| Tuesday, 29th September 2026, 6:55 pm

'ബെര്‍ണാബ്യൂവിലേക്ക് റൊണാള്‍ഡോയുടെ രണ്ടാം വരവ്' അസ്തമിച്ച സൂര്യന്‍ വീണ്ടും ഉദിക്കുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

2027 യുവേഫ നേഷന്‍സ് ലീഗ് ഫൈനലിന്റെ വേദിയാവാന്‍ റയല്‍ മാഡ്രിഡിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. സ്പാനിഷ് ഫുട്‌ബോള്‍ പ്രസിഡന്റ് റാഫേല്‍ ലൂസാന്‍ ഇത് സംബന്ധിച്ച രേഖകള്‍ അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിവരം.

ലോക ഫുട്‌ബോളിലെ തന്നെ ഏറ്റവും മികച്ച പോരാട്ടവീര്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ബെര്‍ണബ്യൂവിലേക്ക് ഒരു ഇന്റര്‍നാഷണല്‍ മേജര്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ എത്തുകയാണെങ്കില്‍ ഫുട്‌ബോള്‍ ആരാധകര്‍ക്കും ഇതൊരു പുതിയ കാഴ്ചയാവും.

ഈ വാര്‍ത്ത ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആരാധകര്‍ക്കും സന്തോഷം പകരുന്ന ഒന്നാണ്. ഇപ്പോഴും ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലാത്ത റൊണാള്‍ഡോ വരാനിരിക്കുന്ന നേഷന്‍സ് ലീഗിന്റെ ഫൈനലിലേക്ക് പോര്‍ച്ചുഗലിനൊപ്പം യോഗ്യത നേടിയാല്‍ തന്റെ പഴയ തട്ടകത്തില്‍ റൊണാള്‍ഡോ വീണ്ടും ബൂട്ട് കെട്ടുന്ന അവിസ്മരണീയ നിമിഷത്തിന് ഫുട്‌ബോള്‍ ലോകം സാക്ഷികളാകും.

റയല്‍ മാഡ്രിഡിന്റെ തൂവെള്ള കുപ്പായത്തില്‍ നടത്തിയ ഇതിഹാസ പോരാട്ടങ്ങളുടെ മണ്ണിലേക്ക് റൊണാള്‍ഡോ വീണ്ടും മടങ്ങിയെത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

റയലിനായി അവിസ്മരണീയമായ ഒരു കരിയറായിരുന്നു റൊണാള്‍ഡോ പടുത്തുയര്‍ത്തിയത്. റയലിനായി 438 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ പോര്‍ച്ചുഗീസ് ഇതിഹാസം 450 ഗോളുകളും 131 അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്.

റയലിനൊപ്പം ഒരുപിടി കിരീടനേട്ടങ്ങളില്‍ പങ്കാളിയാവാനും റൊണാള്‍ഡോക്ക് സാധിച്ചിട്ടുണ്ട്. നാല് യുവേഫ ചാമ്പ്യന്‍സ് ലീഗ്, മൂന്ന് വീതം യുവേഫ സൂപ്പര്‍കപ്പ്, ഫിഫ ക്ലബ്ബ് ലോകകപ്പ്, രണ്ട് വീതം ലാ ലീഗ, കോപ്പ ഡെല്‍റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് എന്നീ ട്രോഫികളാണ് റൊണാള്‍ഡോ റയലിനൊപ്പം നേടിയത്.

2018ലാണ് റൊണാള്‍ഡോ റയലിനൊപ്പമുളള ഐതിഹാസിക കരിയര്‍ അവസാനിപ്പിച്ചുകൊണ്ട് ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസിലേക്ക് ചേക്കേറിയത്. യുവന്റസില്‍ നിന്നും 2021ല്‍ തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിലേക്കും റൊണാള്‍ഡോ കൂടുമാറി.

2023ല്‍ റൊണാള്‍ഡോ മാഞ്ചസ്റ്ററിനോട് വിടപറഞ്ഞുകൊണ്ട് സൗദി വമ്പന്മാരായ അല്‍ നസറിലേക്ക് ചേക്കേറുകയായിരുന്നു.

അതേസമയം നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന നേഷന്‍സ് ലീഗില്‍ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ മിന്നും പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിലെ ടൂര്‍ണമെന്റ് ചാമ്പ്യന്മാര്‍ കൂടിയായ പോര്‍ച്ചുഗല്‍ ആദ്യ മത്സരത്തില്‍ വെയ്ല്‍സിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയപ്പോള്‍ രണ്ടാം മത്സരത്തില്‍ നോര്‍വേയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കും കീഴടക്കി. വെയ്ല്‍സിനെതിരെയുള്ള ആദ്യ മത്സരത്തില്‍ സ്റ്റാര്‍ട്ടിങ് ലെവലില്‍ ഇടം നേടിയ റൊണാള്‍ഡോ നോര്‍വേക്കെതിരെയുള്ള രണ്ടാം മത്സരത്തില്‍ കളത്തിലിറങ്ങിയിരുന്നില്ല.

Content Highlight: Cristiano Ronaldo chances to comeback in Santiago Bernabeu

Latest Stories

We use cookies to give you the best possible experience. Learn more