| Wednesday, 24th June 2026, 2:46 pm

താഴെയും മുകളിലും റൊണാൾഡോ; ലോകത്തിൽ മൂന്നാമനായി CR7

സുദേവ് എ

2026 ഫിഫ ലോകകപ്പില്‍ ഉസ്ബക്കിസ്ഥാനെ വീഴ്ത്തി പോര്‍ച്ചുഗല്‍ ഈ ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കിയിരുന്നു. ഹൂസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് പറങ്കിപ്പടയുടെ വിജയം. ആദ്യ മത്സരത്തില്‍ ഡി. ആര്‍ കോംഗോക്കെതിരെ സമനില വഴങ്ങിയ പോര്‍ച്ചുഗല്‍ ഉസ്ബക്കിസ്ഥാനെതിരെ ശക്തമായി തിരിച്ചുവരികയായിരുന്നു.

ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വമ്പന്‍ തിരിച്ചുവരവിന് കൂടിയാണ് ഈ മത്സരം സാക്ഷ്യം വഹിച്ചത്. ഇരട്ട ഗോള്‍ നേടിയാണ് റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ വിജയത്തില്‍ നിര്‍ണായകമായത്. മത്സരത്തില്‍ 6, 39 എന്നീ മിനിറ്റുകളിലാണ് റൊണാള്‍ഡോയുടെ ഗോളുകള്‍ പിറന്നത്.

തുടക്കത്തില്‍ തന്നെ ജാവോ കാന്‍സലോ നല്‍കിയ പാസില്‍ നിന്നും റൊണാള്‍ഡോ അനായാസം ലക്ഷ്യം കാണുകയായിരുന്നു. 39ാം മിനിറ്റില്‍ ഉസ്ബക്കിസ്ഥാന്റെ പ്രതിരോധം പൊളിച്ചുകൊണ്ടുള്ള ബ്രൂണോ ഫെര്‍ണാണ്ടസിന്റെ പാസില്‍ നിന്നുമാണ് റൊണാള്‍ഡോ ഗോള്‍ നേടിയത്.

ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഒരുപിടി മികച്ച നേട്ടങ്ങളാണ് റൊണാള്‍ഡോ തന്റെ പേരിലാക്കി മാറ്റിയത്. ലോകകപ്പില്‍ പോര്‍ച്ചുഗലിനായി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമാവാനും റൊണാള്‍ഡോക്ക് സാധിച്ചു. 41 വയസും 138 ദിവസവും പ്രായമുള്ളപ്പോഴാണ് റൊണാള്‍ഡോയെ തേടി ഈ നേട്ടമെത്തിയത്.

പോര്‍ച്ചുഗലിനായി ലോകകപ്പില്‍ ഗോള്‍ നേടിയ പ്രായം കുറഞ്ഞ താരവും റൊണാള്‍ഡോ തന്നെയാണ്. 2006 ലോകകപ്പില്‍ 21 വയസും 132 ദിവസവും പ്രായമുള്ളപ്പോഴാണ് റൊണാള്‍ഡോ പോര്‍ച്ചുഗലിനായി ആദ്യ ഗോള്‍ നേടിയത്.

ലോകകപ്പില്‍ റൊണാള്‍ഡോക്ക് മുമ്പ് രണ്ട് താരങ്ങള്‍ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളൂ. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയും മുന്‍ ഡെന്മാര്‍ക്ക് താരം മിച്ചെല്‍ ലൗഡ്റുപ്പമാണ് അവരുടെ രാജ്യത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞതും കൂടിയതുമായ ഗോള്‍ സ്‌കോറര്‍മാര്‍. ഇപ്പോള്‍ ഈ അപൂര്‍വ ലിസ്റ്റിലേക്ക് റൊണാള്‍ഡോയും ഇടം പിടിച്ചിരിക്കുകയാണ്.

അതേസമയം മത്സരത്തില്‍ റൊണാള്‍ഡോക്ക് പുറമെ ന്യൂനോ മെന്‍ഡസ് ഒരു തകര്‍പ്പന്‍ ഫ്രീ കിക്കിലൂടെ പോര്‍ച്ചുഗലിന് ലീഡ് സമ്മാനിച്ചപ്പോള്‍ റാഫേല്‍ ലിയോയും ലക്ഷ്യം കണ്ടു. അബ്ദുവോഹിദ് നിമാറ്റോവിന്റെ ഓണ്‍ ഗോളും പോര്‍ച്ചുഗലിന്റെ ഗോളുകളുടെ എണ്ണം ഉയര്‍ത്താന്‍ സഹായകമായി.

മത്സരത്തില്‍ ബോള്‍ പൊസഷനിലും ഷോട്ടുകളുടെ എണ്ണത്തിലും എതിരാളികളുടെ മുകളില്‍ വലിയ ആധിപത്യം സ്ഥാപിച്ചാണ് റൊണാള്‍ഡോയും സംഘവും മുന്നേറിയത്. ജൂണ്‍ 28നാണ് പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനിറങ്ങുന്നത്. മയാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കൊളംബിയയാണ് പറങ്കിപ്പടയുടെ എതിരാളികള്‍.

Content Highlight: Cristiano Ronaldo create a historical record in world cup

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more