| Monday, 21st April 2025, 1:26 pm

പുതിയ കരാറില്‍ ഒപ്പുവെക്കാന്‍ റൊണാള്‍ഡോ; ഇയാള്‍ ഫുട്‌ബോള്‍ ലോകത്തെ വീണ്ടും ഞെട്ടിക്കും, റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസ താരങ്ങളിലൊരാളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയാണ് റോണോയുടെ കുതിപ്പ്. 933 ഗോളുകളാണ് താരം ഇതുവരെ സ്വന്തമാക്കിയത്. നിലവില്‍ സൗദി പ്രോ ലീഗില്‍ അല്‍ നസറിന് വേണ്ടിയാണ് പോര്‍ച്ചുഗല്‍ താരം കളിക്കുന്നത്.

എന്നാല്‍ സൗദി വമ്പന്മാരായ അല്‍ നസറിനൊപ്പമുള്ള കരാര്‍ 2026ല്‍ റോണോ അവസാനിപ്പിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. പക്ഷെ 2027 പകുതി വരെ റൊണാള്‍ഡോ അല്‍ നസറിനൊപ്പം പുതിയ കരാറില്‍ ഒപ്പുവെക്കുമെന്നാണ് മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നത്. കരാറിന്റെ ഭാഗമായി പ്രതിവര്‍ഷം 200 മില്യണ്‍ തുക താരത്തിന് ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2022ലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും അല്‍ നസറിലെത്തുന്നത്. റൊണാള്‍ഡോയുടെ വരവോടെ സൗദി ലീഗില്‍ വമ്പന്‍ മാറ്റങ്ങളാണ് സംഭവിച്ചത്. താരത്തിന്റെ വരവോടെ സൗദി ഫുട്‌ബോളിന് ലോക ഫുട്ബോളില്‍ ഒരു മേല്‍വിലാസം ഉണ്ടാക്കാന്‍ സാധിച്ചിരുന്നു.

റൊണാള്‍ഡോക്ക് പിന്നാലെ യൂറോപ്പിലെ വിവിധ ക്ലബ്ബുകളിലെ പ്രധാന താരങ്ങള്‍ ലീഗിലേക്ക് ചേക്കേറിയിരുന്നു. കരിം ബെന്‍സീമ, നെയ്മര്‍, സാദിയോ മാനെ, റിയാദ് മെഹറസ്, റോബര്‍ട്ടോ ഫിര്‍മീഞ്ഞോ തുടങ്ങിയ പ്രധാന താരങ്ങളും സൗദിയിലേക്കെത്തിയിരുന്നു.

റൊണാള്‍ഡോ അല്‍ നസറിനായി ഈ സീസണില്‍ മിന്നും പ്രകടനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അല്‍ നസറിനായി ഈ സീസണില്‍ 23 ഗോളുകളാണ് റോണോ അടിച്ചുകൂട്ടിയിരിക്കുന്നത്. നിലവിലെ ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതുള്ളതും റൊണാള്‍ഡോ തന്നെയാണ്.

സൗദി പ്രോ ലീഗില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് അല്‍ നസര്‍. 28 മത്സരങ്ങളില്‍ നിന്നും 17 വിജയവും ആറു സമനിലയും അഞ്ച് തോല്‍വിയും ഉള്‍പ്പെടെ 57 പോയിന്റുമായാണ് റൊണാള്‍ഡോയും സംഘവും മൂന്നാം സ്ഥാനത്ത് തുടരുന്നത്. 65 പോയിന്റുമായി അല്‍ ഇത്തിഹാദാണ് ഒന്നാം സ്ഥാനത്തുള്ളത്. 61 പോയിന്റോടെ അല്‍ ഹിലാല്‍ രണ്ടാം സ്ഥാനത്തുമുണ്ട്.

Content Highlight: Cristiano Ronaldo Renew Contract With Al Nasser In Saudi Pro League: Report

We use cookies to give you the best possible experience. Learn more