| Saturday, 28th February 2026, 1:37 pm

പ്രായത്തെ വെല്ലുവിളിച്ച പോരാളി; തന്റെ വിജയരഹസ്യം വെളിപ്പെടുത്തി റോണോ പറഞ്ഞത്

ഫസീഹ പി.സി.

ഫുട്‌ബോള്‍ ആരാധകരുടെ മനം കവര്‍ന്ന ഒരു താരമാണ് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പ്രായം 40 കഴിഞ്ഞിട്ടും കളിക്കളത്തില്‍ പുറത്തെടുക്കുന്ന മികവും കാല്‍പന്ത് കളിയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശവുമാണ് താരത്തിനെ ആരാധകരുടെ പ്രിയങ്കരനാക്കുന്നത്.

ഈ പ്രായത്തിലും റോണോയുടെ പ്രതിഭയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്നതും ഏറെ ശ്രദ്ധേയമാണ്. നിലവില്‍ അല്‍ നസര്‍ താരം ഓരോ മത്സരത്തിലും തന്റെ അക്കൗണ്ടിലേക്ക് ഗോളുകള്‍ വീണ്ടുമെത്തിക്കുകയാണ്. അപ്പോഴെല്ലാം എങ്ങനെയാണ് ഇത്ര കാലം മനോഹരമായി കളിക്കാന്‍ താരത്തിന് സാധിക്കുന്നതെന്ന ചോദ്യം ആരാധകരുടെ മനസില്‍ ഉയരാറുണ്ട്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. Photo: TCR/x.com

ഒരിക്കല്‍ തന്റെ വിജയരഹസ്യം റൊണാള്‍ഡോ തന്നെ വെളിപ്പെടുത്തിയിരുന്നു. സ്ഥിരതയാണ് തനിക്ക് ഫുട്‌ബോള്‍ നീണ്ട കരിയര്‍ സമ്മാനിച്ചതെന്നാണ് താരം പറഞ്ഞത്. സ്ഥിരതക്കൊപ്പം അച്ചടക്കവും ഒരാളെ മികച്ച താരമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം വൂപ്പ് പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ക്രിസ്റ്റ്യാനോ ഇക്കാര്യം തുറന്ന് സംസാരിച്ചത്.

‘സ്ഥിരതയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. നിങ്ങള്‍ക്ക് സ്ഥിരതയില്ലെങ്കില്‍ ഒരുപാട് കാലം മികച്ച കളി പുറത്തെടുക്കാന്‍ സാധിക്കില്ല. ഒന്നോ രണ്ടോ വര്‍ഷമൊക്കെ അതിന് സാധിച്ചേക്കും. എന്നാല്‍ 13 – 20 വര്‍ഷം നീണ്ട കരിയര്‍ ലഭിക്കുക അസാധ്യമാണ്. ആരെങ്കിലും അങ്ങനെയല്ലെന്ന് പറഞ്ഞാല്‍ അവര്‍ കള്ളം പറയുകയാണെന്ന് ഞാന്‍ പറയും.

സ്ഥിരതക്കൊപ്പം തന്നെ അച്ചടക്കവും പ്രധാനമാണ്. ഇത് രണ്ടുമുണ്ടെങ്കില്‍ ഭാവില്‍ നിങ്ങള്‍ മറ്റുള്ളവരെക്കാള്‍ മികച്ചവരായി മാറും. ഇപ്പോഴും അച്ചടക്കം സാധ്യമല്ലെങ്കിലും സ്ഥിരത കൈവിടരുത്. ജീവിതത്തില്‍ ഒരു ബാലന്‍സ് കണ്ടെത്തണം.

ജീവിതത്തില്‍ എപ്പോഴും സ്ഥിരത പുലര്‍ത്തുക. ഒപ്പം നിങ്ങളുടെ ജീവിതത്തിന്റെ നിയന്ത്രണം സ്വയം ഏറ്റെടുക്കുകയും ആരോഗ്യത്തിന് പ്രാധാന്യം നല്‍കുകയും ചെയ്യുക. അത് നിങ്ങള്‍ക്ക് ഗുണം ചെയ്യും,’ ക്രിസ്റ്റ്യാനോ പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. Photo: AlNassr FC/x.com

അതേസമയം, ക്രിസ്റ്റ്യാനോ 1000 കരിയര്‍ ഗോളുകള്‍ എന്ന ഒറ്റ ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്. നിലവില്‍ തന്റെ തന്റെ ഗോളുകളുടെ എണ്ണം 965 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. 1311 മത്സരങ്ങളില്‍ നിന്നാണ് താരം ഇത്രയും ഗോളുകള്‍ നേടിയത്. കളത്തിലിറങ്ങുമ്പോളെല്ലാം വല കുലുക്കുന്ന താരം അടുത്ത് തന്നെ 1000 എന്ന മാന്ത്രിക സംഖ്യ തൊടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlight: Cristiano Ronaldo once revealed consistency is his key to success in football

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more