| Sunday, 25th January 2026, 9:34 pm

ലോകകപ്പ് നേടിയവര്‍, എന്നാല്‍ അവരെക്കാള്‍ ട്രോഫികള്‍ എനിക്കുണ്ട്; ഇതിഹാസങ്ങളെ കുറിച്ച് റൊണാള്‍ഡോ പറഞ്ഞത്

ഫസീഹ പി.സി.

ബ്രസീലിയന്‍ ഫുട്‌ബോളിലെ ഇതിഹാസങ്ങളാണ് റൊണാള്‍ഡോ നസാരിയോയും റൊണാള്‍ഡീന്യോയും. ഒരു കാലത്ത് ഫുട്‌ബോള്‍ മൈതാനങ്ങള്‍ അടക്കി വാണ ഇവര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഐഡലുകളുമാണ്. ഇവരെക്കുറിച്ച് ഒരിക്കല്‍ റോണോ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

നസാരിയോയും റൊണാള്‍ഡീന്യോയും ലോകകപ്പ് നേടിയവരാണെന്നും എന്നാല്‍ വ്യക്തിഗത നേട്ടങ്ങളില്‍ താനാണ് മുന്നിലെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു. അവരിരുവരും മൈതാനത്ത് ലെഗസി സൃഷ്ടിച്ചവരും എന്റെ ഐഡലുകളുമാണെന്ന് പറയാനാണ് തനിക്കിഷ്ടമെന്നും പോര്‍ച്ചുഗല്‍ താരം പറഞ്ഞു. 2022ല്‍ ഇ.എസ്.പി.എന്‍ ബ്രസീലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റോണോയുടെ ഈ പ്രതികരണം.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. Photo: TCR/x.com

‘എനിക്ക് താരതമ്യങ്ങള്‍ ഇഷ്ടമല്ല. റൊണാള്‍ഡോ നസാരിയോയും റൊണാള്‍ഡീന്യോയും മൈതാനത്ത് ലെഗസിയും ചരിത്രവും സൃഷ്ടിച്ചവരാണെന്ന് പറയാനാണ് എനിക്കിഷ്ടം. ഞാന്‍ അവരേക്കാള്‍ വ്യക്തിഗത അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. എന്നാല്‍, അവരിരുവരും ലോകകപ്പ് സ്വന്തമാക്കിയവരാണ്.

എനിക്ക് റൊണാള്‍ഡോ നസാരിയോയോടും റൊണാള്‍ഡീന്യോയോടും ആദരവുണ്ട്. അവരുടെ കളി കണ്ടാണ് ഞാന്‍ വളര്‍ന്നത്. ആരാണ് മികച്ചതെന്നും രണ്ടാമതെന്നും പറയുന്നതല്ല പ്രാധാന്യമുള്ള കാര്യം. അവര്‍ എന്റെ ഐഡലുകളാണെന്നും ഫുട്ബോളില്‍ മനോഹരമായ ചരിത്രം അവശേഷിപ്പിച്ചവരുമാണെന്ന് പറയാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്, ‘ റൊണാള്‍ഡോ പറഞ്ഞു.

സ്‌പെയ്‌നിലും ഇറ്റലിയിലും ഒരുപോലെ ഒരുപോലെ മികച്ച പ്രകടനങ്ങള്‍ നടത്തിയ താരമാണ് റൊണാള്‍ഡോ നസാരിയോ. ബാഴ്‌സലോണ, റയല്‍ മാഡ്രിഡ്, ഇന്റര്‍ മിലാന്‍, എ.സി മിലാന്‍ എന്നീ ടീമുകള്‍ക്കായി കളിച്ച താരം ക്ലബ്ബ് തലത്തില്‍ 280 ഗോള്‍ നേടിയിട്ടുണ്ട്. ബ്രസീലിനായി 62 ഗോളും സ്വന്തമാക്കി. താരം തന്റെ കരിയറില്‍ 19 കിരീടമാണ് നേടിയത്.

റൊണാള്‍ഡോ നസാരിയോയും റൊണാള്‍ഡീന്യോയും. Photo: Fabrizio Romano/x.com

ഇതുപോലെ മികവ് പുലര്‍ത്തിയ താരമാണ് റൊണാള്‍ഡീന്യോയും. ക്ലബ്ബ് കരിയറില്‍ ബാഴ്സലോണക്കായും പി.എസ്.ജിക്കായും എ.സി. മിലനുമായും ബൂട്ട് കെട്ടിയ താരം 210 ഗോളുകളും ബ്രസീലിനായി 34 ഗോളുകളും സ്വന്തമാക്കി. ഒപ്പം താരം 13 കിരീടവും നേടിയെടുത്തു.

അതേസമയം, 1000 ഗോളുകള്‍ എന്ന നേട്ടത്തിലേക്ക് കുതിക്കുകയാണ് റൊണാള്‍ഡോ. താരം ഇതുവരെ 960 ഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ, കരിയറില്‍ അഞ്ച് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളടക്കം 35 ട്രോഫികള്‍ തന്റെ അക്കൗണ്ടിലെത്തിച്ചു.

Content Highlight: Cristiano Ronaldo once talked about Ronaldo Nazario and Ronaldinho

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more