2026 ഫിഫ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് പോര്‍ച്ചുഗലും ക്രൊയേഷ്യയും വമ്പന്‍ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്. നാളെ ഇന്ത്യന്‍ സമയം രാവിലെ 4.30നാണ് പോരാട്ടം നടക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലൂക്ക മോഡ്രിച്ചും നേര്‍ക്കുനേര്‍ എത്തുന്ന മത്സരമെന്ന പ്രത്യേകതയും ഈ പോരാട്ടത്തിനുണ്ട്.
റയല്‍ മാഡ്രിഡില്‍ ഒരുകാലത്ത് സഹതാരങ്ങളായിരുന്ന ഇരു താരങ്ങളും ലോകകപ്പിന്റെ വിശ്വവേദിയില്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ അന്തിമ വിജയം ആര്‍ക്കൊപ്പമാവുമെന്നും ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നുണ്ട്.
ഈ നിര്‍ണായക മത്സരത്തിന് കളമൊരുങ്ങുമ്പോള്‍ മറ്റൊരു വസ്തുത കൂടിയാണ് ചര്‍ച്ചയാവുന്നത്. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ക്രൊയേഷ്യയെ പരാജയപ്പെടുത്തിയ ടീമുകളാണ് കിരീടം നേടിയിട്ടുള്ളത്. 2018 റഷ്യന്‍ ലോകകപ്പില്‍ ക്രൊയേഷ്യയെ വീഴ്ത്തിയായിരുന്നു ഫ്രാന്‍സ് കിരീടം നേടിയത്. 4-2നായിരുന്നു ഫ്രഞ്ച് പടയുടെ വിജയം.
ഫ്രാൻസ് ഫുട്ബോൾ ടീം
2022 ഖത്തര്‍ ലോകകപ്പില്‍ കിരീടം ചൂടിയ അര്‍ജന്റീനയും ക്രൊയേഷ്യയെ പരാജയപ്പെടുത്തിയിരുന്നു. സെമി ഫൈനലിലായിരുന്നു ക്രൊയേഷ്യ വീണത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ വിജയം. ആ ലോകകപ്പില്‍ ക്രൊയേഷ്യ മൂന്നാം സ്ഥാനക്കാരായാണ് മടങ്ങിയത്. ലൂസേഴ്‌സ് ഫൈനലില്‍ മൊറോക്കൊയെ തോല്‍പ്പിച്ചായിരുന്നു ക്രൊയേഷ്യ മൂന്നാം സ്ഥാനത്തെത്തിയത്.
അർജന്റീന ഫുട്ബോൾ ടീം
ഇപ്പോള്‍ ഈ ലോകകപ്പില്‍ ക്രൊയേഷ്യ പോര്‍ച്ചുഗലിന്റെ മുന്നിലാണ് എത്തി നില്‍ക്കുന്നത്. പോര്‍ച്ചുഗല്‍ ക്രൊയേഷ്യയെ മറികടന്നാല്‍ കിരീടം റൊണാള്‍ഡോയും സംഘവും സ്വന്തമാക്കുമെന്ന ചര്‍ച്ചയും ആരാധകര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്.
അതേസമയം ഗ്രൂപ്പ് കെ-യില്‍ രണ്ടാം സ്ഥാനക്കാരായാണ് പോര്‍ച്ചുഗല്‍ റൗണ്ട് ഓഫ് 32ലേക്ക് കടന്നത്. മൂന്ന് മത്സരങ്ങളില്‍ നിന്നും ഒരു ജയവും രണ്ട് സമനിലയുമടക്കം അഞ്ച് പോയിന്റായിരുന്നു ഗ്രൂപ്പ് ഘട്ടത്തില്‍ പോര്‍ച്ചുഗല്‍ സ്വന്തമാക്കിയത്.
ആദ്യ മത്സരത്തില്‍ ഡി.ആര്‍ കോംഗോയോട് സമനിലയില്‍ കുടുങ്ങിയ പറങ്കിപ്പട രണ്ടാം മത്സരത്തില്‍ ഉസ്ബെക്കിസ്ഥാനെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് തിരിച്ചു വന്നത്. എന്നാല്‍ അവസാന മത്സരത്തില്‍ കൊളംബിയയോട് പോര്‍ച്ചുഗല്‍ സമനില വഴങ്ങി.
മറുഭാഗത്ത് ഗ്രൂപ്പ് എല്ലില്‍ രണ്ടാം സ്ഥാനക്കാരായാണ് ക്രോട്ടുകള്‍ റൗണ്ട് ഓഫ് 32ലെത്തിയത്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 4-2ന് പരാജയപ്പെട്ട മോഡ്രിച്ചും സംഘവും പിന്നീട് പനാമയെയും ഘാനയെയും തകര്‍ത്താണ് തിരിച്ചുവരവ് നടത്തിയത്.
Content Highlight: Cristiano Ronaldo and Portugal’s chances of winning the 2026 FIFA World Cup