2026 ഫിഫ ലോകകപ്പില്‍ ഉസ്ബക്കിസ്ഥാനെ വീഴ്ത്തി പോര്‍ച്ചുഗലിന്റെ ഗംഭീര തിരിച്ചുവരവ്. ഹൂസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് എതിരാളികളെ വീഴ്ത്തിയാണ് പോര്‍ച്ചുഗല്‍ ഈ ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ ഡി. ആര്‍ കോംഗോക്കെതിരെ സമനില വഴങ്ങിയ പോര്‍ച്ചുഗല്‍ ഈ മത്സരത്തില്‍ ശക്തമായി തിരിച്ചുവരികയായിരുന്നു.
ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തിരിച്ചുവരവിന് കൂടിയാണ് ഹൂസ്റ്റണ്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഇരട്ട ഗോള്‍ നേടിയാണ് റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ വിജയത്തില്‍ നിര്‍ണായകമായത്.
ആറ് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കിയ റൊണാള്‍ഡോ ലോകകപ്പില്‍ പോര്‍ച്ചുഗലിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനായും മാറി. 10 ഗോളുകളാണ് റൊണാള്‍ഡോ ലോകകപ്പില്‍ ഇതുവരെ അടിച്ചെടുത്തത്.
ഒമ്പത് ഗോളുകള്‍ നേടിയ മുന്‍ താരം യൂസെബായോയെ മറികടന്നാണ് റൊണാള്‍ഡോ ഒന്നാമനായത്. 1966 ലോകകപ്പിലാണ് യൂസെബായോ ഒമ്പത് ഗോളുകള്‍ സ്വന്തമാക്കിയത്. ഇപ്പോള്‍ നീണ്ട 60 വര്‍ഷങ്ങള്‍ക്ക് ശേഷം റൊണാള്‍ഡോ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 10
യൂസെബായോ – 9
പോളീറ്റ – 4
ഹോസെ അഗസ്റ്റോ – 3
ഹോസെ ടോറസ് – 3
ഗോണ്‍സാലോ റാമോസ് – 3
അതേസമയം മത്സരത്തില്‍ റൊണാള്‍ഡോക്ക് പുറമെ ന്യൂനോ മെന്‍ഡസ് ഒരു തകര്‍പ്പന്‍ ഫ്രീ കിക്കിലൂടെ പോര്‍ച്ചുഗലിന് ലീഡ് സമ്മാനിച്ചപ്പോള്‍ റാഫേല്‍ ലിയോയും ലക്ഷ്യം കണ്ടു. അബ്ദുവോഹിദ് നിമാറ്റോവിന്റെ ഓണ്‍ ഗോളും ഉസ്ബക്കിസ്താന് തിരിച്ചടിയായി.
മത്സരത്തില്‍ ബോള്‍ പൊസഷനിലും ഷോട്ടുകളുടെ എണ്ണത്തിലും എതിരാളികളുടെ മുകളില്‍ വലിയ ആധിപത്യം സ്ഥാപിച്ചാണ് റൊണാള്‍ഡോയും സംഘവും മുന്നേറിയത്. ജൂണ്‍ 28നാണ് പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനിറങ്ങുന്നത്.
മയാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കൊളംബിയയാണ് പറങ്കിപ്പടയുടെ എതിരാളികള്‍. ഈ മത്സരവും വിജയിച്ചുകൊണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാരാവാനാവും പോര്‍ച്ചുഗല്‍ ലക്ഷ്യം വെക്കുക.
Content Highlight: Cristiano Ronaldo become all time top scorer for Portugal in world cup