ലോകം മുഴുവന്‍ ഒരു കാല്‍പന്തിലേക്ക് ചുരുങ്ങാന്‍ ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പാണുള്ളത്. മെക്‌സിക്കോ, കാനഡ, യു.എസ്.എ എന്നിവര്‍ സംയുക്തമായി ആതിഥേയത്വമുരളുന്ന 2026 ലോകകപ്പിന് ജൂണ്‍ 11ന് തുടക്കമാകും. ഇത്തവണ ലോകകപ്പില്‍ കിരീടത്തിനായി മാറ്റുരക്കുന്നത് 48 രാജ്യങ്ങളാണ്.
ചരിത്രത്തിലെ തന്നെ ഏറ്റവുമധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ലോകകപ്പ് എന്ന ഖ്യാതിയോടെത്തുന്ന ടൂര്‍ണമെന്റ് ആരാധകര്‍ക്ക് ഓര്‍ത്തുവെക്കാന്‍ ഒരുപാട് മികച്ച നിമിഷങ്ങള്‍ സമ്മാനിക്കുമെന്ന് ഉറപ്പാണ്.
കളിക്കളത്തില്‍ ഗോളുകളും അസിസ്റ്റുകളും മാത്രമല്ല മത്സരങ്ങളില്‍ പിറക്കുന്ന ഓരോ ഹാട്രിക്കുകളും ആരാധകരെ ആവേശഭരിതരാക്കാറുണ്ട്. ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ 54 ഹാട്രിക്കുകളാണ് പിറന്നിട്ടുള്ളത്. ഈ 54 ഹാട്രിക്കുകളില്‍ ആരാധകര്‍ എന്നും ഓര്‍മിക്കപ്പടുന്ന ഹാട്രിക്കുകളിലൊന്ന് പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെത് ആയിരിക്കും.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
2018 റഷ്യന്‍ ലോകകപ്പിൽ സ്പെയ്നിനെതിരെയായിരുന്നു റൊണാള്‍ഡോ ഹാട്രിക് നേടി തിളങ്ങിയത്. മത്സരം 3-3 എന്ന ത്രില്ലര്‍ സ്‌കോറിനായിരുന്നു അവസാനിച്ചത്. പറങ്കിപ്പടക്ക് വേണ്ടി മൂന്ന് ഗോളുകളും നേടി റൊണാള്‍ഡോ മുന്നില്‍ നിന്നും നയിച്ചപ്പോള്‍ ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടുന്ന മത്സരമായി ഇത് മാറുകയായിരുന്നു.
റൊണാള്‍ഡോയുടെ ആദ്യ ഗോള്‍ പിറന്നത് പെനാല്‍റ്റിയിലൂടെയായിരുന്നു. മത്സരത്തിന്റെ നാലാം മിനിറ്റിലായിരുന്നു ഗോള്‍ പിറന്നത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പാണ് റൊണാള്‍ഡോ രണ്ടാം ഗോള്‍ നേടിയത്. മനോഹരമായ ഒരു ഫ്രീകിക്ക് ഗോളിലൂടെയാണ് റൊണാള്‍ഡോ ലക്ഷ്യം കണ്ടത്. സ്പാനിഷ് ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഗിയക്ക് ഒരു അവസരവും നല്‍കാത്ത റൊണാള്‍ഡോ പന്ത് വലയില്‍ എത്തിക്കുകയായിരുന്നു.
മത്സരത്തിന്റെ 88ാം മിനിറ്റില്‍ ഒരു തകര്‍പ്പന്‍ ഹെഡര്‍ ഗോളിലൂടെ റൊണാള്‍ഡോ തന്റെ ഹാട്രിക് പൂര്‍ത്തിയാക്കി. ലോകകപ്പില്‍ സ്‌പെയ്‌നിനെതിരെ ഹാട്രിക് നേടിയ ഏക താരം റൊണാള്‍ഡോയാണ്. ഈ ഹാട്രിക് പിറന്നതിന് ശേഷമുള്ള രണ്ടാമത്തെ ലോകകപ്പ് അടുത്തെത്തി നില്‍ക്കുമ്പോള്‍ റൊണാള്‍ഡോക്ക് ശേഷം സ്പാനിഷ് ഗോള്‍ വലയില്‍ ഹാട്രിക് നേട്ടം കൈവരിക്കാന്‍ മറ്റേതെങ്കിലും താരത്തിന് സാധിക്കുമോയെന്നും കണ്ടുതന്നെ അറിയണം.
ലോകകപ്പില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരവും റൊണാള്‍ഡോയാണ്. 33 വയസും 130 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു റൊണാള്‍ഡോയുടെ ഹാട്രിക്. 1978ലെ ലോകകപ്പില്‍ ട്രെബിള്‍ നേടിയ മുന്‍ നെതര്‍ലാന്‍ഡ്‌സ് താരം റോബ് റെന്‍സെന്‍ബ്രിങ്കിന്റെ 30 വര്‍ഷത്തെ റെക്കോഡ് തിരുത്തികുറിച്ചായിരുന്നു പോര്‍ച്ചുഗീസ് ഇതിഹാസത്തിന്റെ നേട്ടം.
ലോകകപ്പില്‍ ഗ്രൂപ്പ് കെ.യിലാണ് പറങ്കിപ്പട ഇടം നേടിയിട്ടുള്ളത്. കൊളംബിയ, ഉസ്ബക്കിസ്ഥാന്‍, ഡി.ആര്‍. കോംഗോ എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ജൂണ്‍ 17ന് ഡി.ആര്‍. കോംഗോക്കെതിരെയാണ് റൊണാള്‍ഡോയുടെയും സംഘത്തിന്റെയും ആദ്യ മത്സരം.
Content Highlight: Cristiano Ronaldo is the only player to score hatric against Spain in World cup