2026 ലോക ഫുട്‌ബോള്‍ മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ ലോകം. മെക്‌സിക്കോ, കാനഡ, യു.എസ്.എ തുടങ്ങിയ മൂന്ന് വ്യത്യസ്ത രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ഈ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവുമധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റാണ്. 48 രാജ്യങ്ങളാണ് ഇത്തവണ കിരീടത്തിനായി പോരാട്ടത്തിനിറങ്ങുന്നത്.
മറ്റൊരു ലോകകപ്പ് കൂടി മുന്നിലെത്തി നില്‍ക്കുമ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലായിരിക്കും. ഇതുവരെ തന്റെ കരിയറില്‍ സ്വന്തമാക്കാന്‍ സാധിക്കാത്ത ലോക കിരീടം പോര്‍ച്ചുഗലിനൊപ്പം സ്വന്തമാക്കാനായിരിക്കും റൊണാള്‍ഡോ ഇത്തവണ കളത്തിലിറങ്ങുക.
ലോകകപ്പില്‍ ഗ്രൂപ്പ് കെ-യിലാണ് പറങ്കിപ്പട ഇടം നേടിയിട്ടുള്ളത്. കൊളംബിയ, ഉസ്ബക്കിസ്ഥാന്‍, ഡി.ആര്‍. കോംഗോ എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ഈ രാജ്യങ്ങള്‍ക്കെതിരെ ഗോള്‍ നേടാനായാല്‍ മറ്റൊരു ശ്രദ്ധേയമായ നേട്ടം റൊണാള്‍ഡോക്ക് കൈവരിക്കാന്‍ സാധിക്കും. റൊണാള്‍ഡോ തന്റെ കരിയറില്‍ ഇതുവരെ ഈ മൂന്ന് ടീമുകള്‍ക്കെതിരെ ഗോള്‍ നേടിയിട്ടില്ല.
ഇതുവരെ റൊണാള്‍ഡോ 48 വ്യത്യസ്ത രാജ്യങ്ങള്‍ക്കെതിരെയാണ് ഗോള്‍ നേടിയിട്ടുള്ളത്. ഇത്രയധികം രാജ്യങ്ങള്‍ക്കെതിരെ ഗോള്‍ നേടിയ ചരിത്രത്തിലെ ഏക താരവും റൊണാള്‍ഡോയാണ്.
ക്രിസ്റ്റ്യാനോ റൊണാൾഡോ
അന്‍ഡോറ, അര്‍ജന്റീന, അര്‍മേനിയ, അസര്‍ബൈജാന്‍, ബെല്‍ജിയം,ബോസ്‌നിയ, കാമറൂണ്‍, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെന്മാര്‍ക്ക്, ഇക്വഡോര്‍, ഈജിപ്ത്, എസ്റ്റോണിയ, ഫറോ ഐലൻഡ്, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഘാന, ഗ്രീസ്, ഹംഗറി, ഐസ്ലാന്‍ഡ്, ഇറാന്‍, ഇസ്രഈല്‍, കസാക്കിസ്ഥാന്‍, ലാറ്റ്‌വിയ, ലിച്ചെന്‍സ്‌റ്റൈന്‍, ലിത്വാനിയ, ലക്‌സംബര്‍ഗ്, മൊറോക്കോ, ന്യൂസിലാന്‍ഡ്, നെതര്‍ലാന്‍ഡ്, നോര്‍തെണ്‍ അയര്‍ലാന്‍ഡ്, നോര്‍ത്ത് കൊറിയ, പനാമ, പോളണ്ട്, ഖത്തര്‍, റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ്, റഷ്യ, സൗദി അറേബ്യ, സ്‌കോട്ലാന്‍ഡ്, സെര്‍ബിയ, സ്ലൊവാക്യ, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ഉക്രെയ്ന്‍, വെയില്‍സ് എന്നീ രാജ്യങ്ങള്‍ക്കെതിരെയാണ് റൊണാള്‍ഡോ ഗോളുകള്‍ നേടിയത്.
ഗ്രൂപ്പ് ഘട്ടത്തില്‍ ഇതുവരെ ഓണാള്‍ഡോയുടെ ബൂട്ടുകളുടെ ശക്തിയറിയാത്ത ടീമുകളാണുള്ളത്. അതുകൊണ്ട് തന്നെ ഈ രാജ്യങ്ങള്‍ക്കെതിരെ ഗോള്‍ നേടിയാല്‍ റൊണാള്‍ഡോക്ക് ഇനിയും തന്റെ നേട്ടം ഉയര്‍ത്താനാവും.
2006, 2010, 2014, 2018, 2022 എന്നീ ടൂര്‍ണമെന്റുകളില്‍ കളത്തിലിറങ്ങിയ റൊണാള്‍ഡോ ആറാം ലോകകപ്പിനാണ് ഒരുങ്ങുന്നത്. നിലവില്‍ തന്റെ 41ാം വയസിലും പ്രായം തളര്‍ത്താത്ത പോരാട്ടവീര്യമാണ് റൊണാള്‍ഡോ നടത്തിക്കൊണ്ടിരിക്കുന്നത്. ലോകകപ്പിലും റൊണാള്‍ഡോയുടെ കാലുകളില്‍ നിന്നും അത്ഭുതങ്ങള്‍ പിറക്കുമെന്നാണ് ഫുട്ബോള്‍ ലോകം ഉറച്ചുവിശ്വസിക്കുന്നത്. ജൂണ്‍ 17ന് ഡി.ആര്‍. കോംഗോക്കെതിരെയാണ് റൊണാള്‍ഡോയുടെയും സംഘത്തിന്റെയും ആദ്യ മത്സരം.
Content Highlight: Cristiano Ronaldo is the only player to score goals to 48 different team