2026 ഫിഫ ലോകകപ്പില്‍ ശക്തരായ പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചിരിക്കുകയാണ്. ടൊറന്റോ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ക്രൊയേഷ്യയെ തകര്‍ത്താണ് ടീമിന്റെ കുതിപ്പ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പറങ്കിപ്പട വിജയം സ്വന്തമാക്കിയത്.
ഒരു ഗോളിന് പിന്നില്‍ നിന്നതിന് ശേഷമാണ് പോര്‍ച്ചുഗലിന്റെ തിരിച്ചുവരവ്. നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ടീമിന്റെ സമനില ഗോള്‍ സ്‌കോര്‍ ചെയ്തത്.
മത്സരത്തില്‍ പോര്‍ച്ചുഗലിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി റോണോ പിഴവുകള്‍ ഒന്നും വരുത്താതെ വലയിലെത്തിക്കുകയിരുന്നു. 68ാം മിനിട്ടിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം.
ഇതോടെ ഒരു സൂപ്പര്‍ നേട്ടവും റോണോ തന്റെ പേരില്‍ എഴുതി. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഫിഫ പുരുഷ ലോകകപ്പിലും യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലുമായി 25+ ഗോളുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് പോര്‍ച്ചുഗല്‍ നായകന്‍ നേടിയെടുത്തത്.
ക്രൊയേഷ്യക്കെതിരെ ഗോള്‍ അടിച്ചതോടെ റോണോ ലോകകപ്പിലെ തന്റെ ഗോള്‍ നേട്ടം 11 ആക്കി ഉയര്‍ത്തിയിരുന്നു. 2006, 2010, 2014, 2022 ലോകകപ്പുകളില്‍ ഓരോ ഗോളും 2018ല്‍ നാല് ഗോളുകളും താരം അടിച്ചത്. ഈ ലോകകപ്പില്‍ ഇതുവരെ 41കാരന്‍ മൂന്ന് തവണ വലകുലുക്കി.
യൂറോ ചാമ്പ്യന്‍ഷിപ്പുകളില്‍ 14 ഗോളുകളാണ് റോണോ നേടിയത്. 2004 യൂറോയില്‍ രണ്ട് ഗോളടിച്ച താരം 2008ല്‍ ഒരു ഗോളും അടിച്ചു. 2012ലും 2016ലും മൂന്ന് വീതം ഗോളുകളും പോര്‍ച്ചുഗല്‍ ഇതിഹാസം സ്‌കോര്‍ ചെയ്തു. 2020 യൂറോയില്‍ താരം അഞ്ച് തവണയാണ് വല കുലുക്കിയത്.
അതേസമയം, മത്സരത്തില്‍ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ക്രൊയേഷ്യ ലീഡെടുത്തു. 53ാം മിനിട്ടില്‍ ഇവാന്‍ പെരിസിച്ചാണ് ഗോള്‍ സ്‌കോര്‍ ചെയ്തത്.
15 മിനിട്ടുകള്‍ക്കകം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പെനാല്‍റ്റി ഗോള്‍ പിറന്നതോടെ പോര്‍ച്ചുഗല്‍ സമനില പിടിച്ചു. ഒടുവില്‍ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ പോര്‍ച്ചുഗല്‍ വിജയഗോള്‍ നേടി. 90+ 4ാം മിനിട്ടില്‍ ഗോണ്‍സാലോ റാമോസ് ഹെഡറിലൂടെയായിരുന്നു ടീമിന് രണ്ടാം ഗോള്‍ സമ്മാനിച്ചു. റാഫേല്‍ ലിയോയുടെ വകയായിരുന്നു അസിസ്റ്റ്.
Content Highlight: Cristiano Ronaldo became first player in football history to score 25+ goals across the Men’s World Cup and European Championships