| Wednesday, 2nd September 2026, 7:56 pm

ഒറ്റ ഗോളില്‍ രണ്ടാമനാകാന്‍ റൊണാള്‍ഡോ; 22 ഗോളിലേക്കുള്ള യാത്രയില്‍ മറ്റൊരു നേട്ടവും!

ശ്രീരാഗ് പാറക്കല്‍

സൗദി പ്രോ ലീഗില്‍ അല്‍ ഇത്തിഹാദിനെതിരായ മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് അല്‍ നസറും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. സെപ്റ്റംബര്‍ അഞ്ചിന് കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റിയിലാണ് മത്സരം.

കഴിഞ്ഞ മത്സരത്തില്‍ അല്‍ താവൂണ്‍ എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സൗദി വമ്പന്മാരുടെ പടയോട്ടം. തൂവൂണിനെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളിലൂടെയാണ് അല്‍ നസര്‍ വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ 50ാം മിനിട്ടിലായിരുന്നു താരത്തിന്റെ ഗോള്‍ പിറന്നത്.

ഈ ഗോളിന് പിന്നാലെ അല്‍ നാസറിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡും റൊണാള്‍ഡോ കൈവരിച്ചു. 131 ഗോളുകളാണ് റൊണാള്‍ഡോ സൗദി വമ്പന്‍മാര്‍ക്ക് വേണ്ടി അടിച്ചുകൂട്ടിയത്.

ഈ നേട്ടത്തില്‍ മുഹമ്മദ് അല്‍ സഹ്‌ലവിക്കൊപ്പമാണ് നിലവില്‍ റൊണാള്‍ഡോ സ്ഥാനം പിടിച്ചത്. വരാനിരിക്കുന്ന മത്സരങ്ങളില്‍ ഒരു ഗോള്‍ കൂടി എതിരാളികളുടെ വലയിലെത്തിച്ചാല്‍ ഈ നേട്ടത്തില്‍ അല്‍ സഹ്‌ലവിയെ മറികടക്കാനും രണ്ടാം സ്ഥാനത്ത് ഒറ്റയ്ക്ക് വാഴാനും റൊണാള്‍ഡോക്ക് സാധിക്കും. 259 ഗോളുകള്‍ നേടിയ മജീദ് അബ്ദുള്ളയാണ് അല്‍ നസറിന്റെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍.

നിലവില്‍ ഫുട്‌ബോളില്‍ റൊണാള്‍ഡോ 978 ഗോളുകളാണ് നേടിയിട്ടുള്ളത്. ഫുട്ബോളില്‍ ആയിരം ഗോളുകളെന്ന ചരിത്ര നേട്ടത്തിന്റെ അരികിലാണ് റൊണാള്‍ഡോ. 22 ഗോളുകള്‍ കൂടി എതിരാളികളുടെ വലയില്‍ എത്തിക്കാന്‍ റൊണാള്‍ഡോക്ക് സാധിച്ചാല്‍ ഈ ചരിത്ര നേട്ടം കൈവരിക്കാന്‍ സാധിക്കും.

നിലവില്‍ ലീഗില്‍ ഒന്നാം സ്ഥാനത്താണ് അല്‍ നസര്‍. നാല് മത്സരത്തില്‍ നിന്ന് നാല് വിജയവും സ്വന്തമാക്കിയാണ് റൊണാള്‍ഡോയും സംഘവും മുന്നേറുന്നത്. 12 പോയിന്റാണ് അല്‍ നസറിനുള്ളത്.

Content highlight: Cristiano Ronaldo Need One Goal To Great Record Achievement

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more