ലോകകപ്പിന് ശേഷം പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും കളത്തിലിറങ്ങാൻ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.സൗദി പ്രോ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ റിയാദിനെതിരെ റൊണാൾഡോ കളത്തിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ സീസണിൽ അൽ നസറിനൊപ്പമുള്ള ആദ്യ രണ്ട് മത്സരങ്ങളും റൊണാൾഡോക്ക് നഷ്ടമായിരുന്നു. റൊണാൾഡോ കളത്തിൽ ഇറങ്ങിയില്ലെങ്കിലും ആദ്യ രണ്ട് പോരാട്ടങ്ങളിലും മിന്നും വിജയമായിരുന്നു നിലവിലെ ലീഗ് ചാമ്പ്യന്മാരായ അൽ നസർ കാഴ്ചവെച്ചത്.
കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയ ലീഗ് കിരീടം നിലനിർത്താനായിരിക്കും അൽ നസർ ലക്ഷ്യം വെക്കുക. ഈ സീസണിൽ റൊണാൾഡോ മിന്നും പ്രകടനം പുറത്തെടുക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
പുതിയ സീസണിൽ റൊണാൾഡോ ആദ്യ മത്സരത്തിന് ഒരുങ്ങുമ്പോൾ ഒരു തകർപ്പൻ നേട്ടം സ്വന്തമാക്കാനും പോർച്ചുഗീസ് ഇതിഹാസത്തിന് സാധിക്കും. അൽ നസറിന് വേണ്ടി മൂന്ന് ഗോളുകൾ കൂടി സ്വന്തമാക്കിയത് ക്ലബ്ബിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരിൽ രണ്ടാമനാവാനും റൊണാൾഡോക്ക് സാധിക്കും.
2023ൽ സൗദിയിലെത്തിയ റൊണാൾഡോ അൽ നസറിന് വേണ്ടി 129 ഗോളുകളാണ് അടിച്ചുകൂട്ടിയിട്ടുള്ളത്. 131 ഗോളുകൾ നേടിയ മുഹമ്മദ് അൽ സഹ്ലവിയാണ് റൊണാൾഡോക്ക് മുന്നിലുള്ളത്.
മൂന്ന് ഗോളുകൾ കൂടി എതിരാളികളുടെ വലയിലെത്തിച്ചാൽ മറ്റൊരു മൈൽസ്റ്റോണിലേക്കും റൊണാൾഡോക്ക് നടന്നുകയറാനാവും. 259 ഗോളുകൾ നേടിയ മജീദ് അബ്ദുയാണ് അൽ നസറിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ.
നിലവിൽ ഫുട്ബോളിൽ 974 ഗോളുകൾ നേടിയാണ് റൊണാൾഡോ കുതിക്കുന്നത്. 24 ഗോളുകൾ കൂടി എതിരാളികളുടെ വലയിൽ എത്തിക്കാൻ സാധിച്ചാൽ പോർച്ചുഗീസ് ഇതിഹാസത്തിന് ആയിരം ഗോളുകൾ എന്ന മാന്ത്രിക സംഖ്യയിലേക്കും നടന്നു കയറാൻ സാധിക്കും.
അതേസമയം 2026 ഫിഫ ലോകകപ്പ് നേടുകയെന്ന റൊണാൾഡോയുടെയും പോർച്ചുഗലിന്റെയും സ്വപ്നം കണ്ണീരിലാണ് അവസാനിച്ചത്. ടൂർണമെന്റിൽ പോർച്ചുഗലിന് പ്രീക്വാർട്ടർ വരെയാണ് മുന്നേറാൻ സാധിച്ചത്.
ചാമ്പ്യന്മാരായ സ്പെയ്നിനോട് പരാജയപ്പെട്ടായിരുന്നു പോർച്ചുഗലിന്റെ മടക്കം. 41ാം വയസിൽ തന്റെ ആറാം ലോകകപ്പിനിറങ്ങിയ റൊണാൾഡോ ടൂർണമെന്റിൽ മൂന്ന് ഗോളുകൾ നേടി ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്.
ഉസ്ബെക്കിസ്ഥാനെതിരെ ഇരട്ടഗോൾ നേടിയ റൊണാൾഡോ പിന്നീട് ക്രൊയേഷ്യക്കെതിരെയും ലക്ഷ്യം കണ്ടു. ഈ ടൂർണമെന്റിലും ഗോൾ നേടിയതോടെ ലോകകപ്പ് ചരിത്രത്തിൽ ആറ് വ്യത്യസ്ത പതിപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന നേട്ടവും പോർച്ചുഗലിന്റെ എക്കാലത്തെയും മികച്ച ലോകകപ്പ് ഗോൾ വേട്ടക്കാരനെന്ന റെക്കോഡും റൊണാൾഡോ സ്വന്തമാക്കി.
Content Highlight: Cristiano Ronaldo need three goal to create a new milestone for Al Nassr