2026 ലോക ഫുട്ബോള്‍ മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ഫുട്ബോള്‍ ലോകം. മെക്സിക്കോ, കാനഡ, യു.എസ്.എ തുടങ്ങിയ മൂന്ന് വ്യത്യസ്ത രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ഈ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവുമധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റാണ്. 48 രാജ്യങ്ങളാണ് ഇത്തവണ കിരീടത്തിനായി പോരാട്ടത്തിനിറങ്ങുന്നത്.
ഇതുവരെ തന്റെ കരിയറില്‍ സ്വന്തമാക്കാന്‍ സാധിക്കാത്ത ലോക കിരീടം സ്വന്തമാക്കാനായിരിക്കും റൊണാള്‍ഡോ ഇത്തവണ ലക്ഷ്യം വെക്കുക. ലോകകപ്പിനിറങ്ങുമ്പോള്‍ മറ്റൊരു കാത്തിരിപ്പ് കൂടി അവസാനിപ്പിക്കാനും റൊണാള്‍ഡോക്ക് അവസരമുണ്ട്.
നീണ്ട 13 വര്‍ഷമായി റൊണാള്‍ഡോ ഒരു സൗത്ത് അമേരിക്കന്‍ രാജ്യത്തിനെതിരെ ഗോള്‍ നേടിയിട്ടില്ല. ഒരു സൗത്ത് അമേരിക്കന്‍ രാജ്യത്തിനെതിരെ അവസാനമായി റൊണാള്‍ഡോയുടെ ഗോള്‍ പിറന്നത് 2013ല്‍ ഇക്വഡോറിനെതിരെയായിരുന്നു. റൊണാള്‍ഡോ ഗോള്‍ നേടിയെങ്കിലും ആ മത്സരത്തില്‍ പോര്‍ച്ചുഗല്‍ 3-2ന് പരാജയപ്പെടുകയായിരുന്നു.
ഇതിന് ശേഷം നടന്ന ലോകകപ്പുകളിലും ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പിലും സൗത്ത് അമേരിക്കന്‍ രാജ്യങ്ങളുമായി റൊണാള്‍ഡോ കളിച്ചെങ്കിലും താരത്തിന് ഗോള്‍ നേടാനായിരുന്നില്ല. എന്നാല്‍ ഈ ലോകകപ്പില്‍ പോര്‍ച്ചുഗലിന് ഗ്രൂപ്പ് ഘട്ടത്തില്‍ സൗത്ത് അമേരിക്കന്‍ ടീമായ കൊളംബിയയെ നേരിടുന്നുണ്ട്. ഈ മത്സരത്തില്‍ ഗോള്‍ നേടാനായാല്‍ നീണ്ട 13 വര്‍ഷത്തെ ഗോളിനായുള്ള കാത്തിരിപ്പ് പോര്‍ച്ചുഗീസ് ഇതിഹാസത്തിന് അവസാനിപ്പിക്കാന്‍ സാധിക്കും.
ക്രിസ്റ്റ്യാനോ റൊണാൾഡോ
ലോകകപ്പില്‍ ഗ്രൂപ്പ് കെ-യിലാണ് പറങ്കിപ്പട ഇടം നേടിയിട്ടുള്ളത്. കൊളംബിയക്ക് പുറമെ ഉസ്ബക്കിസ്ഥാന്‍, ഡി.ആര്‍. കോംഗോ എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ജൂണ്‍ 17ന് ഡി.ആര്‍. കോംഗോക്കെതിരെയാണ് റൊണാള്‍ഡോയുടെയും സംഘത്തിന്റെയും ആദ്യ മത്സരം.
2022 ലോകകപ്പില്‍ പോര്‍ച്ചുഗലിന് ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ മാത്രമേ എത്താന്‍ സാധിച്ചുള്ളൂ. ക്വാര്‍ട്ടറില്‍ മൊറോക്കോയോട് പരാജയപ്പെട്ടാണ് പോര്‍ച്ചുഗല്‍ പുറത്തായത്. അതുകൊണ്ട് തന്നെ ഇത്തവണ വിശ്വകിരീടം ചൂടി മടങ്ങാനാവും റൊണാള്‍ഡോ ലക്ഷ്യം വെക്കുക.
2026 ഫിഫ ലോകകപ്പിനുള്ള പോര്‍ച്ചുഗല്‍ സ്‌ക്വാഡ്
ഗോള്‍കീപ്പര്‍മാര്‍: ഡിയോഗോ കോസ്റ്റ, ജോസെ സാ, റൂയി സില്‍വ, റിക്കാര്‍ഡോ വെല്‍ഹോ.
ഡിഫന്‍ഡര്‍മാര്‍: ഡിയോഗോ ദലോട്ട്, മാത്യൂസ് നൂനസ്, നെല്‍സണ്‍ സെമെഡോ, ജോവോ കാന്‍സലോ, നൂനോ മെന്‍ഡസ്, ഗോന്‍സാലോ ഇനാസിയോ, റെനാറ്റോ വെയ്ഗ, റൂബന്‍ ഡയസ്, തോമസ് അറൗജോ.
മിഡ്ഫീല്‍ഡര്‍മാര്‍: റൂബന്‍ നെവ്സ്, ജോവോ നെവ്സ്, വിറ്റിന്‍ഹ, ബ്രൂണോ ഫെര്‍ണാണ്ടസ്, ബെര്‍ണാര്‍ഡോ സില്‍വ, ജാവോ ഫെലിക്സ്, ഫ്രാന്‍സിസ്‌കോ ട്രിന്‍കാവോ, ഫ്രാന്‍സിസ്‌കോ കോണ്‍സെയ്‌സാവോ, സാമു കോസ്റ്റ.
ഫോര്‍വേഡ്‌സ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, പെഡ്രോ നെറ്റോ, റാഫേല്‍ ലിയാവോ, ഗോന്‍സാലോ ഗുഡെസ്, ഗോന്‍സാലോ റാമോസ്.
Content Highlight: Cristiano Ronaldo never score a goal against South American nation 13 years