| Thursday, 24th September 2026, 8:55 pm

വേണ്ടത് വെറും നാല് ഗോളുകൾ; ലോകം കീഴടക്കാനൊരുങ്ങി റൊണാൾഡോ

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ നേഷൻസ് ലീഗിന്റെ ടൂർണമെന്റിനായുള്ള തയ്യാറെടുപ്പിലാണ് നിലവിലെ ടൂർണമെന്റ് ചാമ്പ്യന്മാരായ പോർച്ചുഗൽ. മൂന്നാം നേഷൻസ് ലീഗ് കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും സംഘത്തിനും ആദ്യ എതിരാളികൾ വെയ്ൽസ് ആണ്. 2026 ലോകകപ്പിലെ തോൽവിക്ക് പിന്നാലെ പടിയിറങ്ങിയ റോബർട്ടോ മാർട്ടിനസിന്റെ പകരക്കാരനായി ചുമതയേറ്റ ജോർജ് ജീസസിന്റെ കീഴിൽ പറങ്കിപ്പട ഇറങ്ങുന്ന ആദ്യ ടൂർണമെന്റ് ആണിത്.

പോർച്ചുഗൽ നിരയിലെ പ്രധാന ശ്രദ്ധാകേന്ദ്രം ഇതിഹാസ താരൻ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയായിരിക്കും. തന്റെ 41ാം വയസിലും പ്രായം തളർത്താത്ത പോരാട്ട വീര്യവുമായി മറ്റൊരു ടൂർണമെന്റിന് കൂടി ഒരുങ്ങുമ്പോൾ ഒരു ചരിത്ര നേട്ടം സ്വന്തമാക്കാനുള്ള അവസരവും റൊണാൾഡോയുടെ മുന്നിലുണ്ട്.

നാല് ഗോളുകൾ കൂടി പോർച്ചുഗലിനൊപ്പം നേടിയാൽ ഇന്റർനാഷണൽ ഫുട്ബോളിൽ 150 ഗോളുകൾ സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ താരമാവാൻ റൊണാൾഡോക്ക് സാധിക്കും. ഇതുവരെ 146 ഗോളുകൾ നേടിയ റൊണാൾഡോ തന്നെയാണ് ഇന്റർനാഷണൽ ഫുട്ബോളിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരൻ.

അന്താരാഷ്ട്ര ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങൾ, ഗോളുകളുടെ എണ്ണം, രാജ്യം

ക്രിസ്റ്റ്യാനോ റൊണാൾഡോ-146-പോർച്ചുഗൽ

ലയണൽ മെസി-125-അർജന്റീന

അലി ദേയ്-109-ഇറാൻ

സുനിൽ ഛേത്രി-95-ഇന്ത്യ

റൊമേലു ലുക്കാക്കു-93-ബെൽജിയം

മൊഖ്താർ ദാഹാരി-89-മലേഷ്യ

റോബർട്ട് ലെവൻഡോവ്‌സ്‌കി-89-പോളണ്ട്

അലി മബ്ഖൗട്ട്-85-യു.എ.ഇ

ഹാരി കെയ്ൻ-ഇംഗ്ലണ്ട്-85

ഫെറൻക് പുസ്‌കസ്-ഹംഗറി-84

ഇപ്പോഴും ഇന്റർനാഷണൽ ഫുട്‌ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലാത്ത റൊണാൾഡോ ഇനിയും പുതിയ നേട്ടങ്ങൾ സ്വന്തമാക്കി മുന്നേറാനാവും ലക്ഷ്യം വെക്കുക.

2026 ലോകകപ്പിൽ മൂന്ന് ഗോളുകൾ നേടിയാണ് റൊണാൾഡോ തിളങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഉസ്ബെകിസ്ഥാനെതിരെ ഇരട്ട ഗോൾ നേടി തിളങ്ങിയ റൊണാൾഡോ ക്രൊയേഷ്യക്കെതിരെ ഒരു ഗോളും സ്വന്തമാക്കി.

സൗദി പ്രോ ലീഗിൽ കഴിഞ്ഞ സീസണിൽ അൽ നാസറിനെ ലീഗ് കിരീടത്തിലേക്ക് നയിച്ച പരിശീലകനായ ജീസസ് റൊണാൾഡോക്ക് സൗദിയിലെ ആദ്യ കിരീടം നേടിക്കൊടുത്ത പരിശീലകനാണ്. ഇതേ പരിശീലകൻ തന്നെ പോർച്ചുഗലിനെ കളി പഠിപ്പിക്കാനെത്തുമ്പോൾ പഴയ അൽ നസറിലെ കൂട്ടുകെട്ട് പോർച്ചുഗലിലും കാണാൻ സാധിക്കുമോയെന്ന് കണ്ടുതന്നെ അറിയണം.

Content Highlight: Cristiano Ronaldo need four goals to create a new record in international football

Latest Stories

We use cookies to give you the best possible experience. Learn more