2026 ഫിഫ ലോകകപ്പില്‍ പോര്‍ച്ചുഗലിനും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും അത്ര മികച്ച തുടക്കമല്ല ലഭിച്ചിരിക്കുന്നത്. ഡി.ആര്‍ കോംഗോയ്ക്ക് എതിരായ മത്സരത്തില്‍ വിജയം കൊതിച്ചെത്തിയ പറങ്കിപ്പടയ്ക്ക് സമനില വഴങ്ങേണ്ടി വന്നു.
പോര്‍ച്ചുഗലും ഡി.ആര്‍. കോംഗോയും ഓരോ ഗോള്‍ വീതമടിച്ച് പിരിയുകയായിരുന്നു. തുടക്കത്തില്‍ തന്നെ ലീഡെടുത്തതിന് ശേഷമാണ് റോണോയുടെ സംഘം സമനില വഴങ്ങിയത്. പോര്‍ച്ചുഗലിനായി ജാവോ നെവസും ഡി.ആര്‍ കോംഗോയ്ക്ക് വേണ്ടി യൊവാന്‍ വിസയുമാണ് ഗോള്‍ നേടിയത്.
ഡി.ആര്‍ കോംഗോയ്‌ക്കെതിരെ ഗോള്‍ നേടിയിരുന്നെങ്കില്‍ റോണോയെ കാത്തിരുന്നത് വമ്പന്‍ റെക്കോഡുകളായിരുന്നു. ആറ് വ്യത്യസ്ത ലോകകപ്പില്‍ ഗോള്‍ നേടുന്ന താരം എന്ന അപൂര്‍വ നേട്ടമായിരുന്നു റോണോയുടെ മുന്നില്‍ നിന്ന് തെന്നിപ്പോയത്. 2006, 2010, 2014, 2018, 2022 ലോകകപ്പുകളില്‍ ഗോള്‍ നേടിയ റോണോ 2026 ലോകകപ്പിലും വലകുലുക്കിയാല്‍ ഈ വമ്പന്‍ നേട്ടം കൊയ്യാം.
ക്രിസ്റ്റ്യാനോ റൊണാൾഡോ. Photo: fan/x.com
മാത്രമല്ല 150 അന്താരാഷ്ട്ര ഗോളുകള്‍ നേടാനുള്ള അവസരവും താരത്തിനുണ്ട്. നിലിവില്‍ 229 മത്സരങ്ങളില്‍ നിന്ന് 143 ഗോളുകളാണ് പോര്‍ച്ചുഗലിന് വേണ്ടി താരം നേടിയത്. വരും മത്സരങ്ങളില്‍ ഏഴ് ഗോള്‍ നേടിയാല്‍ റോണോ 150 അന്താരാഷ്ട്ര ഗോള്‍ നേടുന്ന താരമാകും. ഈ മൈല്‍സ്റ്റോണിലെത്തുന്ന ലോകത്തിലെ ആദ്യ താരമായിരിക്കും റൊണാള്‍ഡോ.
41ാം വയസിലും ദേശീയ ടീമിന്റെ പ്രധാന പ്രതീക്ഷയായി തുടരുന്ന റൊണാള്‍ഡോ, ലോകകപ്പ് സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കളത്തിലിറങ്ങുക.
ക്രിസ്റ്റ്യാനോ റൊണാൾഡോ. Photo: WhoScored/x.com
ആദ്യ മത്സരത്തില്‍ ഗോള്‍ നേടാന്‍ സാധിച്ചില്ലെങ്കിലും വരും മത്സരത്തില്‍ റൊണാള്‍ഡോ മിന്നും പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ജൂണ്‍ 23ന് ഉസ്ബകിസ്ഥാനെതിരെയാണ് റൊണാള്‍ഡോയും സംഘവും ഇനി കളത്തിലിറങ്ങുന്നത്.
Content Highlight: Cristiano Ronaldo Have A Chance To Achieve Great Records In FIFA World Cup 2026