കളിക്കളത്തിന് പുറത്തുള്ള ജീവിതത്തെ കുറിച്ചുള്ള മെസിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയിയല്‍ വലിയ ചര്‍ച്ചയായിരുന്നു. ഗ്രൗണ്ടിനപ്പുറം സ്വന്തം ജീവിതത്തില്‍ താന്‍ ഒറ്റയ്ക്കിരിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളായെന്നും പാര്‍ട്ണര്‍ക്കും കുട്ടികള്‍ക്കും ഒപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്ന ആളാണെന്നും മെസി പറഞ്ഞിരുന്നു.
വൈനില്‍ സ്‌പ്രൈറ്റ് ഒഴിച്ച് കുടിക്കുന്ന തന്റെ ശീലത്തെ കുറിച്ചും മെസി ലുസു ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
‘എനിക്ക് വൈന്‍ കഴിക്കാന്‍ ഇഷ്ടമാണ്. സാധാരണമായി എല്ലാവരും അങ്ങനെ ചെയ്യാറില്ലെങ്കിലും സ്‌പ്രൈറ്റിനൊപ്പം വൈന്‍ ചേര്‍ത്ത് കുടിക്കുന്നത് എനിക്കിഷ്ടമാണ്,’ എന്നാണ് മെസി പറഞ്ഞത്. നൃത്തം ചെയ്യാന്‍ മടിയാണെന്നും എന്നാല്‍ മദ്യപിച്ചാല്‍ താന്‍ നൃത്തം ചെയ്യാറുണ്ടെന്നും അഭിമുഖത്തില്‍ ഇതിഹാസ താരം പറഞ്ഞിരുന്നു.
മെസിയുടെ വാക്കുകള്‍ക്ക് പിന്നാലെ ക്രിസ്റ്റ്യാനോ ഫാന്‍സ് രംഗത്തെത്തിയിക്കുകയാണ്. റൊണാള്‍ഡോ ഒരിക്കലും മദ്യപിക്കാറില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്.
മദ്യമോ മറ്റ് ലഹരി പഥാര്‍ത്ഥങ്ങളൊന്നും തന്നെ ക്രിസ്റ്റ്യാനോ ഉപയോഗിക്കാറില്ല. ശുദ്ധമായ വെള്ളം കുടിക്കാനാണ് അദ്ദേഹം ആവശ്യപ്പെടുന്നതെന്നും യൂറോ കപ്പിലെ പത്ര സമ്മേളനത്തില്‍ നമ്മളത് കണ്ടതാണെന്നും ഇവര്‍ ഓര്‍മിപ്പിക്കുന്നു.
അദ്ദേഹം കൃത്യമായി വ്യായാമം ചെയ്ത് ഫിറ്റ്‌നെസ് കാത്തുസൂക്ഷിക്കുന്ന ആളാണ്. രക്തദാനം നടത്തുന്നവനാണ്. ശരീരത്തില്‍ ഒരു ടാറ്റു പോലും ചെയ്തിട്ടില്ല. ഇതെല്ലാം മുന്‍നിര്‍ത്തി ആരെ മാതൃകയാക്കണമെന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കൂ എന്നാണ് ആരാധകര്‍ പറയുന്നത്.
2021 യൂറോ കപ്പിലെ പത്ര സമ്മേളനത്തില്‍ റൊണാള്‍ഡോ തനിക്ക് മുമ്പില്‍ വെച്ചിരുന്ന കൊക്കക്കോള ബോട്ടിലുകള്‍ എടുത്തുമാറ്റുകയും പകരം വെള്ളം കുടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തത് മുന്‍ നിര്‍ത്തിയാണ് റൊണാള്‍ഡോ ആരാധകര്‍ മെസിയെ വിമര്‍ശിക്കുന്നത്.
യൂറോ കപ്പില്‍ ഹംഗറിക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് തനിക്ക് മുമ്പിലിരുന്ന രണ്ട് കൊക്ക കോള ബോട്ടിലുകള്‍ റൊണാള്‍ഡോ എടുത്തുമാറ്റിയത്. സമീപമുള്ള വെള്ളക്കുപ്പി ഉയര്‍ത്തിക്കാട്ടി വെള്ളമാണ് കുടിക്കേണ്ടതെന്നും റൊണാള്‍ഡോ ക്യാമറയ്ക്ക് മുന്നില്‍ പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു.
സംഭവത്തില്‍ കൊക്കക്കോളയ്ക്ക് വലിയ വിപണി തകര്‍ച്ചയും നേരിട്ടിരുന്നു. റൊണാള്‍ഡോ കൊക്കക്കോള ബോട്ടില്‍ മാറ്റിവെച്ച് നാല് മണിക്കൂറിനകം 520 കോടി ഡോളറിന്റെ ഇടിവാണ് സംഭവിച്ചത്.
യൂറോ കപ്പിലെ ഔദ്യോഗിക സ്പോണ്‍സര്‍ കൂടിയായിരുന്നു കൊക്കക്കോള . ഇതിന്റെ ഭാഗമായാണ് കൊക്കക്കോള ബോട്ടിലുകള്‍ പ്രസ് കോണ്‍ഫറന്‍സ് ടേബിളിലെത്തിയത്. റൊണാള്‍ഡോയുടെ വൈറലായ വാര്‍ത്താ സമ്മേളനം നടക്കുന്നതിന് മുമ്പ് കമ്പനിയുടെ ഓഹരി വില 73.02 ഡോളറായിരുന്നു. എന്നാല്‍ വാര്‍ത്താ സമ്മേളനം കഴിഞ്ഞതിന് പിന്നാലെ ഇത് 71.85 ഡോളറായി കുറഞ്ഞു.
Content Highlight: Cristiano Ronaldo fans slams Lionel Messi