| Saturday, 23rd August 2025, 10:40 pm

5x100! ഫുട്‌ബോള്‍ ചരിത്രത്തില്‍ ഒരേയൊരുവന്‍; കിരീടം നഷ്ടപ്പെട്ട മത്സരത്തിലും ഇതിഹാസമായി റൊണാള്‍ഡോ

ആദര്‍ശ് എം.കെ.

സൗദി സൂപ്പര്‍ കപ്പിന്റെ കലാശപ്പോരാട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ പരാജയപ്പെട്ടിരുന്നു. ഹോങ് കോങ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അല്‍ ആഹ്ലിയോടാണ് അല്‍ അലാമി പരാജയപ്പെട്ടത്. പെനാല്‍ട്ടി ഷൂട്ടൗട്ടിലായിരുന്നു ടീമിന്റെ തോല്‍വി.

നിശ്ചിത സമയത്തും ആഡ് ഓണ്‍ ടൈമിലും രണ്ട് ഗോള്‍ വീതം നേടിയാണ് ഇരു ടീമുകളും പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് കടന്നത്. ഇതില്‍ 5-3നായിരുന്നു അല്‍ നസറിന്റെ പരാജയം.

അല്‍ നസറിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മാഴ്‌സെലോ ബ്രോസോവിച്ചുമാണ് ഗോള്‍ കണ്ടെത്തിയത്. അല്‍ ആഹ്ലിക്കായി ഫ്രാങ്ക് കെസ്സിയും റോജര്‍ ഇബ്‌നെസും വലകുലുക്കി.

മത്സരത്തിന്റെ 41ാം മിനിട്ടില്‍ നേടിയ ഗോളിന് പിന്നാലെ റൊണാള്‍ഡോയെ തേടി ഒരു ചരിത്ര റെക്കോഡുമെത്തി. അഞ്ച് വിവിധ ടീമുകള്‍ക്കായി 100 ഗോള്‍ പൂര്‍ത്തിയാക്കുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടമാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. ഇതിനൊപ്പം നാല് വിവിധ ക്ലബ്ബുകള്‍ക്കായി ഗോള്‍ വേട്ടയില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന താരമെന്ന നേട്ടവും ഇതിഹാസം തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തു.

അഞ്ച് രാജ്യങ്ങളിലും രണ്ട് ഭൂഖണ്ഡങ്ങളിലുമായാണ് റൊണാള്‍ഡോ ‘ഗോളടിച്ച് നൂറടിച്ചത്’

പോര്‍ച്ചുഗല്‍ ദേശീയ ടീമിന് പുറമെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (ഇംഗ്ലണ്ട്), റയല്‍ മാഡ്രിഡ് (സ്‌പെയ്ന്‍), യുവന്റസ് (ഇറ്റലി), അല്‍ നസര്‍ (സൗദി അറേബ്യ) എന്നിവിടങ്ങളിലാണ് റോണോ ചരിത്രമെഴുതിയത്.

ഓരോ ടീമിനൊപ്പവും റൊണാള്‍ഡോയുടെ ഗോളുകള്‍

റയല്‍ മാഡ്രിഡ്

ലോസ് ബ്ലാങ്കോസിനായി 438 മത്സരത്തില്‍ കളത്തിലിറങ്ങിയ റൊണാള്‍ഡോ 451 ഗോളുകളാണ് ആകെ അടിച്ചെടുത്തത്. റയലിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരന്‍ കൂടിയാണ് റൊണാള്‍ഡോ.

ലാലിഗയില്‍ 312 ഗോളും ചാമ്പ്യന്‍സ് ലീഗില്‍ 105 ഗോളുകളുമാണ് റയല്‍ ജേഴ്‌സിയില്‍ താരം നേടിയത്. കോപ്പ ഡെല്‍ റേ – 22, ക്ലബ്ബ് വേള്‍ഡ് കപ്പ് – 6, സ്പാനിഷ് സൂപ്പര്‍ കപ്പ് – 4, യുവേഫ സൂപ്പര്‍ കപ്പ് – 2 എന്നിങ്ങനെയാണ് റയലില്‍ താരത്തിന്റെ ഗോള്‍ ബ്രേക്ഡൗണ്‍.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

കരിയറിലെ രണ്ട് ഘട്ടങ്ങളിലുമായി 346 മത്സരത്തില്‍ ചുവന്ന ചെകുത്താന്‍മാര്‍ക്കായി കളത്തിലിറങ്ങിയ റൊണാള്‍ഡോ 145 ഗോളാണ് സ്വന്തമാക്കിയത്.

കരയിറിലെ ആദ്യ സ്‌പെല്ലില്‍ (2003-2009) 292 മത്സരത്തില്‍ നിന്നും 118 ഗോളടിച്ച താരം രണ്ടാം സെപെല്ലില്‍ (2021-22) 54 മത്സരത്തില്‍ നിന്നും 27 ഗോളും അടിച്ചെടുത്തു.

പോര്‍ച്ചുഗല്‍

ഒരു നാഷണല്‍ ടീമിനായി ഏറ്റവുമധികം ഗോള്‍ നേടുന്ന താരമെന്ന നേട്ടം 138 ഗോളുമായി ഇപ്പോഴും റോണോ കയ്യടക്കിവെച്ചിരിക്കുകയാണ്. പറങ്കികള്‍ക്കൊപ്പമിറങ്ങിയ 221 മത്സരത്തില്‍ നിന്നുമാണ് താരം ഇത്രയും ഗോളുകളടിച്ചത്.

യുവന്റസ്

2018 മുതല്‍ 21 വരെ അസൂറികളുടെ മണ്ണില്‍ കളിച്ച 134 മത്സരത്തില്‍ നിന്നും 101 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചെടുത്തത്. സീരി എയില്‍ 81 ഗോള്‍ നേടിയ താരം ഓള്‍ഡ് ലേഡി ജേഴ്‌സിയില്‍ ചാമ്പ്യന്‍സ് ലീഗില്‍ 14 ഗോളും കോപ്പ ഇറ്റാലിയയില്‍ നാലും സൂപ്പര്‍ കോപ്പ ഇറ്റാലിയാനയില്‍ രണ്ട് ഗോളുമാണ് നേടിയത്.

അല്‍ നസര്‍

സൂപ്പര്‍ ടീമുകളുടെ ഈ എലീറ്റ് ലിസ്റ്റിലേക്കാണ് ഇപ്പോള്‍ അല്‍ നസറും ഇടം നേടിയത്. അല്‍ അലാമിക്കായി നൂറ് ഗോളാണ് വിവിധ ടൂര്‍ണമെന്റുകളില്‍ നിന്നും താരം അടിച്ചെടുത്തത്.

സൗദി പ്രോ ലീഗ് 74, എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് – 14, അറബ് ക്ലബ്ബ് ചാമ്പ്യന്‍സ് കപ്പ് – 6, സൗദി കിങ് കപ്പ് – 3, സൗദി സൂപ്പര്‍ കപ്പ് – 3 എന്നിങ്ങനെയാണ് അറേബ്യന്‍ മണ്ണില്‍ താരത്തിന്റെ ഗോള്‍ വേട്ട.

Content Highlight: Cristiano Ronaldo becomes the first player to complete 100 goals for 5 different team

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more