| Wednesday, 28th May 2025, 3:59 pm

സുവര്‍ണ നേട്ടത്തില്‍ എഴുതി ചേര്‍ക്കാന്‍ ആ ഒരു ഗോള്‍ പിറന്നില്ല; റോണോ അല്‍ നസറില്‍ നിന്ന് പടിയിറങ്ങിയത് ഈ റെക്കോര്‍ഡ് സ്വന്തമാക്കാതെ

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ലോകത്തെ മികച്ച താരങ്ങളിലൊരാളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നിലവില്‍ സൗദി പ്രോ ലീഗിലെ അല്‍ നസറില്‍ നിന്ന് കളമൊഴിഞ്ഞിരിക്കുകയാണ് ക്രിസ്റ്റ്യാനോ. ക്ലബ്ബുമായുള്ള കരാര്‍ അവസാനിക്കുന്നതോടെ റൊണാള്‍ഡോ ക്ലബ്ബ് വിടുമെന്ന തരത്തില്‍ തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ പറഞ്ഞിരിക്കുകയാണ്.

‘ഈ അധ്യായം കഴിഞ്ഞു. കഥയോ? ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണ്. എല്ലാവര്‍ക്കും നന്ദി,’ എന്ന വാചകത്തോടെയാണ് റൊണാള്‍ഡോ പോസ്റ്റ് പങ്കുവെച്ചത്.

അല്‍ നസറില്‍ നിന്ന് പടിയറിങ്ങുമ്പോള്‍ ഒരു സുവര്‍ണ നേട്ടം പൂര്‍ത്തിയാക്കാതെയാവും റോണോ തന്റെ മഞ്ഞ ജേഴ്‌സി ഊരുന്നത്. അല്‍ നസറിന് വേണ്ടി 100 ഗോള്‍ എന്ന നേട്ടം പൂര്‍ത്തിയാക്കാന്‍ റൊണാള്‍ഡോയ്ക്ക് വെറും ഒരു ഗോള്‍ മതിയായിരുന്നു. എന്നാല്‍ ഈ നേട്ടമാണ് ഈ അത്ഭുത മനുഷ്യന്‍ വേണ്ടെന്നു വെച്ചത്.

മാത്രമല്ല ഇതിനൊപ്പം മറ്റൊരു റെക്കോഡും റോണോ ഉപേക്ഷിക്കുകയാണ്. അഞ്ച് വ്യത്യസ്ത ടീമുകള്‍ക്കായി 100 ഗോള്‍ പൂര്‍ത്തിയാക്കുന്ന താരം എന്ന നേട്ടമാണ് ക്രിസ്റ്റ്യാനോക്ക് ഉപേക്ഷിക്കേണ്ടി വന്നത്.

പോര്‍ച്ചുഗല്‍ (135), മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (145), റയല്‍ മാഡ്രിഡ് (450), യുവന്റസ് (101) എന്നിങ്ങനെയാണ് റൊണാള്‍ഡോ നാല് ടീമുകള്‍ക്ക് വേണ്ടി അടിച്ചുകൂട്ടിയ ഗോളുകളുടെ കണക്കുകള്‍. ഇതോടെ അല്‍ നസറിലെ അധ്യായവും റോണോ മടക്കിയിരിക്കുകയാണ്. ഇനി ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത് ക്രിസ്റ്റിയാനോ ഏത് ക്ലബ്ബിലേക്കാവും ചേക്കേറുക എന്നറിയാനാണ്.

2023 ജനുവരിയിലാണ് റോണോ അല്‍ നസറിന് വേണ്ടി കളത്തിലിറങ്ങിയത്. അന്ന് മുതല്‍ ക്രിസ്റ്റ്യാനോ അല്‍ നസറിനായി 99 ഗോളുകള്‍ നേടിയിട്ടുണ്ട്. സൗദി പ്രോ ലീഗ് എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ 14 ഗോളുകളും, 2023-24 സീസണില്‍ റൊണാള്‍ഡോ 50 ഗോളുകള്‍ നേടി. 2023ല്‍ അല്‍ നസറിനെ അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പ് നേടാന്‍ റോണോ സഹായിക്കുകയും ചെയ്തു.

Content highlight: Cristiano Ronaldo Not Done 100 Goals For Al Nassr

We use cookies to give you the best possible experience. Learn more