യുവേഫ നേഷൻസ് ലീഗിൽ ഗ്രൂപ്പ് ഡി-യിൽ നടന്ന രണ്ടാം മത്സരത്തിലും വിജയം സ്വന്തമാക്കി കുതിക്കുകയാണ് പോർച്ചുഗൽ. ഏർലിങ് ഹാലണ്ടിന്റെ നോർവേയെയാണ് പറങ്കിപ്പട കീഴടക്കിയത്. ഡെന്മാർക്കിനെ തകർത്ത ആത്മവിശ്വാസവുമായെത്തിയ നോർവേക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയത്.
ജാവോ ഫെലിക്സിന്റെയും ഗോൺസാലോ റാമോസിന്റെയും ഗോളുകളുടെ കരുത്തിലാണ് പോർച്ചുഗൽ വിജയിച്ചുകയറിയത്. ഹാലണ്ടായിരുന്നു നോർവേക്ക് വേണ്ടി ഏക ഗോൾ നേടിയത്.
ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ആയിരുന്നു പോർച്ചുഗൽ കളത്തിലിറങ്ങിയിരുന്നത്. വെയ്ൽസിനെതിരെയുള്ള ആദ്യ മത്സരത്തിൽ സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടിയ റൊണാൾഡോയെ ഈ മത്സരത്തിൽ പരിശീലകൻ ജോർജ് ജീസസ് ബെഞ്ചിൽ ഇരുത്തുകയായിരുന്നു.
വെയ്ൽസിനെതിരെയുള്ള മത്സരത്തിൽ പോർച്ചുഗലിന്റെ മുന്നേറ്റനിരയിൽ റൊണാൾഡോ നിരാശപ്പെടുത്തിയ പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്. ഗോളാക്കി മാറ്റാനുള്ള മികച്ച അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കുന്നതിൽ പരാജയപ്പെട്ട റൊണാൾഡോ ഒരു ഓഫ് സൈഡ് ഗോളും നേടിയിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ റൊണാൾഡോയെ പരിശീലകൻ പിൻവലിക്കുകയും ചെയ്തിരുന്നു.
ഈ മത്സരത്തിൽ റൊണാൾഡോ കളത്തിലിറങ്ങുകയും നോർവേക്കെതിരെ ഗോൾ നേടുകയും ചെയ്തിരുന്നെങ്കിൽ ലോക ഫുട്ബോളിൽ മറ്റൊരു താരത്തിനും കൈവരിക്കാൻ സാധിക്കാത്ത ഒരു നേട്ടം റൊണാൾഡോക്ക് സ്വന്തമാക്കാൻ അവസരമുണ്ടായിരുന്നു. ഇന്റർനാഷണൽ ഫുട്ബോളിൽ 50 വ്യത്യസ്ത രാജ്യങ്ങൾക്കെതിരെ ഗോൾ നേടുന്ന ചരിത്രത്തിലെ ആദ്യ താരമാവാനുള്ള അവസരമായിരുന്നു റൊണാൾഡോയുടെ മുന്നിലുണ്ടായിരുന്നത്.
ഇതിനോടകം തന്നെ റൊണാൾഡോ 49 വ്യത്യസ്ത രാജ്യങ്ങൾക്കെതിരെ ഗോളുകൾ അടിച്ചുകൂട്ടിയിട്ടുണ്ട്. അൻഡോറ, അർജന്റീന, അർമേനിയ, അസർബൈജാൻ, ബെൽജിയം,ബോസ്‌നിയ, കാമറൂൺ, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെന്മാർക്ക്, ഇക്വഡോർ, ഈജിപ്ത്, എസ്റ്റോണിയ, ഫറോ ഐസ്ലാൻഡ്, ഫിൻലാൻഡ്, ഫ്രാൻസ്, ജർമനി, ഘാന, ഗ്രീസ്, ഹംഗറി, ഐസ്ലാൻഡ്, ഇറാൻ, ഇസ്രഈൽ, കസാക്കിസ്ഥാൻ, ലാത്വിയ, ലിച്ചെൻസ്റ്റൈൻ, ലിത്വാനിയ, ലക്സംബർഗ്, മൊറോക്കോ, ന്യൂസിലാൻഡ്, നെതർലാൻഡ്, നോർത്തേൺ അയർലാൻഡ്, നോർത്ത് കൊറിയ, പനാമ, പോളണ്ട്, ഖത്തർ, റിപ്പബ്ലിക് ഓഫ് അയർലൻഡ്, റഷ്യ, സൗദി അറേബ്യ, സ്കോട്ലാൻഡ്, സെർബിയ, സ്ലൊവാക്യ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, ഉക്രെയ്ൻ, വെയ്ൽസ്, യു.എസ്.എ എന്നീ രാജ്യങ്ങൾക്കെതിരെയാണ് റൊണാൾഡോ ഗോളുകൾ നേടിയത്.
49 രാജ്യങ്ങൾക്കെതിരെ ഗോൾ നേടിയ റൊണാൾഡോക്ക് നോർവേക്കെതിരെയുള്ള മത്സരത്തിൽ പ്ലെയിങ് ഇലവനിൽ സ്ഥാനം നഷ്ടമായതോടെ ഗോൾ നേടി ചരിത്രം കുറിക്കാനുള്ള അവസരവും അകലെയായി.
നിലവിൽ യുവേഫ നേഷൻസ് ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്ന പോർച്ചുഗൽ ഒക്ടോബർ രണ്ടിനാണ് അടുത്ത മത്സരത്തിനിറങ്ങുന്നത്. ഡെന്മാർക്കിനെതിരെയുള്ള മത്സരത്തിൽ റൊണാൾഡോ പ്ലെയിങ് ഇലവനിൽ തിരിച്ചെത്തുമോയെന്ന് കണ്ടുതന്നെ അറിയണം.
Content Highlight: Cristiano Ronaldo missed the opportunity to achieve a historic milestone as he was on the bench during the match against Norway