| Friday, 12th June 2026, 9:38 pm

ലോകകപ്പ് നേടണം, പക്ഷെ ഏറ്റവും പ്രധാനം മറ്റൊരു കാര്യമാണ്; റൊണാൾഡോ

Sudev A

2026 ലോക ഫുട്ബോള്‍ മാമാങ്കത്തിന് ആവേശകരമായി കിക്ക് ഓഫായിരിക്കുകയാണ്. ആദ്യ രണ്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ മെക്‌സിക്കോയും സൗത്ത് കൊറിയയും മിന്നും വിജയത്തോടെ വരവറിയിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന മത്സരങ്ങളില്‍ ആരാധകര്‍ കാത്തിരിക്കുന്ന വമ്പന്‍ ടീമുകളും കളത്തിലിറങ്ങും.

മറ്റൊരു ലോകകപ്പ് കൂടി മുന്നിലെത്തി നില്‍ക്കുമ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലായിരിക്കും. ഇതുവരെ തന്റെ കരിയറില്‍ സ്വന്തമാക്കാന്‍ സാധിക്കാത്ത ലോക കിരീടം പോര്‍ച്ചുഗലിനൊപ്പം സ്വന്തമാക്കാനായിരിക്കും റൊണാള്‍ഡോ ഇത്തവണ കളത്തിലിറങ്ങുക.

ഇപ്പോള്‍ ലോകകപ്പിന് മുന്നോടിയായി പോര്‍ച്ചുഗല്‍ ലോകകിരീടം ചൂടുമോയെന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് റൊണാള്‍ഡോ. ലോകകപ്പ് നേടുകയെന്നത് പല കാര്യങ്ങളെ ആശ്രയിച്ചിരിക്കുമെന്നാണ് റൊണാള്‍ഡോ പറഞ്ഞത്. എല്ലാം ശരിയായി നടന്നാല്‍ ലോകകപ്പ് ജയം സാധ്യമാവുമെന്ന ആത്മവിശ്വാസവും പോര്‍ച്ചുഗീസ് ഇതിഹാസം പ്രകടിപ്പിച്ചു.

‘ലോകകപ്പ് നേടണമെങ്കില്‍ പല കാര്യങ്ങളെ ആശ്രയിച്ചിരിക്കും. എല്ലാം നന്നായി നടക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. പ്രധാനപ്പെട്ട കാര്യം മികച്ച തുടക്കം ലഭിക്കുകയെന്നതാണ്. ആദ്യം ഗ്രൂപ്പ് ഘട്ടം കടക്കണം. പിന്നീട് മുന്നോട്ട് പോവാന്‍ സാധിക്കും. മുന്നോട്ട് പോവുമ്പോഴാണ് വഴി തെളിയുക. അതിനാല്‍ മികച്ച തുടക്കം ലഭിക്കുകയാണ് ഏറ്റവും പ്രധാനം. ആദ്യ മത്സരം വിജയിക്കുക, പിന്നീട് രണ്ടാമത്തേത് ജയിക്കുക, ആത്മവിശ്വാസം നേടുക ഇതാണ് വേണ്ടത്,’ റൊണാള്‍ഡോ മാധ്യമങ്ങളോട് പറഞ്ഞു.

2006, 2010, 2014, 2018, 2022 എന്നീ ടൂര്‍ണമെന്റുകളില്‍ കളത്തിലിറങ്ങിയ റൊണാള്‍ഡോ ആറാം ലോകകപ്പിനാണ് ഒരുങ്ങുന്നത്. നിലവില്‍ തന്റെ 41ാം വയസിലും പ്രായം തളര്‍ത്താത്ത പോരാട്ടവീര്യമാണ് റൊണാള്‍ഡോ നടത്തിക്കൊണ്ടിരിക്കുന്നത്.

ലോകകപ്പിലും റൊണാള്‍ഡോയുടെ കാലുകളില്‍ നിന്നും അത്ഭുതങ്ങള്‍ പിറക്കുമെന്നാണ് ഫുട്‌ബോള്‍ ലോകം ഉറച്ചുവിശ്വസിക്കുന്നത്. ജൂണ്‍ 17ന് ഡി.ആര്‍. കോംഗോക്കെതിരെയാണ് റൊണാള്‍ഡോയുടെയും സംഘത്തിന്റെയും ആദ്യ മത്സരം.

2022 ലോകകപ്പില്‍ പോര്‍ച്ചുഗലിന് ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ മാത്രമേ എത്താന്‍ സാധിച്ചുള്ളൂ. ക്വാര്‍ട്ടറില്‍ മൊറോക്കോയോട് പരാജയപ്പെട്ടാണ് പോര്‍ച്ചുഗല്‍ പുറത്തായത്. അതുകൊണ്ട് തന്നെ ഇത്തവണ വിശ്വകിരീടം ചൂടി മടങ്ങാനാവും റൊണാള്‍ഡോ ലക്ഷ്യം വെക്കുക.

Content Highlight: Cristiano Ronaldo has revealed how Portugal will perform in the 2026 World Cup

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more