2026 ഫിഫ ലോകകപ്പിലെ രണ്ടാം ഗ്രൂപ്പ് മത്സരത്തിന് ഒരുങ്ങുകയാണ് റൊണാള്‍ഡോയും സംഘവും. ഉസ്ബെകിസ്താനാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍. നാളെയാണ് (ജൂണ്‍ 23) മത്സരം അരങ്ങേറുക.
ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ റോണോ ഉസ്ബെകിസ്താനെതിരെ തകര്‍പ്പന്‍ പ്രകടനം നടത്തി തിരിച്ചുവരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അതിനാല്‍ തന്നെ എല്ലാ കണ്ണുകളും താരത്തിന്റെ ബൂട്ടുകളിലേക്കായിരിക്കും.
ഈ മത്സരത്തിനായി ഹ്യൂസ്റ്റണ്‍ സ്റ്റേഡിയത്തില്‍ ഇറങ്ങുമ്പോള്‍ റോണോയ്ക്ക് ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കാന്‍ സാധിക്കും. ആറ് ലോകകപ്പുകളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ താരമെന്ന നേട്ടം നേടിയെടുക്കാനാണ് താരത്തിന് അവസരമുള്ളത്.
ആറ് ലോകകപ്പുകളില്‍ കളിച്ച റോണോ അഞ്ച് എഡിഷനുകളിലും ഗോളടിച്ചിട്ടുണ്ട്. എട്ട് ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം. 2006ല്‍ തന്റെ അരങ്ങേറ്റ ലോകകപ്പില്‍ ഒരു ഗോളടിച്ചാണ് താരം തന്റെ അക്കൗണ്ട് തുറന്നത്.
പിന്നാലെ 2010, 2014, 2022 ലോകകപ്പുകളിലും റോണോ ഓരോ ഗോളുകള്‍ വീതം അടിച്ചു. ഇതിനിടയില്‍ 2018ലെ റഷ്യ ലോകകപ്പില്‍ പറങ്കിപ്പടയുടെ നായകന്‍ നാല് തവണയും എതിരാളികളുടെ വല കുലുക്കി.
ഇതോടെ അഞ്ച് ലോകകപ്പില്‍ ഗോള്‍ നേടിയ ആദ്യ താരമെന്ന നേട്ടം റോണോ തന്റെ പേരില്‍ ചേര്‍ത്തിരുന്നു. എന്നാലിപ്പോള്‍ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഈ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഹാട്രിക് നേടിയാണ് മെസി അഞ്ച് എഡിഷനുകളില്‍ ഗോളടിക്കുന്ന താരമെന്ന നേട്ടത്തിലെത്തിയത്.
ഇപ്പോള്‍ വീണ്ടും മെസിയെ മറികടക്കാനുള്ള അവസരമാണ് റോണോയെ കാത്തിരിക്കുന്നത്. വരും മത്സരങ്ങളില്‍ ഒരു ഗോളടിച്ചാല്‍ ഏറ്റവും ലോകകപ്പുകളില്‍ സ്‌കോര്‍ ചെയ്ത താരമെന്ന നേട്ടം താരത്തിന് സ്വന്തമാക്കാം.
അതേസമയം, തന്റെ ആറാം ലോകകപ്പിലെ ആദ്യ മത്സരത്തില്‍ റോണോ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. ഡി.ആര്‍ കോംഗോക്കെതിരെ താരത്തിന് ഗോളടിക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, വെറും മൂന്ന് ഷോട്ടുകള്‍ മാത്രമാണ് അടിക്കാന്‍ സാധിച്ചിരുന്നത്.
Content Highlight: Cristiano Ronaldo needs one goal in FIFA World Cup 2026 to surpass Lionel Messi in players to score most World Cup editions