ലീഗ് കപ്പ് (2X), ഇംഗ്ലീഷ് സൂപ്പര്‍ കപ്പ് (1X) എന്നീ ടൈറ്റിലുകളും സ്‌പോര്‍ട്ടിങ് ലിസ്ബണൊപ്പം പോര്‍ച്ചുഗീസ് സൂപ്പര്‍ കപ്പും (1X) നേടിയിട്ടുണ്ട്.

പോര്‍ച്ചുഗലിനൊപ്പം യൂറോ കപ്പും യുവേഫ നേഷന്‍സ് ലീഗും സ്വന്തമാക്കിയ താരം അഞ്ച് ബാലണ്‍ ഡി ഓര്‍, നാല് ഗോള്‍ഡന്‍ ബൂട്ടുകള്‍, മൂന്ന് ഫിഫ ബെസ്റ്റ് മെന്‍സ് പ്ലെയര്‍ പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ഇതുവരെ ലോകകപ്പ് കിരീടം നേടി കരിയര്‍ സമ്പൂര്‍ണമാക്കാന്‍ റൊണാള്‍ഡോക്ക് സാധിച്ചിട്ടില്ല. ഇതിഹാസ താരമായ പെലെ കരിയറില്‍ മൂന്ന് തവണ ലോകകപ്പ് കിരീടമണിഞ്ഞപ്പോള്‍ അര്‍ജന്റൈന്‍ ഇതിഹാസങ്ങളായ മറഡോണയും മെസിയും ഓരോ തവണ വിശ്വവിജയികളായിട്ടുണ്ട്.

Content Highlight: Cristiano Ronaldo says he is the complete footballer in the history of the game

We use cookies to give you the best possible experience. Learn more