| Saturday, 27th June 2026, 9:44 pm

ലോക ചരിത്രത്തിലെ ആദ്യ താരമാകാന്‍ റൊണാള്‍ഡോ; കാത്തിരിക്കുന്നത്...

ശ്രീരാഗ് പാറക്കല്‍

2026 ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിന് ഒരുങ്ങുകയാണ് റോണോയും സംഘവും. ജൂണ്‍ 28ന് നടക്കുന്ന മത്സരത്തിന് ശക്തരായ കൊളംബിയയാണ് എതിരാളികള്‍. മയാമി സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക.

ഈ മത്സരത്തിന് ഇറങ്ങുമ്പോള്‍ റൊണാള്‍ഡോയ്ക്ക് ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കാനുള്ള അവസരമുണ്ട്. ഫുട്ബോളില്‍ 150 അന്താരാഷ്ട്ര ഗോളുകള്‍ എന്ന നേട്ടമാണ് പോര്‍ച്ചുഗല്‍ നായകനെ കാത്തിരിക്കുന്നത്.

നിലവില്‍ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ജേഴ്‌സില്‍ 230 മത്സരങ്ങളില്‍ കളിച്ച് 145 ഗോളുകള്‍ നേടിയിട്ടുണ്ട്. വരും മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകള്‍ കൂടി തന്റെ അക്കൗണ്ടിലെത്തിച്ചാല്‍ 41കാരന് 150 എന്ന മാന്ത്രിക സംഖ്യയിലെത്താം. കൊളംബിയക്കെതിരെ താരം ഈ സുവര്‍ണ നേട്ടത്തിലെത്തുമോ എന്നാണ് ആരാധകരും ഉറ്റുനോക്കുന്നത്.

കൡത്തില്‍ ഐതിഹാസിക പ്രകടനം നടത്തിയാല്‍ 150 അന്താരാഷ്ട്ര ഗോള്‍ നേടുന്ന ആദ്യ താരമാകാനും റൊണാള്‍ഡോയ്ക്ക് സാധിക്കും. ഇതുവരെ അന്താരാഷ്ട്ര ഫുട്ബോളില്‍ മറ്റാര്‍ക്കും ഈ നേട്ടം സ്വന്തക്കാന്‍ സാധിച്ചിട്ടില്ല.

ക്രിസ്റ്റ്യാനോ റൊണാൾഡോ

അതേസമയം, ഈ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഡി.ആര്‍ കോംഗോക്കെതിരെ റൊണാള്‍ഡോയ്ക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, ആ നിരാശയെ പാടെ മായ്ച്ചുകൊണ്ടായിരുന്നു ഉസ്‌ബെക്കിസ്താനെതിരെ താരം കളിച്ചത്.

ഉസ്ബെക്കിസ്ഥാനെതിരെയുള്ള രണ്ട് ഗോളുകളാണ് റോണോ നേടിയത്. ഇതോടെ പോര്‍ച്ചുഗലിന്റെ എക്കാലത്തെയും ലോകകപ്പ് ഗോള്‍ വേട്ടക്കാരനാകാനും താരത്തിന് സാധിച്ചു. ടൂര്‍ണമെന്റില്‍ പത്ത് ഗോളുകള്‍ നേടിയാണ് താരത്തിന്റെ മുന്നേറ്റം.

ഒപ്പം ആറ് വ്യത്യസ്ത ലോകകപ്പ് എഡിഷനില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവും റോണോ തന്റെ പേരില്‍ കുറിച്ചിരുന്നു. അരങ്ങേറ്റം കുറിച്ച 2006ലും 2010, 2014, 2022 എന്നീ എഡിഷനുകളില്‍ ഓരോ ഗോളുകളും 2018ല്‍ നാല് ഗോളുകളാണ് താരം സ്‌കോര്‍ ചെയ്തത്.

Content Highlight: Cristiano Ronaldo Need Five Goals To Create Historical Record Achievement

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more