| Tuesday, 9th June 2026, 12:58 pm

റൊണാള്‍ഡോയെക്കാള്‍ ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ ന്യൂയറിന്; അമ്പരന്ന് ലോകം!

Sudev A

2026 ലോക ഫുട്‌ബോള്‍ മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ ലോകം. മെക്‌സിക്കോ, കാനഡ, യു.എസ്.എ തുടങ്ങിയ മൂന്ന് വ്യത്യസ്ത രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ഈ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവുമധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റാണ്. 48 രാജ്യങ്ങളാണ് ഇത്തവണ കിരീടത്തിനായി പോരാട്ടത്തിനിറങ്ങുന്നത്.

ഇതുവരെ തന്റെ കരിയറില്‍ സ്വന്തമാക്കാന്‍ സാധിക്കാത്ത ലോക കിരീടം സ്വന്തമാക്കാനായിരിക്കും റൊണാള്‍ഡോ ഇത്തവണ ലക്ഷ്യം വെക്കുക. 2006, 2010, 2014, 2018, 2022 എന്നീ ടൂര്‍ണമെന്റുകളില്‍ കളത്തിലിറങ്ങിയ റൊണാള്‍ഡോ ആറാം ലോകകപ്പിനാണ് ഒരുങ്ങുന്നത്. നിലവില്‍ തന്റെ 41ാം വയസിലും പ്രായം തളര്‍ത്താത്ത പോരാട്ടവീര്യമാണ് റൊണാള്‍ഡോ നടത്തിക്കൊണ്ടിരിക്കുന്നത്.

മറ്റൊരു ലോകകപ്പ് കൂടി അടുത്തെത്തി നില്‍ക്കുമ്പോള്‍ റൊണാള്‍ഡോയുടെ ലോകകപ്പിലെ പ്രകടനങ്ങളിലെ ഒരു അമ്പരിപ്പിക്കുന്ന കണക്കുകളാണ് ഏറെ ശ്രദ്ധേയമാവുന്നത്. ലോകകപ്പ് നോക്ക് ഔട്ട് ഘട്ടങ്ങളില്‍ റൊണാള്‍ഡോക്ക് ഇതുവരെ ഒരു ഗോളോ അസിസ്റ്റോ നേടാനായിട്ടില്ല. 22 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ റൊണാള്‍ഡോ എട്ട് ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് ഇതുവരെ നേടിയിട്ടുള്ളത്.

മാനുവൽ ന്യൂയർ

ലോകകപ്പ് നോക്ക് ഔട്ട് ഘട്ടത്തില്‍ റൊണാള്‍ഡോയെക്കാള്‍ ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ ജര്‍മന്‍ ഇതിഹാസ ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയറിനുണ്ടെന്നതും മറ്റൊരു രസകരമായ വസ്തുതയാണ്.

2010 ലോകകപ്പില്‍ അസിസ്റ്റ് നേടിയാണ് ന്യൂയര്‍ തിളങ്ങിയത്. ഇംഗ്ലണ്ടിനെതിരെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മിറോസ്ലാവ് ക്ലോസെക്കാണ് ന്യൂയര്‍ അസിസ്റ്റ് നല്‍കിയത്. ന്യൂയര്‍ ഉയര്‍ത്തിയടിച്ച പന്ത് മുന്നേറ്റനിരയില്‍ നിന്നും ക്ലോസെ ഗോളാക്കി മാറ്റുകയായിരുന്നു.

അതേസമയം ലോകകപ്പില്‍ ഗ്രൂപ്പ് കെ-യിലാണ് പറങ്കിപ്പട ഇടം നേടിയിട്ടുള്ളത്. കൊളംബിയ, ഉസ്ബക്കിസ്ഥാന്‍, ഡി.ആര്‍. കോംഗോ എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ജൂണ്‍ 17ന് ഡി.ആര്‍. കോംഗോക്കെതിരെയാണ് റൊണാള്‍ഡോയുടെയും സംഘത്തിന്റെയും ആദ്യ മത്സരം.

2022 ലോകകപ്പില്‍ പോര്‍ച്ചുഗലിന് ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ മാത്രമേ എത്താന്‍ സാധിച്ചുള്ളൂ. ക്വാര്‍ട്ടറില്‍ മൊറോക്കോയോട് പരാജയപ്പെട്ടാണ് പോര്‍ച്ചുഗല്‍ പുറത്തായത്. അതുകൊണ്ട് തന്നെ ഇത്തവണ വിശ്വകിരീടം ചൂടി മടങ്ങാനാവും റൊണാള്‍ഡോ ലക്ഷ്യം വെക്കുക.

Content Highlight: Cristiano Ronaldo interesting factor in FIFA world cup knock out stages

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more